കണ്ണൂര്‍ സ്വദേശി ദുരൂഹ സാഹചര്യത്തില്‍ കുവൈറ്റില്‍ മരിച്ചനിലയില്‍; കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണതാണെന്ന് സൂചന

കുവൈറ്റ് സിറ്റി: കണ്ണൂര്‍ സ്വദേശി ജിതിന്‍ (26) ദുരൂഹ സാഹചര്യത്തില്‍ കുവൈറ്റില്‍ മരിച്ചനിലയില്‍. അഴീക്കോട് ചാല്‍ ഓലച്ചേരി ജയരാജന്റെ മകനാണ് ജിതിന്‍ ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ജിതിനെ ആംബുലന്‍സില്‍ അമീരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കെട്ടിടത്തിനുമുകളില്‍ നിന്നുവീണതാണെന്നാണ് സൂചന. ദിവസങ്ങള്‍ക്കുമുമ്പ് മാത്രമാണ് ജിതിന്‍ നാട്ടില്‍നിന്ന് സ്വകാര്യ കമ്പനിയില്‍ ജോലിക്കായി കുവൈറ്റിലത്തെിയത്. മൃതദേഹം ഫര്‍വനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് അന്വേഷണം നടന്നുവരുന്നു. മാതാവ് പ്രീത. സഹോദരന്‍ ജിഷി (ദുബൈ). മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തിയായിവരുന്നതായി കല കുവൈറ്റ് പറഞ്ഞു.