കമ്മട്ടിപ്പാടം അഥവാ അതിജീവനപോരാട്ടത്തിനിടെ ചോരചിന്തിയ ചെളിക്കണ്ടം

രതീഷ് വാസുദേവന്‍

ratheesh
മനുഷ്യത്വവിരുദ്ധവും പ്രകൃതിവിരുദ്ധവുമായ വികസനസങ്കല്‍പ്പങ്ങള്‍ കെട്ടിപടുക്കുമ്പോള്‍ അതിനിടയില്‍ ഞെരിഞ്ഞമരുന്ന ജീവിതങ്ങളുടെ നേര്‍ക്കാഴ്ച്ചയാണ് രാജീവ് രവിയുടെ കമ്മട്ടിപ്പാടം. അടിച്ചമര്‍ത്തപ്പെടുന്ന രാഷ്ട്രീയം കൃത്യമായി രേഖപ്പെടുത്തുന്നതില്‍ രാജീവ് രവിയും കൂട്ടരും വിജയിച്ചുവെന്ന്തന്നെ വേണം പറയാന്‍. ഒരു പതിവ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന്റെ ഗണത്തിലല്ല കമ്മട്ടിപ്പാടത്തിന്റെ പ്രയാണം. കൊച്ചിയുടെ പൂര്‍വകാലം പറയുന്ന ചിത്രം,എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് പിറകിലെ മൂന്ന് കാലഘട്ടങ്ങളും രേഖപ്പെടുത്തുന്നു. നഗരസഭയായി വളരാന്‍ ചോരച്ചാലുകള്‍ ഒഴുകിയിറങ്ങിയ കമ്മട്ടിപ്പാടത്തിലൂടെയാണ് കൃഷ്ണനും ഗംഗനും ബാലനുമൊക്കെ യാത്ര തിരിക്കുന്നത്. വികസനം എത്രത്തോളം അശ്ലീലവും ജനവിരുദ്ധവുമാണെന്ന് ചിത്രം അടിവരയിടുന്നുണ്ട്.
.

1

പഴയ ചതുപ്പുകളില്‍ നിന്ന് ഇന്നത്തെ കൊച്ചിയിലേക്കുള്ള ദൂരമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സാമൂഹ്യപരവും മനുഷ്യത്വപരവുമായ മൂല്യം നഷ്ടമാകാത്ത ഒരു സംവിധായകന് മാത്രം സാധ്യമാകുന്ന ചിത്രമാണ് കമ്മട്ടിപ്പാടം എന്നതില്‍ തര്‍ക്കമില്ല. അന്നയും റസൂലും ഞാന്‍ സ്റ്റീവ് ലോപ്പസും പോലുള്ള ചിത്രങ്ങളിലൂടെ മലയാളിയോട് സംവദിച്ച രാജീവ് രവിയുടെ ഇതുവരെയുള്ള കരിയറിലെ മികച്ച ചിത്രം തന്നെയാണ് കമ്മട്ടിപ്പാടം. റിയലിസ്റ്റിക് കഥപറയലും പശ്ചാത്തലസംഗീതത്തിന്റെ ഹൃദയഹാരിതയും മികച്ച ഫ്രയിമുകളുടെ പിന്‍ബലത്തിലാണ് ചിത്രത്തില്‍ രാജീവ് രവി ആലേഖനം ചെയ്തിട്ടുള്ളത്. ഓരോ കഥാപാത്രത്തെയും സൂക്ഷ്മതോടെ അഭ്രാപാളിയോട് സംയോജിപ്പിച്ചാണ് സംവിധായകന്‍ തന്റെ കയ്യടക്കം രേഖപ്പെടുത്തിയിരിക്കുന്നത്.
.

3

ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള വയലന്‍സ് അരോചകമാകാതെ കൊണ്ടുപോകുന്നതില്‍ രാജീവ് രവി വിജയിച്ചിരിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്റെ കൃഷ്ണന്‍ മികവുറ്റതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വിനായകന്റെ കയ്യില്‍ ഗംഗന്‍ ഭദ്രമാകുമ്പോള്‍ ഇതുവരെ ഈ നടനില്‍ നിന്ന് കാണാത്തൊരു സ്വത്വമാണ് കാഴ്ച്ചയ്ക്ക് മിഴിവേകുന്നത്. ഗ്യാംഗ് സ്റ്റാര്‍ ചിത്രങ്ങളിലെ ക്വട്ടേഷന്‍ സംഘങ്ങളിലൊരാളായി മാത്രം മലയാളി കണ്ടു മറക്കുന്ന വിനായകനെ കമ്മടിപ്പാടം ഒരിക്കലും കേവലമൊരു നിഴലായി മറച്ചുവെയ്ക്കുന്നില്ല. ബാലേട്ടനെ മികവുറ്റതാക്കിയ മണികണ്ഠന്റെ പ്രകടനവും ചിത്രത്തിന് മുതല്‍കൂട്ടാവുന്നു. ചോരചിന്തിയ പാടങ്ങളില്‍ ഉറഞ്ഞുനില്‍ക്കുന്ന ചെളിയില്‍ ചവിട്ടിയാണ് അവര്‍ പ്രതികാരത്തിന്റെ പുതിയ അധ്യായങ്ങള്‍ രചിക്കുന്നത്. ഭൂമിയില്ലായ്മയും അടിച്ചമര്‍ത്തപ്പെടലും ജാതീയമായ അവഹേളനവുംമെല്ലാം ചെറുക്കുന്ന ദളിത് ആക്ടിവിസത്തിന് ഊര്‍ജ്ജം നല്‍കുന്നതില്‍ രാജീവ് രവിയോളം സംഭാവന ചെയ്ത ഒരു സിനിമാ സംവിധായകന്‍ ഈ തലമുറയിലുണ്ടാകില്ലെന്ന് കമ്മട്ടിപ്പാടം എന്ന ഒറ്റചിത്രംകൊണ്ട് വ്യക്തമാണ്. പി ബാലചന്ദ്രന്റെ ഉള്‍ക്കരുത്തുള്ള തിരക്കഥയാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. മധു നീലകണ്ഠന്റെ കാമറ പതിവ് കൊല്ലിക്കാഴ്ച്ചകളില്‍ നിന്ന് തെന്നിമാറി പുതിയൊരു ജീവിതക്രമത്തിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്നു.

5
ദുല്‍ഖര്‍ സല്‍മാന്റെ സംഭാഷണത്തിലെ നാടകീയത പലപ്പോഴും അലോസരമുണ്ടാക്കുന്നതായി പ്രേക്ഷകന് തോന്നുമെങ്കിലും പിന്നീടുള്ള ഓരോ സീനിലും വ്യത്യസ്ഥമായ വഴികളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഭൂവുടമയുടെ ചെറുത്തുനില്‍പ്പില്‍ നിന്നാണ് കുട്ടിക്കാലത്ത് കൃഷ്ണനും ഗംഗനും അനിതയും ബാലനും പ്രത്യാക്രമണത്തിലൂടെ പുതിയ വഴികള്‍ തേടുന്നത്. കുത്തേറ്റവന്റെ ചിതറിയ ഓര്‍മ്മകളില്‍ നിന്ന് തുടങ്ങുന്ന ചിത്രത്തിന്റെ ഫ് ളാഷ് ബാക്കിന് എഡിറ്റര്‍ ബി അജിത് കുമാറിന്റെ കത്രിക ലക്ഷ്യംതെറ്റാതെ നീങ്ങുന്നുണ്ട്. പ്രമേയത്തിലെ വ്യത്യസ്തതയും ട്രീറ്റ് മെന്റിലെ അസാധാരണമായ കയ്യടക്കവുമാണ് കമ്മട്ടിപ്പാടത്തിന്റെ വിജയഫോര്‍മുല. പുതിയ കാലത്തിന്റെ അതീജീവനപോരാട്ടങ്ങളെ നെഞ്ചോട് ചേര്‍ത്ത് ഈ ചിത്രത്തിന് ധൈര്യമായിത്തന്നെ ടിക്കറ്റെടുക്കാം.