മലയാളി ഉള്‍പ്പെടെ തൊഴില്‍ പീഡനത്തിന് ഇരയായവര്‍ നാട്ടിലേക്ക് മടങ്ങി

 

ഷാര്‍ജ: തൊഴില്‍ പീഡനത്തിന് ഇരയായ കേരള, തമിഴ്‌നാട് സ്വദേശികള്‍ നാട്ടിലേക്ക് മടങ്ങി. മലപ്പുറം സ്വദേശി കുഞ്ഞഹമ്മദ് കാവുംപുറത്ത് തമിഴ്‌നാട് തിരുനല്‍വേലി സ്വദേശി രാജശേഖര്‍ പെരുമാള്‍ എന്നിവരാണ് നാട്ടിലേയ്ക്ക് മടങ്ങിയത്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ തൃശൂര്‍ സ്വദേശി ബഷീറിന്റെ ഉടമസ്ഥതയിലുള്ള മദാമിലെ അല്‍ ജബീബ് തയ്യല്‍ കടയില്‍ ഇവര്‍ ജോലിക്കെത്തിയത്. എന്നാല്‍ തൊഴിലുടമ വീസ സ്റ്റാംപിങ് നടപടികള്‍ ചെയ്യാതെയും ശമ്പളം നല്‍കാതെയും അഞ്ച് മാസത്തോളം ജോലി ചെയ്യിപ്പിച്ചു.

ശമ്പളം ലഭിക്കാത്തതിനാലും വീസ നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനാലും വീസ റദ്ദാക്കി നാട്ടിലേക്ക് അയക്കാന്‍ തൊഴിലുടമയോട് ആവശ്യപ്പെട്ടപ്പോള്‍ വീസ ചെലവുകള്‍ നല്‍കിയാല്‍ മാത്രമെ വിസ റദ്ദാക്കി നാട്ടിലേക്ക് അയക്കുകയുള്ളുവെന്ന് അറിയിച്ചു. വിസ റദ്ദാക്കുന്നതിനായും ശമ്പള കുടിശ്ശിക ലഭിക്കുന്നതിനുമായി തൊഴില്‍ മന്ത്രാലയത്തെ സമീപിച്ചെങ്കിലും അവിടയും തൊഴിലുടമ നിഷേധ സമീപനമാണ് സ്വീകരിച്ചത്.

തുടര്‍ന്ന് അലി ഇബ്രാഹിം അഡ്വക്കേറ്റ്‌സിന്റെ സൗജന്യ നിയമസഹായത്തിന് സമീപിക്കുകയായിരുന്നു. തൊഴില്‍ മന്ത്രാലയത്തല്‍ നിന്നു മദാം തൊഴില്‍ കോടതിയിലേക്ക് അയച്ചകേസില്‍ തൊഴിലുടമ യാതൊരു ആനുകൂല്യവും നല്‍കാനില്ലായെന്ന് അറിയിച്ചു. വിസ റദ്ദാക്കുന്നതിനും ശമ്പള കുടിശ്ശിക ലഭിക്കുന്നതിനും വേണ്ട സഹായങ്ങള്‍ അഭിഭാഷകരായ കെ. എസ്. അരുണ്‍, രമ്യ അരവിന്ദ്, രശ്മി ആര്‍. മുരളി, ജാസ്മിന്‍ ഷമീര്‍, നിയമ പ്രതിനിധികളായ സലാം പാപ്പിനിശ്ശേരി, വിനോദ് കുമാര്‍, ഷെറിന്‍ നസീര്‍, ഷുഹൈബ് എന്നിവര്‍ ചേര്‍ന്ന് ഒരുക്കികൊടുത്തു. എന്നാല്‍ ഇവര്‍ക്ക് അഞ്ച് മാസത്തെ ശമ്പളം ലഭിക്കാനുണ്ടെന്ന് കോടതിയെ ബോധ്യപ്പെടുത്തി. തൊഴില്‍ കോടതിയുടെ നിര്‍ദ്ദേശപ്രകാരം ശമ്പള കുടിശ്ശികയും വിമാന ടിക്കറ്റും നല്‍കി വീസ റദ്ദാക്കി ഇരുവരേയും നാട്ടിലേക്ക് അയക്കാന്‍ നടപടി ഉണ്ടായി.