പിണങ്ങല്ലേ പിണറായിയും മിന്നല്‍ പിണറായിയും

വിവാദങ്ങളിലൂടെ സഞ്ചരിച്ച പിണറായി വിജയന്‍ മാധ്യമങ്ങളെ നേരിട്ട രീതിയും മാധ്യമങ്ങള്‍ അദേഹത്തെ നേരിട്ട രീതികളും പ്രമുഖ മാധ്യമപ്രവര്‍ത്തകനായ  ബി.ദലീപ്കുമാര്‍ പങ്കുവെയ്ക്കുന്നു

dil
2005 ലെ സിപിഎം മലപ്പുറം സംസ്ഥാന സമ്മേളനത്തിന് തൊട്ടുമുന്പ് കലാകൗമുദി വാരികയുടെ കവര്‍‌സ്റ്റോറിയുടെ തലക്കെട്ട് ‘പിണങ്ങല്ലേ പിണറായീ ..’ എന്നായിരുന്നു . പിണറായിയില്‍ നിന്നും മലപ്പുറം വഴി പിണറായിയിലേക്ക് എന്ന് അനുബന്ധ വാചകവും നല്കി. മലപ്പുറം സമ്മേളനത്തോടെ പിണറായി വീട്ടിലിരിക്കേണ്ടി വരും എന്നായിരുന്നു കലാകൗമുദി കരുതിയത്. പക്ഷെ കലാകൗമുദിയുടെ കണക്കു കൂട്ടല്‍ തെറ്റി. സിപിഎമ്മില്‍ പിണറായി യുഗത്തിന് മലപ്പുറം സമ്മേളനം നാന്ദികുറിച്ചു .അന്നത്തെ കവര്‍ സ്റ്റോറിക്ക് കലാകൗമുദിക്കും ലേഖകനും മറുപടി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലെ പൊതുയോഗത്തിലാണ് പിണറായി നല്കിയത്.
പിണറായി വിജയന്‍ വീണ്ടും സംസ്ഥാന സെക്രട്ടറി ആയപ്പോള്‍ , അതുവരെ പ്രതിനിധികളുടെ കണക്കെടുത്തും മനസ്സളന്നെന്നു തോന്നിച്ചും വാര്‍ത്ത എഴുതിയ മനോരമ ഒന്നാം പേജില്‍ വലിയ തലക്കെട്ട് നല്‍കി ‘ വിജയന്‍ മിന്നല്‍ പിണറായി ‘
ഇങ്ങനെ ഇണങ്ങിയും അതിലേറെ അകല്‍ച്ച പാലിച്ചും മാധ്യമങ്ങളും പിണറായിയും കടന്നുപോയ കാലങ്ങള്‍ . അക്കാലത്തെ ചില കാര്യങ്ങള്‍ മാത്രമാണ് ഈ കുറിപ്പ് . സിപിഎം വിഭാഗീയതയുമായി ബന്ധപ്പെട്ടു തുടരന്‍ വാര്‍ത്തകള്‍ വരുന്നതിനിടെയാണ് മാധ്യമ സിണ്ടിക്കേറ്റ് എന്ന എന്ന ആരോപണവുമായി പിണറായി വരുന്നത്, . മാധ്യമ സിണ്ടിക്കേറ്റിന് സിഐഎ ബന്ധം , വിദേശ സഹായം എന്നിങ്ങനെ ആരോപിച്ച് സിപിഎം നേതാക്കള്‍ ഈ വാക്ക് കൂടുതല്‍ കടുപ്പിച്ചു. നിഗൂഡമായ താത്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ തെറ്റായ വാര്‍ത്തകള്‍ ചമക്കുന്നതിനുള്ള ബോധപൂര്‍വമായ കൂട്ടായ്മയെ ആണ് മാധ്യമ സിണ്ടിക്കേറ്റ് എന്ന പദം കൊണ്ട് താന്‍ വിവക്ഷിക്കുന്നതെന്ന് പിന്നീട് ദേശാഭിമാനി വാരികയില്‍ എന്‍ മാധവന്‍ കുട്ടി നടത്തിയ അഭിമുഖത്തില്‍ പിണറായി വിശദീകരിച്ചു. മാധ്യമ സിണ്ടിക്കേറ്റിനെ പിണറായിയുടെ ചുവടു പിടിച്ചു പ്ലാന്റെഷന്‍ കോര്‍പറേഷന്‍ എന്ന് സെബാസ്റ്റ്യന്‍ പോള്‍ വിളിച്ചു. മാധ്യമ സിണ്ടിക്കേറ്റ് എന്ന് ആക്ഷേപിക്കുന്നവര്‍ മാധ്യമങ്ങളെ ആശ്രയിക്കുന്നു എന്ന് വിഎസ് പറഞ്ഞതും വിവാദമായി.

p12

മാധ്യമ സിണ്ടിക്കേറ്റ് വിവാദ കാലത്താണ് എടോ ഗോപാലകൃഷ്ണാ പ്രസംഗം .
പിണറായിയുടെ പ്രസംഗമെന്നാല്‍ എടോ ഗോപാലകൃഷ്ണാ ആയിരുന്നു ദൃശ്യമാധ്യമങ്ങളില്‍ കുറേക്കാലം.
കോഴിക്കോട് കൂത്തുകല്ലില്‍ സി സി എം നടേലം ബ്രാഞ്ച് കമ്മറ്റി നിര്‍മ്മിച്ച എ. വി. അഹമ്മത്കോയ സ്മരക മന്ദിരം ഉല്‍ഘാടനം ചെയ്ത്നടത്തിയ പ്രസംഗത്തിലാണ്ആ വാക്കുകള്‍ . പ്രസംഗം ഇങ്ങനെ : കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ പത്രമേലധികാരികള്‍ കേരളത്തില്‍ ഉണ്ടായിരുന്നു.എന്നാല്‍ മാതൃഭൂമിയില്‍ ഇപ്പോഴൊരു ഗോപാലകൃഷ്ണനുണ്ട്. താനെന്താ കരുതിയത് ? നാല് എഴുത്ത് എഴുതിയാല്‍ സി പി എം ചടുപിടോന്ന് തകരുമെന്ന് കരുതിയോടോ ഗോപാലകൃഷ്ണാ ?. താന്‍ ഏതുനാട്ടിലാണ് ജിവിച്ചത് ?.കുറെക്കാലം കേരളത്തില്‍ ഉണ്ടായിരുന്നല്ലോ?.എന്താണ് പാര്‍ട്ടിയെക്കുറിച്ച് ധരിച്ചത് ?.അങ്ങിനെ പറയാന്‍ പാടുണ്ടോ പത്രാധിപരെക്കുറിച്ച് ?. പത്രാധിപകര്‍ക്ക് പാര്‍ട്ടിയെക്കുറിച്ച് എന്തും പറയാം.പത്രാധിപരെക്കുറിച്ച് ഒന്നും പറഞ്ഞുകൂടാ .
പാലോളി,വി.എസ്, ഇ.പി.ജയരാജന്‍, കോടിയേരി, പിന്നെ ഞാനും കത്തിയും ബോംബുമായി നടക്കുന്നവരാണെന്ന് എഴുതി. എടോ ഗോപാലകൃഷ്ണാ, കത്തികണ്ടാല്‍ ഭയപ്പെടുന്നവരല്ല ഞങ്ങള്‍. ഒരുപാട് കത്തികള്‍ പല വഴിക്ക് വരുമ്പോള്‍ ആ വഴി നടന്നവരാണ് ഞങ്ങള്‍.മനസ്സിലാക്കൂ ഗോപാലകൃഷ്ണാ. ഇതുപറയുമ്പോള്‍ അതില്‍ അഹങ്കാരത്തിന്റെയോ അവമതിയുടെയോ കടുകുമണിത്തൂക്കം പോലുമില്ല.പഴയ ചരിത്രം പരിശോധിച്ചുനോക്കൂ, അപ്പോള്‍ മനസ്സിലാകും. താന്‍ എന്ത് കണക്കാക്കിയാണ് പാര്‍ട്ടിക്ക് എതിരായി എഴുതിയത്?. തനിക്ക് പാര്‍ട്ടിയെ ആകെ അവമതിക്കണം.അപ്പോള്‍ അങ്ങിനെ പറയണം സുഹൃത്തേ ?. ഇതാണൊ പത്രാധിപര്‍ ചെയ്യേണ്ടത്?. പത്രാധിപരായാല്‍ പത്രാധിപരുടെ സ്ഥാനത്തിരുന്ന് പറയണം.അത് ഞങ്ങള്‍ അംഗീകരിക്കും.വീഴ്ച ചൂണ്ടിക്കാട്ടിയാല്‍ അംഗീകരിക്കും.സ്വയം പരിശോധനയില്‍ തെറ്റെന്ന് കണ്ടെത്തിയ സംഭവം നാട്ടുകാരോട് പാര്‍ട്ടി പറഞ്ഞു.ഇതാണ് രാഷ്ട്രീയ സത്യസന്ധത . പാര്‍ലമന്റ്.അസംബ്ലി തിരെഞ്ഞെടുപ്പുകളില്‍ ചരിത്രവിജയം നേടിയ പാര്‍ട്ടിയാണ് സി പി എം. ഗോപാലകൃഷ്ണന്റെ ഭാഷയില്‍ പറഞ്ഞാല്‍ കത്തിയും കൊണ്ട് അധികാരത്തിലും നേതൃത്വത്തിലും എത്തിയവരുടെ പാര്‍ട്ടി. ഈ പ്രസംഗത്തിന്റെ അലയൊലി കേരള രാഷ്ട്രീയത്തില്‍ ഏറെക്കാലം നിലനിന്നു. ഏതായാലും പിന്നീട് കെ ഗോപാലകൃഷ്ണന്‍ മാതൃഭൂമി പത്രാധിപര് സ്ഥാനത്ത് നിന്നും മാറി. പത്രം ഉടമ യുഡിഎഫിലും ആയി.വിഎസ് -പിണറായി തര്‍ക്കം ശക്തമായി . ഇതിനിടെയാണ് ബക്കറ്റ്- വെള്ളം പരാമര്‍ശം .

pi 1
ബക്കറ്റും വെള്ളവും പിണറായിയുടെ ഉപമ മാത്രമല്ല നിരന്തരം പാര്ട്ടി അച്ചടക്കം ലംഘിച്ച വി എസിനുള്ള മറുപടി കൂടി ആയിരുന്നു . നവകേരള മാര്‍ച്ചിന്റെ സമാപന ചടങ്ങില്‍ ആയിരുന്നു പിണറായിയുടെ ഉപമ . പാര്‍ട്ടിയില്‍ നില്‍ക്കുമ്പോള്‍ മാത്രമേ ഒരു കമ്യൂണിസ്റ്റുകാരന് ശക്തിയുള്ളൂ . മുദ്രാവാക്യം വിളി കേട്ട് മയങ്ങി താന്‍ ഏറെ വ്യത്യസ്തനാണ് എന്ന് ഒരു കമ്യൂണിസ്റ്റുകാരന്‍ ധരിച്ചു പോയാല്‍ അത് പതനത്തിന്റെ തുടക്കമാണെന്ന് പിണറായി പറഞ്ഞു. ഒരു ഉറുദു കവിതയുണ്ട്. അതില്‍, കടല്‍ കാണാന്‍ ഒരു ചെറിയ കുട്ടി എത്തുന്നു. തിരമാലകള്‍ ആഞ്ഞടിക്കുകയാണ്. അതുകണ്ട് കുട്ടി ഒരു ബക്കറ്റ് എടുത്തു വന്നു. അതില്‍ വെള്ളം നിറച്ച ശേഷം മാറി നിന്നു നോക്കി. തിരയടിക്കുന്നില്ല. ബക്കറ്റില്‍ എന്താണ് തിരയടിക്കാത്തതെന്ന് കുട്ടിക്ക് സംശയമായി. അപ്പോള്‍ വെള്ളം പറഞ്ഞു – ”കുട്ടീ, കടലിന്റെ ഭാഗമായിരിക്കുമ്പോള്‍ മാത്രമേ എനിക്ക് ശക്തിയുള്ളൂ. അല്ലാത്തപ്പോള്‍ ഞാന്‍ കെട്ടിക്കിടക്കുന്ന വെള്ളമാണ്”.ഞങ്ങളുടെ എല്ലാവരുടെയും ശക്തി ഈ പ്രസ്ഥാനമാകുന്ന സമുദ്രത്തിന്റെ മാര്‍ത്തട്ടിനോട് ചേര്‍ന്നു നില്‍ക്കുമ്പോഴാണ് എന്ന് മനസ്സിലാക്കുക.” പിണറായിയുടെ അന്നത്തെ മറുപടി ആര്‍ക്കെന്ന് രാഷ്ട്രീയ കേരളത്തിന് വ്യക്തമായിരുന്നു. താമരശ്ശേരി ബിഷപ്പിനെ നികൃഷ്ഠജീവി എന്ന് വിശേഷിപ്പിച്ചത്,. ടിപി ചന്ദ്രശേഖരന്‍ അടക്കം ഒഞ്ചിയത്തെ വിമതരെ കുലം കുത്തികള്‍ എന്ന് വിളിച്ചത് , എന്‍ കെ പ്രേമചന്ദ്രനെ പരനാറി എന്ന് ആക്ഷേപിച്ചത് . പിണറായിയുടെ പദാവലി അങ്ങനെ സമ്പന്നമായിരുന്നു. സിപിഎമ്മിന്റെ കോട്ടയം സംസ്ഥാന സമ്മേളന സമാപനത്തില്‍ കുപ്പി വലിച്ചെറിഞ്ഞും മറ്റും സദസ്സിനു മുന്‍നിരയില്‍ മുദ്രാവാക്യം വിളിച്ചു നിന്ന ആളുകളോട് സഖാക്കളെ, ഇവിടെ ഉഷ ഉതുപ്പിന്റെ പരിപാടിയൊന്നുമല്ല നടക്കുന്നത്. ഇത് സി പി ഐ എമ്മിന്റെ സമ്മേളനം ആണ് എന്ന് പിണറായി പറഞ്ഞതിനും കാമറകള്‍ സാക്ഷി.

p5

മൂന്നാര്‍ ഒഴിപ്പിക്കലിനെ തുടര്‍ന്ന് വിഎസിന് താരപരിവേഷം കൂടിയ നാളുകളില്‍ ഡല്‍ഹിയില്‍ സിപിഎം കേന്ദ്രകമ്മിറ്റി ചേരുന്നു. വിഎസും പിണറായിയും ഒരേ വിമാനത്തിലാണ് ഡല്‍ഹിക്കു വരുന്നത് . കേരള ഹൗസില്‍ എത്തുന്ന വി എസിന് അഭിവാദ്യം അര്‍പ്പിക്കാന്‍ എന്‍ ജി ഒ യൂണിയനിലെ ചിലര്‍ തീരുമാനിച്ചു. വി എസിന് പിന്നാലെ കേരള ഹൗസില്‍ എത്തുന്ന പിണറായി ഈ അഭിവാദ്യം കാണണം എന്നതായിരുന്നു അവരുടെ ലക്ഷ്യം. അഭിവാദ്യം അര്‍പ്പിക്കാന്‍ ജീവനക്കാര്‍ നില്‍പ്പുണ്ടെന്ന വിവരം വഴിമധ്യേ പിണറായി അറിഞ്ഞു. കാര്‍ വിപി ഹൗസിലെ കെകെ രാഗേഷിന്റെ ഫ്‌ലാറ്റിലേക്ക് വിട്ടു. കേരള ഹൗസിലെ ആരവം ഒഴിഞ്ഞ ശേഷമാണ് പിണറായി വന്നത്. വിഎസിന് സിന്ദാബാദ് വിളിച്ച രാജീവ് എന്ന ജീവനക്കാരന്‍ എതിരെ വരുന്നു. നീയാണല്ലേ മുദ്രാവാക്യം വിളിച്ചത് എന്ന് പിണറായിയുടെ ചോദ്യം . നിന്നോടാരാ പറഞ്ഞത് മമ്മൂട്ടി കയ്യേറിയെന്ന് ? വായില്‍ വരുന്നത് കോതക്ക് പാട്ട് അല്ലേ. ചുറ്റും നിന്ന ക്യാമറകളെ കാര്യമാക്കാതെ പിണറായി പറഞ്ഞു. ഏതായാലും രാജീവ് ഇന്ന് ചഏഛ യൂണിയനില്‍ ഇല്ല.
കെസിബിസിയുടെ ഒരു ആരോപണത്തിന്മേല്‍ പിണറായിയുടെ പ്രതികരണം തേടിപ്പോയ ഒരു ലേഖകന്‍ മൈക്ക് നീട്ടിയപ്പോള്‍ പിണറായിയുടെ ചോദ്യം .. എന്താണ് ?
ലേഖകന്‍ : അത് ഫാദര്‍ ആലത്തറ .
പിണറായി : ആരാണ് ?
ലേഖകന്‍ : കെസിബിസി വക്താവ്
പിണറായി : ആരാണ്
ലേഖകന്‍ : ഫാദര്‍ ആലത്തറ
പിണറായി ; ആരാണ് ?
ഇങ്ങനെ ചോദ്യവും മറുപടിയുമായി കാറിനടുത്ത് വരെ ഇരുവരും നടന്നു. പ്രതികരണം മാത്രം കിട്ടിയില്ല.

p2
വിഎസിനെ പിബിയില്‍ തിരിച്ചെടുക്കുമോ എന്ന ചര്‍ച്ച സജീവമായിരുന്ന കാലം. കേന്ദ്രകമ്മിറ്റി യോഗം തീരുന്നതിനു തൊട്ടുമുന്പ് പിണറായി കേരള ഹൌസിലേക്ക് തിരിച്ചു. അവിടെ ക്യാമറാമാന്‍മാര്‍ മാത്രമേ ഉള്ളൂ. ഇതിനിടെ ഒരു പത്ര ലേഖകന്‍ അവിടെ എത്തി . പുറത്തേക്കിറങ്ങുന്ന പിണറായിയോട് എന്തോ ചോദിച്ചു. പിണറായി മറുപടി നല്കിയില്ല. പക്ഷെ അടുത്ത ദിവസം രണ്ടു പത്രങ്ങളില്‍ വാര്‍ത്ത . വിഎസ് വഴങ്ങിയതില്‍ സന്തോഷം . ഇപ്പോഴെങ്കിലും നല്ല ബുദ്ധി തോന്നിയല്ലോ എന്ന് പിണറായി പറഞ്ഞതായി. അന്ന് വൈകിട്ട് കാസര്‍ഗോഡ് പൊതുയോഗത്തില്‍ ഈ വാര്‍ത്ത നല്കിയ ലേഖകനെ പിണറായി വിശേഷിപ്പിച്ചത് ‘മാധ്യമ ചെറ്റ’ എന്നായിരുന്നു. ഒരിക്കല്‍ കേരളാ ഹൌസിലേക്ക് എത്തിയ പിണറായി മാറി നില്‍ക്ക് അങ്ങോട്ട് ..എന്ന് പറഞ്ഞു കാമറകളോട് നീരസം പ്രകടിപ്പിച്ചാണ് വന്നത് . മുകള്‍ നിലയിലേക്ക് ചവിട്ടുപടി കയറിപ്പോയ പിണറായിക്ക് പിന്നാലെ മാധ്യമ പ്രവര്ത്തകരും നീങ്ങി . പവിത്രന്‍ ചെട്ടനൊപ്പം മേലേക്ക് കയറിയ പിണറായി അതേ വേഗതയില്‍ താഴേക്കിറങ്ങി . എന്നിട്ട് മാധ്യമ പ്രവര്തകരോട് ചോദ്യം. കഴിഞ്ഞോ എടുത്തു കഴിഞ്ഞോ. അല്ലാ എല്ലാ നേരവും എടുക്കുന്നുണ്ടല്ലോ …എല്ലാ നേരവും എടുക്കുന്നോണ്ട് കുറച്ചു നേരം നിന്നു തരാം . നിങ്ങള് പറഞ്ഞിട്ട് പോകാം . കാമറകള്‍ ലൈവ് ആയി പ്രേക്ഷകരിലേക്ക് ഇതൊക്കെ എത്തിക്കുന്നു എന്നൊന്നും പിണറായിക്ക് പ്രശ്‌നമായിരുന്നില്ല. മാധ്യമ പ്രവര്ത്തന കാലത്തെ ചില പിണറായി ഓര്‍മ്മകള്‍ മാത്രമാണിത്. ഇതൊക്കെ വെറുതെ കുറിക്കണം എന്ന് തോന്നി. ജീവിച്ചിരിക്കുന്നവരുമായി കഥാപാത്രങ്ങള്ക്ക് വെറും സാമ്യമല്ല . ജീവിച്ചിരിക്കുന്നവര്‍ ആണ്. മറ്റൊരു പിണറായി കാലം വരവായി. കണിശക്കാരനായ പാര്‍ട്ടി സെക്രട്ടറി ആയല്ല. കേരള ജനതയുടെ മുഖ്യമന്ത്രി ആയി. കാത്തിരിക്കാം ആ ഭരണ കാലം വിലയിരുത്താന്‍ .. മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും ഇനിയും പിണറായിക്ക് പിന്നാലേ തന്നെ കാണും ..

© 2024 Live Kerala News. All Rights Reserved.