നടന്‍ സുരേഷ്‌ഗോപിയുടെ മകള്‍ പാട്ടിന്റെ വഴിയിലേക്ക്; ഗാനം യൂ ട്യൂബില്‍ വന്‍ ഹിറ്റ്

കൊച്ചി: സിനിമ നടനും രാജ്യസഭാംഗവുമായ സുരേഷ്‌ഗോപിയുടെ മകള്‍ ഭാഗ്യ പാട്ടിന്റെ വഴിയിലേക്ക് വരുന്നു.മകന്‍ ഗോകുല്‍ പിതാവിന്റെ പാരമ്പര്യം ഏറ്റെടുത്ത് സിനിമയില്‍ എത്തിയപ്പോള്‍ ഭാഗ്യ തെരഞ്ഞെടുത്തത് പിന്നണിഗായിക കൂടിയായ മാതാവിന്റെ പാരമ്പര്യമാണ്. പ്രമുഖ ഇംഗ്ലീഷ് ഗായിക അഡേല്‍ ലൗറിയ ബഌ അഡകിന്‍സിന്റെ കഴിഞ്ഞ വര്‍ഷത്തെ ഹിറ്റായ 25 ആല്‍ബത്തിലെ ഹെലോ എന്ന ഗാനത്തിന് ഭാഗ്യ പാടുന്ന കവര്‍ വെര്‍ഷന്‍ വീഡിയോ ഇപ്പോള്‍ യൂ ട്യൂബില്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. വെറും നാലു ദിവസം കൊണ്ട് വീഡിയോ യൂട്യൂബില്‍ കണ്ടത് മുപ്പതിനായിരം പേരാണ്. വീഡിയോ വ്യാപകമായി ഇഷ്ടപ്പെടുകയും ഷെയര്‍ ചെയ്യപ്പെടുകയും ചെയ്യുന്നതിന്റെ സന്തോഷം 25,000 പേര്‍ കഴിഞ്ഞപ്പോള്‍ തന്നെ ഭാഗ്യ ഫേസ്ബുക്ക് വഴി പങ്കുവെച്ചിരുന്നു. അതേസമയം ഇത് രണ്ടാമത്തെ തവണയാണ് പാട്ടിലുള്ള തന്റെ കഴിവ് ഭാഗ്യ തെളിയിക്കുന്നത്. നേരത്തേ സ്വന്തമായി എഴുതി സംഗീതം കൊടുത്ത് ഒരു ഷോര്‍ട്ട്ഫിലിമിനായി ഭാഗ്യ പാടിയിരുന്നു.