വിമാനം കടലില്‍ തകര്‍ന്ന് വീഴുന്നതിന് മുമ്പ് പുക ഉയര്‍ന്നു; നിമിഷങ്ങള്‍ക്കകം വിമാനം കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം അറ്റു; അട്ടിമറി സാധ്യതയും അന്വേഷിക്കുന്നു

കയ്റോ: പാരിസില്‍നിന്നു കയ്റോയിലേക്കുള്ള യാത്രയ്ക്കിടെ മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നുവീണ വിമാനത്തിനുള്ളില്‍ അപകടത്തിനു തൊട്ട് മുമ്പ് പുക ഉയര്‍ന്നതായി വിവരം. പുക മുന്നറിയിപ്പുണ്ടായിരുന്നതിന്റെ തെളിവുകള്‍ ഏവിയേഷന്‍ ഹെറള്‍ഡ് വെബ്സൈറ്റാണു പുറത്തുവിട്ടത്. എയര്‍ക്രാഫ്റ്റ് കമ്യൂണിക്കേഷന്‍സ് അഡ്രസിങ് ആന്‍ഡ് റിപ്പോര്‍ട്ടിങ് സിസ്റ്റം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു റിപ്പോര്‍ട്ട്.ഇക്കാര്യം ഈജിപ്ത് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. വ്യാഴാഴ്ച 66 പേരുമായി കടലില്‍വീണ ഈജിപ്ത് എയര്‍ഫ്ലൈറ്റ് എംഎസ് 804 വിമാനത്തിന്റെ സീറ്റുകളും ലഗേജുകളും മൃതദേഹ അവശിഷ്ടങ്ങളും കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. നിര്‍ണായകമായ ബ്ലാക്ക് ബോക്സ് ലഭിച്ചിട്ടില്ല. പുകയുടെ ആദ്യ മുന്നറിയിപ്പു രേഖപ്പെടുത്തി ഒരുമിനിറ്റിനകം രണ്ടാമത്തെ മുന്നറിയിപ്പുമുണ്ടായി. നാലുമിനിറ്റിനുശേഷം വിമാനവുമായുള്ള ബന്ധമറ്റു ഇതാണു റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഇതു സ്ഫോടനം മൂലമാണോ സാങ്കേതികത്തകരാര്‍ മൂലമാണോ എന്നു വ്യക്തമല്ല.
37,000 അടി ഉയരത്തില്‍ പറക്കുമ്പോഴാണ് റഡാറില്‍നിന്ന് അപ്രത്യക്ഷമായത്. വിമാനം മലക്കം മറിഞ്ഞ് മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നുവീണെന്നാണ് ഈജിപ്ത് അധികൃതര്‍ അറിയിച്ചത്. രണ്ടു ശിശുക്കള്‍ അടക്കം 56 യാത്രക്കാരും 10 വിമാനജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. അതേസമയം സാങ്കേതിക തകരാറിനപ്പുറം അട്ടിമറി സാധ്യതയാണ് പ്രധാനമായും അന്വേഷിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.