രാഷ്ട്രീയ ജീര്‍ണ്ണതയെ പ്രഹരിച്ച സാക്ഷരകേരളം

എസ്.വിനേഷ് കുമാര്‍

vinesh

ഐക്യകേരളപ്പിറവിക്ക് ശേഷം സംസ്ഥാനം അഭിമുഖീകരിച്ച ഏറ്റവും ജീര്‍ണ്ണമായൊരു രാഷ്ട്രീയ സംവിധാനത്തിനുള്ള ജനങ്ങളുടെ പ്രഹരമയേ 14ാമത് നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ തകര്‍ച്ചയും എല്‍ഡിഎഫിന്റെ മുന്നേറ്റവും വിലയിരുത്താനാകു. അത്രത്തോളം മലീമസമായൊരു അഞ്ചാണ്ടിന്റെ പട്ടികയില്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും നടത്തിയ അഴിമതിയും കൊള്ളരുതായ്മകളും ജനങ്ങളെ എത്രത്തോളം വെറുപ്പിച്ചെന്നതിന്റെ വ്യാപ്തി അളക്കാന്‍ കഴിയുന്ന ഒരു ഉപകരണവും ഇതുവരെ കണ്ടുപിടിച്ചിട്ടുമില്ല. ചരിത്രത്തോട് കൊഞ്ഞനം കുത്തിയും തൊലിക്കട്ടിയും ഉളുപ്പില്ലായ്മയും രാഷ്ട്രീയ മുദ്രാവാക്യമാക്കിയും ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ സുതാര്യതയ്ക്കുള്ള ജനവിധി അര്‍ഹിച്ചതുതന്നെയെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍തന്നെ മറിച്ചൊരു അഭിപ്രായത്യത്തിനുള്ള സാധ്യത വിരളമാണ്. പാമോലിന്‍ കേസും ടൈറ്റാനിയവും പിന്നാലെ വന്ന സോളാറും ബാര്‍ക്കോഴയുമെല്ലാം യുഡിഎഫ് സര്‍ക്കാറിന്റെ മുഖത്തെ വികൃതമാക്കിയപ്പോഴും അതൊരു അലങ്കാരമായിക്കണ്ട് വീണ്ടും വീണ്ടും കൊള്ളരുതായ്മകളിലേക്ക് അതിവേഗം ബഹുദൂരം സഞ്ചരിച്ച സര്‍ക്കാറിനെ കൂച്ചുവിലങ്ങിടാന്‍ മുന്നണിക്കും പാര്‍ട്ടിക്കുമകത്ത് വിഎം സുധീരനും കൂട്ടരും മറുഭാഗത്ത് പ്രതിപക്ഷവും നടത്തിയ പ്രത്യാക്രമണങ്ങളെല്ലാം വാട്ടര്‍ലൂ ആകുന്ന കാഴ്ച്ച ഞെട്ടലോടെയാണ് പ്രബുദ്ധകേരളം കണ്ടത്. മൊബൈല്‍ ഫോണ്‍പോലും മുഖ്യമന്ത്രിക്ക് വേണ്ടാത്തപ്പോള്‍ സഹായികള്‍ നിരവധി തവണ വിവാദ നായികയും സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയുമായ സരിത എസ് നായരെ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഫോണില്‍ വിളിച്ചതിന്റെ തെളിവുകള്‍ പുറത്ത് വന്നുകൊണ്ടിരുന്നു. കോണ്‍ഗ്രസിലെ പ്രമുഖരുടെയെല്ലാം സോളാര്‍ ബന്ധങ്ങള്‍ മറനീക്കി പുറത്തുവന്നെങ്കിലും അതേറ്റു പിടിക്കാന്‍ പലപ്പോഴും മാധ്യമങ്ങള്‍ക്ക് മാത്രമാണ് കഴിഞ്ഞത്. പ്രതിപക്ഷം എന്ന സംവിധാനം പലപ്പോഴും നിഷ്‌ക്രിയത്വത്തിന്റെ കൊടുമുടിയില്‍ അഭിരമിച്ചപ്പോഴാണ് കേരളം അഴിമതിയുടെ ചെളിക്കുണ്ടില്‍ ദുര്‍ഗന്ധപൂരിതമായ അവസ്ഥകളോട് മല്ലടിച്ചത്.

2

അധികാരത്തില്‍ പിടിച്ചുതൂങ്ങിയാടുന്ന ഉമ്മന്‍ചാണ്ടിയ്ക്ക് കോണിയും ഏണിയും ചാരിക്കൊടുത്ത് സഖ്യകക്ഷികളും തന്നാലയത് ചെയ്തു. മൊല്ലാക്ക നിന്ന് പാത്തിയാല്‍ ഞമ്മക്കെന്താ നടന്നുപാത്തുന്നതിനെന്ന മദ്രസാവിദ്യാര്‍ഥിയുടെ മനോഭാവത്തോടെ കെ എം മാണിയും കെ ബാബുവും അടൂര്‍പ്രകാശുമൊക്കെ മത്സരിച്ച് അഴിമതിയല്‍ വ്യാപൃതരായി. 1956ന് ശേഷമുള്ള കേരള രാഷ്ട്രീയം പരിശോധിച്ചാല്‍ ആരോപണവിധേയനല്ല, മറിച്ച് കോടതിയും വിജിലന്‍സ് സംവിധാനവുമെല്ലാം പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ടും രാജിവെച്ച് മാന്യത തേടാന്‍പോലും തയ്യാറാവാത്ത മാഫിയ തലവന്‍മാരുടെ പെരുംങ്കളിയാട്ടമായി ഉമ്മന്‍ചാണ്ടി ഭരണം അധ:പതിച്ചു. ഇഎംഎസും സി അച്യുതമേനോനും കെ കരുണാകരനും എകെ ആന്റണിയുമൊക്കെ പാലിച്ച രാഷ്ട്രീയ മര്യാദയുടെ കടയ്ക്കല്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും ഓരോ തവണയും കത്തിവെച്ചുകൊണ്ടിരുന്നു. ഏറെ കൊട്ടിഘോഷിച്ച മദ്യനിരോധനം തന്നെ ബൂമറാങ് പോലെ മുന്നണിയെ തിരിച്ചടിക്കുന്ന കാഴ്ച്ചയായിരുന്നു. കെ പി സിസി പ്രസിഡന്റ് വി എം സുധീരന്റെ നിലപാടുകളെ കാര്‍ക്കിച്ചുതുപ്പിയാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും അധികാരത്തിന്റെ അപ്പക്കഷ്ണം നുണഞ്ഞ് അഞ്ച് വര്‍ഷം ജനങ്ങളെ വിഡ്ഡികളുടെ സ്വര്‍ഗത്തിലേക്ക് ആനയിച്ചത്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ എല്‍ഡിഎഫ് പലപ്പോഴും നോക്കുകുത്തിയായെങ്കിലും തിരഞ്ഞെടുപ്പില്‍ ചിട്ടയായ പ്രവര്‍ത്തനം കാഴ്ച്ചവെയ്ക്കാന്‍ കഴിഞ്ഞുവെന്നത് തന്നെയാണ് ഇടതുതരംഗത്തിന് പ്രധാന കരുത്തായത്.

4
ബിജെപി നേതൃത്വം നല്‍കിയ എന്‍ഡിഎ മികച്ച മുന്നേറ്റം നടത്തിയപ്പോള്‍ പരമാവധി അടിയൊഴുക്കുകള്‍ ഉണ്ടായതാകട്ടെ യുഡിഎഫിലും. നേമത്ത് ഒ രാജഗോപാലിന്റെ വിജയം ബിജെപിയുടെയും അദേഹത്തിന്റെയും മികവ് തന്നെയായി വേണം വിലയിരുത്താന്‍ . പലതവണം എഴുതി പരാജയപ്പെട്ട പരീക്ഷയില്‍ ഒടുവില്‍ ഒ രാജഗോപാല്‍ വിജയം കൈപ്പിടിയിലൊതുക്കി. പാലക്കാട്, മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ് ഉള്‍പ്പെട രണ്ടാം സ്ഥാനത്തേക്ക് എന്‍ഡിഎ എത്തിയപ്പോള്‍ കഴിഞ്ഞതവണത്തെ അപേക്ഷിച്ച് മൂന്നിരട്ടിയലധികം വോട്ട് അധികരിക്കുകയും ചെയ്തു. ബിഡിജെഎസ്‌ സംഖ്യ ഉദേശിച്ച ഗുണം ചെയ്തില്ലെങ്കിലും വിദൂരഭാവിയില്‍ ഈ സംഘ്പരിവാര്‍ സംഖ്യം കേരളമണ്ണില്‍ പുതിയ പരീക്ഷണ-ഗവേഷണങ്ങള്‍ക്ക് വഴിമരുന്നിടുമെന്ന കാര്യത്തില്‍ തര്‍ക്കവുമില്ല. വടക്കന്‍ കേരളത്തില്‍ ലീഗ് കോട്ടകള്‍ക്ക് കാര്യമായ ക്ഷതം സംഭവിച്ചില്ലെങ്കിലും കോണ്‍ഗ്രസിന്റെ കോട്ടക്കൊത്തളങ്ങള്‍ ഇളകിവിറയ്ക്കുക തന്നെ ചെയ്തു. മധ്യകേരളത്തില്‍ തൃശൂര്‍ ഒരു മണ്ഡലത്തിലൊഴികെ ഇടത്തോട്ട് ചാഞ്ഞു. എറണാകുളവും ഏറെക്കുറെ ചുവന്നു. തെക്കന്‍ ജില്ലകള്‍ പതിവ് പോലെ ഇടതുപക്ഷത്തെ മാറ്റി നിര്‍ത്തിയില്ല. കൊല്ലവും ആലപ്പുഴയുമൊക്കെ ഇടതിനൊപ്പം നിന്നു. കോഴിക്കോട് സൗത്തില്‍ പരാജയസാധ്യതകള്‍ക്കും മന്ത്രി എം കെ മുനീര്‍ ജയിച്ചുകയറി. മത്സരിച്ച രണ്ടിടത്തും ഐഎന്‍എല്‍ പരാജയപ്പെട്ടപ്പോള്‍ ആര്‍എസ്പിയും വീരേന്ദ്രകുമാറിന്റെ ജനതാദള്‍ യുണൈറ്റഡും ചിത്രത്തിലേയില്ലാതായി. ആന്റണി രാജു ഉള്‍പ്പെടെ മത്സരിച്ച ജനാധിപത്യകേരള കോണ്‍ഗ്രസിന്റെ പതനവും വോട്ടര്‍മാരുടെ കയ്യില്‍ ഭദ്രമായിരുന്നു.

3

പി സി ജോര്‍ജ്ജ് വീണ്ടും പൂഞ്ഞാറിന്റെ മണ്ണില്‍ വെന്നിക്കൊടിപ്പാറിപ്പിച്ചു. മുസ്ലിം ന്യൂനപക്ഷ വോട്ടുകളും സിപിഎം വോട്ടുകളും കാര്യമായിത്തന്നെ ജോര്‍ജ്ജിന്റെ പെട്ടിയില്‍ വീണുവെന്നതാണ് യാഥാര്‍ഥ്യം. ഇടതുപക്ഷത്തിന് കാലാകാലങ്ങളായി കിട്ടിയിരുന്ന ഈഴവ വോട്ടുകളില്‍ കാര്യമായ ചോര്‍ച്ചയുണ്ടായപ്പോള്‍ ന്യൂനപക്ഷങ്ങളും നിക്ഷ്പക്ഷ വോട്ടുകളും കൃത്യമായിതന്നെ ഒഴുകിയെത്തി. എന്നാല്‍ യുഡിഎഫിന് ലഭിക്കേണ്ട വോട്ടുകളില്‍ നല്ലൊരു ശതമാനം ബിഡിജെഎസ് വഴി എന്‍ഡിഎയിലേക്ക് പോയി. യുഡിഎഫിന്റെ സ്വകാര്യ അഹങ്കാരമായിരുന്ന സവര്‍ണ്ണ-ഈഴവ വോട്ടുകള്‍ ഉപാധികളില്ലാതെത്തന്നെ എന്‍ഡിഎയ്ക്ക് ലഭിച്ചു. കോഴിക്കോട് സൗത്തിലും അഴീക്കോടുമൊക്കെ ബിജെപി വോട്ടുകള്‍ വ്യപകമായി യുഡിഎഫിലേക്ക് മറിയുകയും ചെയ്തു. എന്‍ഡിഎയ്ക്ക് വിജയസാധ്യത തീരെയില്ലാത്ത മണ്ഡലങ്ങളില്‍ കോ-ലീ-ബി സംഖ്യം കൃത്യമായി പ്രവര്‍ത്തിച്ചുവെന്ന് തന്നെ വേണം പറയാന്‍. നികേഷ് കുമാറിന്റെ പരാജയം പറയുന്നതും ഇതൊക്കെ തന്നെയാണ്. കല്‍പറ്റ മണ്ഡലത്തില്‍ സികെ ശശീന്ദ്രന് കോണ്‍ഗ്രസില്‍ നിന്ന് പോലും വോട്ടുകള്‍ ഒഴുകിയപ്പോള്‍ മുസ്ലിംലീഗിന് സ്വാധീനമുള്ള പഞ്ചായത്തുകളും എല്‍ഡിഎഫിന് കാര്യമായ സംഭാവന ചെയ്തു.

9

അടിയൊഴുക്കുകളും വോട്ടുചോര്‍ച്ചകളും വരുംദിവസങ്ങളില്‍ ചര്‍ച്ചയാകുമ്പോള്‍ യുഡിഎഫിലെ കക്ഷികളില്‍തന്നെയാവും പൊട്ടലും ചീറ്റലുമുണ്ടാകുക. കാലുവാരലിന്റെ പുതിയ അധ്യായങ്ങള്‍ ഇരുമുന്നികള്‍ക്കകത്തും പുതിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിടുകതന്നെ ചെയ്യും. വിഎസ് അച്യുതാനന്ദനെ മുന്‍നിര്‍ത്തിയത് തന്നെയാണ് ഇടതുതരംഗത്തിന് ഇത്രത്തോളം തിളക്കവും തെളിമയും നല്‍കിയത്. വിഎസ് മുഖ്യമന്ത്രിയാകണമെന്നുള്ള ചിലരുടെ മുതലക്കണ്ണീരിന് പിന്നില്‍ സിപിഎമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തിത്തീര്‍ക്കുക മാത്രമാണ് ലക്ഷ്യം. വിഎസിന് പോലും ഇനിയൊരു ഊഴത്തോട് അതിയായ താല്‍പര്യമില്ലെന്നാണ് അദേഹത്തിന്റെ വാക്കുകളിലൂടെ പുറത്ത് വരുന്നത്.
. സിപിഎം എന്ന സംവിധാനത്തിന്റെ പഴുതടച്ചുള്ള പ്രവര്‍ത്തനവും എല്‍എഡിഎഫിന്റെ കെട്ടുറപ്പോടെയുള്ള പ്രവര്‍ത്തനം യുഡിഎഫിലെ പ്രതിസന്ധിയും കൃത്യമായും രേഖപ്പെടുത്തുകതന്നെ ചെയ്തു വോട്ടര്‍മാര്‍. അതേസമയം യുഡിഎഫിലെ വി ടി ബല്‍റാം, വി ഡി സതീശന്‍, ഷാഫി പറമ്പില്‍ എന്നിവരുടെ വിജയവും കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു. എം സ്വരാജും പ്രതിഭാഹരിയും ജെഎന്‍യുവിലെ മുഹ്‌സിനും എന്‍ എം ഷംസീറുമൊക്കെ ഇടതുകോട്ടയുടെ പുതിയ കാവല്‍ക്കാരായതും അനിവാര്യമായ ചരിത്രനിയോഗം. വലതുപക്ഷത്തേക്ക് ചായാത്തൊരു ഇടതുഭരണം തന്നെയാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. അത് എത്രത്തോളം പ്രായോഗികമാക്കാന്‍ ഇടതുപക്ഷത്തിനാകുമെന്നത് തന്നെയാണ് പ്രധാന വെല്ലുവിളിയും.

© 2024 Live Kerala News. All Rights Reserved.