കൊച്ചി: ലിബിയയില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള ആദ്യ ഇന്ത്യന്‍ സംഘം കൊച്ചിയിലെത്തി. രാവിലെ എട്ടരയോടെ നെടുമ്പാശേരി വിമാനത്താവളത്തിലാണ് 18 പേരുടെ സംഘമെത്തിയത്. ഇതില്‍ 11 പേര്‍ കുട്ടികളാണ്. മറ്റു 11 പേരടങ്ങുന്ന സംഘം ചെന്നൈയിലെത്തും. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവരാണ് കൊച്ചിയിലെത്തിയ മലയാളികള്‍. ട്രിപ്പോളിയില്‍ കുടുങ്ങിയ ആറു മലയാളി കുടുംബങ്ങളും മൂന്നു തമിഴ് കുടുംബങ്ങളും ഉള്‍പ്പെടെ 29 പേരാണ് സംഘത്തിലുളളത്. നാട്ടില്‍ തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒരു സഹായം ലഭിച്ചില്ലെന്ന് നഴ്‌സുമാര്‍ പറഞ്ഞു. ഇന്ത്യന്‍ എംബസ്സിയും സഹായം ചെയ്തില്ല. നാട്ടിലെത്തിയത് സ്വന്തം ചെലവിലാണെന്നും നഴ്‌സുമാര്‍ വ്യക്തമാക്കി. എന്നാല്‍ ലിബിയയില്‍ വെച്ച് പണം കൈമാറാന്‍ മാര്‍ഗമുണ്ടായിരുന്നില്ലെന്ന് നോര്‍ക്ക പ്രതികരിച്ചു. നഴ്‌സുമാര്‍ക്ക് ചെലവായ തുക തിരികെ നല്‍കുമെന്നും നോര്‍ക്ക അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ച് 25നു ട്രിപ്പോളിയിലെ സാവിയ ആശുപത്രിയിലുണ്ടായ ഷെല്ലാക്രമണത്തില്‍നിന്നു രക്ഷപ്പെട്ട ഇവര്‍ ഒന്നര മാസമായി വളരെ മോശം അവസ്ഥയിലാണ് കഴിഞ്ഞിരുന്നത്. ഒന്നര വയസുള്ള അഞ്ചു കുട്ടികളും രണ്ടര വയസുള്ള രണ്ടു കുട്ടികളും മൂന്ന്, ആറ്, 11 വയസുള്ളവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നതു സ്ഥിതി കൂടുതല്‍ ദുഷ്‌കരമാക്കി. ഇന്നലെ ഇവരുടെ വീസ കാലാവധി അവസാനിച്ചു. വീസ പുതുക്കല്‍ നടപടികള്‍ സാധ്യമായില്ലെന്നു നഴ്‌സുമാര്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. ട്രിപ്പോളിയിലേക്കു ലിബിയന്‍ എയര്‍ലൈന്‍സ് മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ എന്നതും ഇവരുടെ യാത്ര പ്രതിസന്ധിയിലാക്കി. ലിബിയയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്നവരാണ് സംഘത്തില്‍ ഏറിയ പങ്കും.