കേരളത്തില്‍ ഇത്തവണയും അക്കൗണ്ട് തുറക്കില്ല; എന്‍ഡിഎയ്ക്ക് സീറ്റൊന്നും കിട്ടില്ലെന്ന് സമ്മതിച്ച് ജന്മഭൂമിപത്രം; ബിജെപിയെ തടയാന്‍ സിപിഎം-കോണ്‍ഗ്രസ് രഹസ്യധാരണയോ?

തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്ന് സമ്മതിച്ചത് ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയാണ്. കേരളത്തില്‍ ബി.ജെ.പിയെ നേരിടാന്‍ ദല്‍ഹിയില്‍ ചേര്‍ന്ന സോണിയ യെച്ചൂരി എ.കെ ആന്റണി രഹസ്യ ചര്‍ച്ചയില്‍ തീരുമാനമായെന്നാണ് ബി.ജെ.പി മുഖപത്രമായ ജന്മഭൂമി പറയുന്നത്. ബി.ജെ.പിക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ പരസ്പരം വോട്ട് മറിച്ചു നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇത് ഏതൊക്കെ മണ്ഡലങ്ങളാണെന്ന് ഇനിയും വ്യക്തമായിട്ടില്ലെന്നുമാണ് ജന്മഭൂമി പറയുന്നത്. എന്നാല്‍ കേരളത്തില്‍ ഒരിടത്തും ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ഇത്തരമൊരു കഥാസൃഷ്ടി ബി.ജെ.പി നടത്തുന്നതെന്ന ആക്ഷേപം ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. ഏത് വിധേനയും ബി.ജെ.പിയെ തോല്‍പ്പിക്കുക എന്നതായിരുന്നു സോണിയ യെച്ചൂരി എ.കെ ആന്റണി രഹസ്യ ചര്‍ച്ചയുടെ ലക്ഷ്യമെന്നും ജന്മഭൂമി പറയുന്നു. എന്നാല്‍ ബി.ജെ.പിക്ക് കേരളത്തില്‍ ഇത്തവണയും നേട്ടം കൊയ്യാന്‍ കഴിയില്ലെന്ന് വ്യക്തമായ തിരിച്ചറിവിനൊടുവിലാണ് പാര്‍ട്ടി മുഖപത്രം ഇത്രയും വലിയൊരു നുണ പ്രചരിപ്പിക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. ജന്മഭൂമി വാര്‍ത്ത ബജെപി പ്രവര്‍ത്തകരുടെ രോഷത്തിനിടയാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടക്കുന്നതിനിടെ ഇത്തരത്തിലൊരു വാര്‍ത്ത പ്രവര്‍ത്തകരുടെ വീര്യം ചോര്‍ത്തുമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തല്‍.

© 2024 Live Kerala News. All Rights Reserved.