അടിയില്‍ മണ്ണില്ലാത്തവര്‍ക്കൊപ്പം നഗ്നപാദനായി കുറിയ മനുഷ്യന്‍

എസ്. വിനേഷ് കുമാര്‍

vinesh

ജനങ്ങള്‍ അങ്ങനെയാണ്. അവര്‍ക്ക് തെറ്റുകള്‍ പറ്റാം, മനുഷ്യസഹജമായി. അത് തിരുത്തപ്പെടുന്നതിലൂടെ പുതിയൊരു ചരിത്രം പിറവിയെടുക്കുകതന്നെ ചെയ്യും. അടിയില്‍ മണ്ണില്ലാത്ത വിഭാഗങ്ങള്‍ക്കൊപ്പം നിലകൊള്ളുന്ന, നഗ്നപാദനായൊരു കുറിയ മനുഷ്യനെ കേരളം നെഞ്ചേറ്റിയത് അദേഹത്തിന്റെ ലളിതമായ ജീവിതശൈലികൊണ്ട് മാത്രമായിരുന്നില്ല. ധാര്‍ഷ്്ട്യത്തിന്റെ ആള്‍രൂപമായ രാഷ്ട്രീയ പ്രമാണിമാരെ കണ്ട് ശീലിച്ചവര്‍ക്ക് സി കെ ശശീന്ദ്രന്‍ സാധാരണക്കാരില്‍ സാധാരണക്കാരന്‍മാത്രം. എന്നാല്‍ അതിനപ്പുറം തീഷ്ണമായ ജീവിതവഴികളും ദുര്‍ഘമായ പ്രവര്‍ത്തന മണ്ഡലങ്ങളും താണ്ടി അയഞ്ഞുതൂങ്ങിയ പോളിസ്റ്റര്‍ ഷര്‍ട്ടും വാരികെട്ടിയ മുണ്ടുമായി ഇദേഹം സഞ്ചരിച്ച പാതകളെല്ലാം കല്ലും മുള്ളും നിറഞ്ഞത് തന്നെയായിരുന്നു. സമൂഹത്തിന്റെ അരികിലേക്ക് തള്ളിയകറ്റപ്പെട്ട വയനാടിന്റെ ആദിവാസി മക്കള്‍ക്ക് ശശീന്ദ്രനോളംവരുന്ന മറ്റൊരു അത്താണിയുമില്ല. കല്‍പറ്റയ്ക്കടുത്ത് പൊന്നടയിലെ കൊച്ചുവീട്ടില്‍ നിന്ന് വയനാട്ടിലെ ആദിവാസി ഊരുകളിലേക്കുള്ള ദൂരം ശശീന്ദ്രനോളം മനസ്സിലാക്കിയ മറ്റൊരു രാഷ്ട്രീയ നേതാവുമില്ല. സമരങ്ങളുടെ തീജ്വാലകളുയരുന്ന വയനാടന്‍ കുന്നില്‍ ആദിവാസികളുടെയും തോട്ടംതൊഴിലാളികളുടെയുമൊക്കെ പ്രക്ഷോഭപാതയില്‍ നിര്‍ഭയനായി അദേഹം സഞ്ചരിച്ചു. ജീവിതാവകാശത്തിന് വേണ്ടി സമരം ചെയ്യുന്ന പിന്നോക്കവിഭാഗങ്ങളെ പുച്ഛിച്ച് തള്ളിയ ഭരണകൂടത്തിനുള്ള താക്കീതായി ആദിവാസി സമരങ്ങള്‍ ചരിത്രത്തില്‍ ഇടം നേടിയപ്പോള്‍ ഈ കുറിയ മനുഷ്യന്റെ നെഞ്ചൂക്കും തന്റേടവും ഓര്‍മ്മകളുടെ നടുമുറ്റത്ത് കോറിയിട്ടു. മുത്തങ്ങ സമരം ഒഴികെ വയനാട്ടില്‍ നടന്ന ഒട്ടുമിക്ക എല്ലാ ആദിവാസി സമരങ്ങളിലും ശശീന്ദ്രന്‍ തന്റെ റോള്‍ കൃത്യമായി നിര്‍വഹിച്ചു. ഭൂസമരങ്ങളുടെ തീപ്പൊരികള്‍ തെറിച്ചുവീണ മണ്ണിലൂടെ നഗ്നപാദനായി അദേഹം ചൂഷണത്തിനിരയായ വിഭാഗങ്ങളുടെ നായകനായി മുന്‍നിരയില്‍ത്തന്നെ നടന്നുനീങ്ങി. പോരാട്ടപാതയില്‍ തോറ്റോടാതെ ജയില്‍വാസവും കേസുകളുമായി അദേഹം ഇപ്പോഴും വയനാടിന്റെ സാമൂഹ്യ-സാംസ്‌കാരിക മണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ്.

ck1

ഇടതുപക്ഷ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്ന് ലഭിച്ച കമ്മ്യൂണിസ്റ്റ് ബാലപാഠങ്ങളുമായി രാഷ്ട്രീയപ്രവേശം. വയനാട്ടിലെ ആദ്യകാല സിപിഎം പ്രവര്‍ത്തകനായിരുന്ന സി പി കേശവന്‍ നായരുടെയും പരേതയായ ജാനകിയമ്മയുടെയും മകനായ സി കെ ശശീന്ദ്രന്‍ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ ബിഎസ്സി കെമിസ്ട്രി വിദ്യാര്‍ഥിയായിരിക്കെ എസ്എഫ്ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയായി സംഘടനാ പ്രവര്‍ത്തനത്തിന് തുടക്കംകുറിച്ചു. ബത്തേരി സെന്റ് മേരീസ് കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദത്തിന് ശേഷം 1980-86 കാലഘട്ടത്തില്‍ എസ്എഫ്ഐ വയനാട് ജില്ലാസെക്രട്ടറിയുമായി. 1989-96 കാലയളവില്‍ ഡിവൈഎഫ്ഐയുടെ ജില്ലാസെക്രട്ടറിയും പ്രസിഡന്റും. 2009ല്‍ സിപിഎം ജില്ലാ സെക്രട്ടറിയായി ഐക്യകണ്‌ഠേന തെരഞ്ഞെടുക്കപ്പെട്ടു. എഴ് വര്‍ഷമായി സിപിഎമ്മിന്റെ അമരത്തുണ്ട്. കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗവും ആദിവാസി ഭൂമസരസഹായസമിതി ജില്ലാ കണ്‍വീനറുമാണ്. പശുവും കോഴിയും ചെറിയതോതില്‍ നാട്ടുകൃഷിയുമൊക്കെയായി തനി നാട്ടുമ്പുത്തുകാരനാണെങ്കിലും കുടുംബത്തിലെ ഉത്തരവാദിത്വങ്ങളും കൃത്യമായിത്തന്നെ നിറവേറ്റുന്നു. പാര്‍ട്ടി പ്രവര്‍ത്തകയായിരുന്ന ഉഷ പിന്നീട് ജീവിതസഖിയുമായി.

cks 3

വയനാടിന്റെ ചരിത്രമറിയുന്നവരെ ഓര്‍മ്മപ്പെടുത്തേണ്ടതല്ല ഇവിടുത്തെ ഭൂമാഫിയകളുടെ ജന്മികളുടെയും ആദിവാസി ചൂഷണങ്ങള്‍. പലപ്പോഴും എതിര്‍പക്ഷത്ത് വന്നത് എം പി വീരേന്ദ്രകുമാറും മകന്‍ എം വി ശ്രേയാംസ്‌കുമാറുംതന്നെ. ഒരുകാലത്ത് ഒരേ മുന്നണിയിലെ തൂവല്‍ പക്ഷികള്‍. ഇതാണ് ഭൂവിഷയത്തില്‍ പരിമിതികളില്‍ സിപിഎമ്മും ശശീന്ദ്രനും കുരുങ്ങിപ്പോകാന്‍ കാരണമായതും. വീരന്റെ മുന്നണിമാറ്റത്തിന് മുമ്പ് തന്നെ ഭൂവിഷയങ്ങളില്‍ ശശീന്ദ്രനും കൂട്ടരും കൃത്യമായ നിലപാട് പറഞ്ഞു. എം വി ശ്രേയാംസ്‌കുമാറിനെ രാഷ്ട്രീയ എതിരാളിയായി കാണുമ്പോഴും ഊഷ്മളമായ വ്യക്തിബന്ധം തന്നെ ശശീന്ദ്രന്‍ ഉപാധികളില്ലാതെ സൂക്ഷിച്ചു. ശശീന്ദ്രന്റെ പൊന്നടയില്‍ നിന്ന് ശ്രേയാംസ്‌കുമാറിന്റെ പുളിയാര്‍മലയിലേക്ക് പതിനഞ്ച് മിനിറ്റ് നടന്നാല്‍ എത്താവുന്ന ദൂരംമാത്രം. ഈ അയല്‍പക്ക സ്‌നേഹിതന്‍മാര്‍ മുഖത്തോട് മുഖം നിന്ന് പോരാടിയത് യാദൃശ്ചികമാണെങ്കിലും ചരിത്രനിയോഗമെന്ന് തന്നെ വിലയിരുത്തുന്നതാകും ഉചിതം.

ck2

പണക്കൊഴുപ്പിന്റെയും ധാരാളിത്തത്തിന്റെയും പ്രചാരണകോലാഹലങ്ങള്‍ക്ക് മുമ്പില്‍ ഒട്ടും പതറാതെയാണ് ശശീന്ദ്രനും കൂട്ടരും ചിട്ടയായ പ്രവര്‍ത്തനം കാഴ്ച്ചവെച്ചത്. ഏതു കൊമ്പന്‍ നിന്നാലും വീഴാത്ത ഉരുക്കുകോട്ടയെന്ന് യുഡിഎഫ് അഹങ്കരിച്ച കല്‍പറ്റ ശശീന്ദ്രന്റെ ലാളിത്വത്തിന് മുമ്പില്‍ ശിരസ്സ് കുനിച്ചുകൊടുത്തു. കോണ്‍ഗ്രസിനും മുസ്ലിംലീഗിനും കൃത്യമായ വോട്ടുള്ള കല്‍പറ്റ നിയോജമണ്ഡലത്തില്‍ അവകാശവാദത്തിന്റെ അത്രത്തോളമൊന്നുമില്ലെങ്കിലും വീരന്റെ ജെഡിയുവിനും ചെറിയ തോതിലുള്ള സ്വാധീനമൊക്കെയുണ്ട്. സംസ്ഥാന പ്രസിഡന്റായ വീരേന്ദ്രകുമാറിന്റെ വീട് നില്‍ക്കുന്ന പുളിയാര്‍മല വാര്‍ഡില്‍ കോണ്‍ഗ്രസ് കാലുവാരിയപ്പോള്‍ കഴിഞ്ഞ തദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ജെഡിയുവിന് കൗഡര്‍ വിഭാഗങ്ങള്‍ക്കിടയില്‍ മറിയാത്ത വോട്ടുകളുമുണ്ട്. വയനാട്ടിലേക്ക് ദേശാടനപക്ഷിയെപ്പോലെ വരാറുള്ള എം ഐ ഷാനവാസ് എംപി കഴിഞ്ഞ തവണ വയനാട്ടിലെ രണ്ട് നിയോജകമണ്ഡലങ്ങളും കയ്യൊഴിഞ്ഞപ്പോള്‍ 1200 വോട്ടിന്റെ ലീഡ് നിലനിര്‍ത്തിയ മണ്ഡലമാണ് കല്‍പറ്റ. ഇത്രയും പ്രതികൂല സാഹചര്യങ്ങളില്‍ നിന്നണ് സി കെ ശശീന്ദ്രന്‍ 13,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ശ്രേയാംസ്‌കുമാറിനെ മലര്‍ത്തിയടിച്ചത്. എല്ലാവിഭാഗങ്ങള്‍ക്കിടയില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ടുമറിഞ്ഞെന്ന് വ്യക്തം. മറ്റേതൊരു സ്ഥനാര്‍ഥിയായിരുന്നെങ്കിലും ഇങ്ങനെയൊരു വിജയവും ഭൂരിപക്ഷവും ഉണ്ടാകുമോയെന്ന സംശയം സ്വാഭാവികംമാത്രം. തീര്‍ച്ചയായും മന്ത്രിയാകാന്‍ എന്തുകൊണ്ടും യോഗ്യന്‍തന്നെയാണ് ഈ 58മകാരന്‍. മന്ത്രിസഭയിലെത്തിയാല്‍ത്തന്നെ പി കെ ജയലക്ഷ്മിയെപ്പോലെ മന്ത്രിപദം ഒരു അലങ്കാരമായിക്കാണാന്‍ അനുഭവസമ്പന്നനായ സി കെ എസിന് കഴിയില്ലെന്ന് അദേഹത്തെ അറിയുന്ന എല്ലാവര്‍ക്കുമറിയാവുന്ന കാര്യം മാത്രം.

© 2024 Live Kerala News. All Rights Reserved.