പാനൂര്‍ സ്‌ഫോടനം: സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

പാനൂര്‍: പാനൂര്‍ സ്‌ഫോടനക്കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. പാനൂരിനടുത്ത് ഈസ്റ്റ് ചെറ്റക്കണ്ടിയില്‍ ബോംബ് നിര്‍മ്മാണത്തിനിടെ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ മരിച്ച സംഭവത്തിലാണ് ഒരു ബ്രാഞ്ച് സെക്രട്ടറി കൂടി അറസ്റ്റിലായത്. തെക്കുംമുറി ബ്രാഞ്ച് സെക്രട്ടറി മീത്തലെ ചെറുമംഗലത്ത് എംസി.വിനു(38)വിനെയാണ് പാനൂര്‍ സിഐ.അനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്. സ്‌ഫോടനത്തില്‍ നേരിട്ടു പങ്കെടുത്ത ഇയാള്‍ സ്‌ഫോടനം നടക്കുന്നതിന് കുറച്ചുസമയം മുന്‍പ് പുറത്തേക്ക് പോകുകയായിരുന്നു. കേസില്‍ ഏഴാം പ്രതിയാണ് വിനു. ഒരു വനിതാനേതാവടക്കം എട്ടു പേര്‍ നിലവില്‍ കേസില്‍ പ്രതികളായിട്ടുണ്ട്. ബോംബ് നിര്‍മ്മാണത്തിലെ ആസൂത്രണത്തില്‍ പങ്കെടുത്ത പൊയിലൂര്‍ ലോക്കല്‍ കമ്മറ്റി അംഗം വിളക്കോട്ടൂരിലെ ബിജിത്ത്‌ലാല്‍, ചേലക്കാട് ബ്രാഞ്ച് സെക്രട്ടറി വൃത്തിക്കമാക്കൂല്‍ ചന്ദ്രന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തെളിവ് നശിപ്പിച്ചതിന് മഹിളാ അസോസിയേഷന്‍ നേതാവും എകെജി നഗര്‍ ബ്രാഞ്ച് കമ്മറ്റി അംഗവുമായ കുനിയില്‍ നിര്‍മ്മലയും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. നാടിനെ നടുക്കിയ സ്‌ഫോടനത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ശുദ്ധനുണയ്ക്ക് എതിരായി നേതാക്കള്‍ പിടിയിലായതോടെ കളളം പൊളിഞ്ഞിരിക്കുകയാണ്. വിനുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ 6 നാണ് ഈസ്റ്റ്‌ചെറ്റക്കണ്ടി കക്രോട്ടുകുന്നില്‍ ബോംബ് നിര്‍മ്മാണത്തിനിടെ നടന്ന സ്‌ഫോടനത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തത്.

© 2024 Live Kerala News. All Rights Reserved.