ഒമാന്‍ ദേശീയ മ്യൂസിയം ഈവര്‍ഷം അവസാനം ഉദ്ഘാടനം ചെയ്യും

മസ്‌കത്ത്: ഒമാന്റെ വര്‍ണാഭമായ ചരിത്രവും പൈതൃകവും വിളിച്ചോതുന്ന ഒമാന്‍ ദേശീയ മ്യൂസിയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഈവര്‍ഷം അവസാനം. ഒമാന്റെ സമ്പന്നമായ പൈതൃകങ്ങളും സമ്പുഷ്ടമായ സാംസ്‌കാരിക ചരിത്രവും സന്ദര്‍ശകര്‍ക്ക് പകര്‍ന്നുനല്‍കാനും മ്യൂസിയം ഏറെ സഹായകമാവും. ഒമാന്റെ ഉദാത്ത മൂല്യങ്ങളും സാംസ്‌കാരിക പൈതൃകങ്ങളും ജനങ്ങളിലത്തെിക്കാനും അവയെക്കുറിച്ച് സന്ദര്‍ശകരെ ബോധവാന്മാരാക്കാനും മ്യൂസിയം സഹായിക്കും. ചരിത്രപാരമ്പര്യത്തിന് തെളിവായ അവശിഷ്ടങ്ങളും ബാക്കിപത്രങ്ങളും സംരക്ഷിക്കാനും ജനങ്ങളിലത്തെിക്കാനും ലക്ഷ്യമിട്ടാണ് മ്യൂസിയം പ്രവര്‍ത്തിക്കുക.
കഴിഞ്ഞവര്‍ഷം നവംബര്‍ 23നാണ് മ്യൂസിയത്തിന്റെ ലോഗോ പ്രകാശനം ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ ഇവ പരീക്ഷണാര്‍ഥത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു. അപൂര്‍വ വസ്തുക്കളുടെ ശേഖരണവും സംരക്ഷണവും അടക്കമുള്ളവ കഴിഞ്ഞവര്‍ഷം മുതല്‍തന്നെ ആരംഭിച്ചിരുന്നു. മ്യൂസിയം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നതോടെ സന്ദര്‍ശകര്‍ക്കും പൊതുജനങ്ങള്‍ക്കും ഒമാന്റെ സംസ്‌കാരവും പൈതൃകവും അടുത്തറിയാനാവും.
ഏറെ സാംസ്‌കാരിക പൈതൃകമുള്ള രാജ്യമാണ് ഒമാന്‍. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് തന്നെ ഒമാനില്‍ ജനവാസവും സംസ്‌കാരവുമുണ്ടായിരുന്നു. പുരാതന കാലം മുതല്‍ക്ക് തന്നെ ഒമാന് മറ്റ് രാജ്യങ്ങളുമായി വ്യാപാര ബന്ധങ്ങളുമുണ്ടായിരുന്നു. ഒമാന്റെ ചില തീരദേശങ്ങള്‍ പുരാതന കാലം മുതലേ യാത്രാ, ചരക്ക് തുറമുഖമായും ഹബ്ബായും ഉപയോഗപ്പെടുത്തിയിരുന്നു. ഇത്തരം മഹത്തായ പൈതൃകത്തിന്റെ രേഖകളും അവശിഷ്ടങ്ങളും പലരുടെയും കൈയിലുണ്ട്. ഇവ ശേഖരിക്കുകയും പൊതുജങ്ങള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യുന്ന പദ്ധതിയും നടക്കുന്നുണ്ട്. ഒമാന്റെ ചരിത്രവും സംസ്‌കാരവും പൈതൃകവും സംരക്ഷിക്കുന്നതില്‍ ഒമാന്‍ സര്‍ക്കാര്‍ വന്‍ താല്‍പര്യമാണ് കാണിക്കുന്നത്. പരമ്പരാഗത കലകള്‍ക്കും കൈത്തൊഴിലുകള്‍ക്കും മറ്റും വന്‍ പ്രോത്സാഹനമാണ് ഒമാന്‍ നല്‍കുന്നത്. പഴയകാല സ്മാരകങ്ങളും കോട്ടകളും സംരക്ഷിക്കുന്നതിന് ദശലണക്കിന് റിയാലാണ് ഒമാന്‍ ചെലവിടുന്നത്. അതിനാല്‍ തന്നെ പല സ്മാരകങ്ങളും വേള്‍ഡ് ഹെറിറ്റേജ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും ഒമാന് കഴിഞ്ഞിട്ടുണ്ട്

© 2024 Live Kerala News. All Rights Reserved.