ആലുവ: ദുരിതത്തിന്റെ നടുക്കടലിലാണെങ്കിലും തങ്കമ്മയുടെ മനസ്സ് തങ്കമാണ്. 10 പവന്‍ സ്വര്‍ണവും 15000 രൂപയും കളഞ്ഞുകിട്ടിയപ്പോള്‍ ഉടമയെ തിരിച്ചേല്‍പ്പിച്ച റെയില്‍വേ സ്‌റ്റേഷനിലെ ശുചീകരണ വിഭാഗം കരാര്‍ തൊഴിലാളി ആലുവ യു.സി കോളജ് സ്വദേശിനിയായ തങ്കമ്മ (65)യാണ് മാതൃകയായത്. ആലുവ റെയില്‍വേ സ്‌റ്റേഷനിലെ മൂന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലെ ഇരിപ്പിടത്തില്‍ തിങ്കളാഴ്ച വൈകിട്ടാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചെറിയ ബാഗ് തങ്കമ്മക്ക് ലഭിച്ചത്. പരിശോധിച്ചപ്പോള്‍ 10 പവന്‍ സ്വര്‍ണവും 15,000 രൂപയുമായിരുന്നു ബാഗില്‍. സ്‌റ്റേഷന്‍ സൂപ്രണ്ട് ബാലകൃഷ്ണനും തങ്കമ്മ ജോലി ചെയ്യുന്ന വിഭാഗത്തിന്റെ ചുമതലയുള്ള റെയില്‍വേ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അരുണ്‍ വിജയനും അന്ന് അവധിയിലായതിനാല്‍ ബാഗ് ഏല്‍പ്പിക്കാനായില്ല. ചൊവ്വാഴ്ച രാവിലെ സൂപ്രണ്ടിനെ ബാഗ് ഏല്‍പ്പിച്ചപ്പോഴാണ് അതില്‍നിന്നു ലഭിച്ച മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാനായത്. മലപ്പുറം തിരൂര്‍ നിരവത്തൂര്‍ മങ്ങാട്ട് വീട്ടില്‍ ജയപ്രകാശിന്റേതാണ് നഷ്ടപ്പെട്ട സ്വര്‍ണവും പണവുമെന്ന് നമ്പറില്‍ബന്ധപ്പെട്ടപ്പോള്‍ വ്യക്തമായി. വൈകിട്ടോടെ ഇവര്‍ ആലുവയിലെത്തി സൂപ്രണ്ട് ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ തങ്കമ്മയില്‍നിന്ന് ബാഗ് ഏറ്റുവാങ്ങി.