സിറിയയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഐഎസ് ഭീകരരുടെ ആക്രമണം; 35 സൈനികര്‍ കൊല്ലപ്പെട്ടു; ഭീകരര്‍ ആശുപത്രി ജീവനക്കാരെ ബന്ദികളാക്കി

ബെയ്‌റൂട്ട്: കിഴക്കന്‍ സിറിയയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍  ഐഎസ് ഭീകരര്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ 35 അസദ് അനുകൂല സൈനികര്‍ കൊല്ലപ്പെട്ടു. ദെയര്‍ എസോര്‍ പ്രവിശ്യയിലെ അല്‍ അസാദ് ആശുപത്രിയുടെ നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ആശുപത്രി പിടിച്ചെടുത്ത ഭീകരര്‍ ആശുപത്രി ജീവനക്കാരെ ബന്ദികളാക്കുകയും ചെയ്തു. അസദ് അനുകൂല പോരാളികളുടെ പ്രത്യാക്രമണത്തില്‍ 20 ഓളം ഭീകരരും കൊല്ലപ്പെട്ടു.

എണ്ണ സമ്പന്നമായ പ്രവിശ്യയില്‍ ആധിപത്യമുറപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഭീകരര്‍ ആക്രമണം നടത്തിയതെന്ന് സിറിയയിലെ മനുഷ്യാവകാശ സംഘടന തലവന്‍ അബ്‌ദെല്‍ റഹ്മാന്‍ അറിയിച്ചു. ആശുപത്രിയുടെ നിയന്ത്രണം ഭീകരര്‍ കയ്യടക്കിയെന്നും അദ്ദേഹം പറഞ്ഞു. ദെയര്‍ എസോറിന്റെ 60 ശതമാനവും ഭീകരരുടെ നിയന്ത്രണത്തിലാണ്. ദെയര്‍ ഐസോറിനെ പൂര്‍ണമായും വരുതിയിലാക്കാനാണ് ഐഎസ് ശ്രമം. മണിക്കൂറുകള്‍ക്ക് ശേഷം സിറിയന്‍ സൈന്യം ആശുപത്രിയുടെ നിയന്ത്രണം തിരിച്ചുപിടിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ബന്ദിയാക്കിയ ആശുപത്രി ജീവനക്കാരുടെ വിവരങ്ങള്‍ ലഭ്യമല്ല.

© 2024 Live Kerala News. All Rights Reserved.