ഹൈദരാബാദ്: ഐപിഎല്‍ മത്സരത്തില്‍ റൈസിങ് പുനെ സൂപ്പര്‍ ജയന്റ്‌സിനെതിരെ സണ്‍ റൈസേഴ്‌സിന് നാലു റണ്‍സ് വിജയം. ചെന്നൈ സൂപ്പര്‍ കിംഗിസിനെ ഒന്നിലേറെ കിരീടനേട്ടത്തില്‍ എത്തിച്ചെങ്കിലും ഇവിടെ ആദ്യറൗണ്ട് അവസാനിക്കും മുമ്പേ ധോണി നയിക്കുന്ന പൂനെ സൂപ്പര്‍ ജയന്റ്‌സ് പുറത്തേക്ക്. 20 പന്തില്‍ 30 റണ്‍സ് നേടി ധോണി പൊരുതിയെങ്കിലും അവസാനം പുനെ വീണും. ബൗളിങില്‍ ഓസ്‌ട്രേലിയക്കാരന്‍ ആദം സാംബ ഉദിച്ചുയര്‍ന്നിട്ടും അത് മുതലാക്കാന്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിന്റെ ബാറ്റസ്മാന്‍മാര്‍ക്കായില്ല. നാലോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റ് പിഴുത ആദം സാംബയാണ് വാര്‍ണറെയും ടീമിനെയും 137 റണ്‍സില്‍ ചുരുട്ടിക്കെട്ടിയിരുന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനു തുടക്കത്തിലേ ഡേവിഡ് വാര്‍ണറെ (18) നഷ്ടപ്പെട്ടെങ്കിലും ധവാനും(33) വില്യംസണും (32) ചേര്‍ന്ന് ഇന്നിംഗ്‌സ് കരുപ്പിടിപ്പിച്ചു. എന്നാല്‍, വാലറ്റത്തിനു കാര്യമായി സംഭാവന നല്‍കാനാകാതെ വന്നതോടെ സണ്‍ റൈസേഴ്‌സിന്റെ ഇന്നിംഗ്‌സ് 137ല്‍ ഒതുങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ പൂന സൂപ്പര്‍ ജയന്റ്‌സിനും തുടക്കത്തിലേ വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. എന്നാല്‍, ജോര്‍ജ് ബെയ്‌ലിയും(34) അശ്വിനും (29) വന്‍ തകര്‍ച്ചയില്‍നിന്ന് പൂനയെ രക്ഷിച്ചു. അവസാന ഓവറില്‍ പൂനയ്ക്കു ജയിക്കാന്‍ വേണ്ട 17 റണ്‍സ്. എന്നാല്‍, 12 റണ്‍സെടുക്കാനേ പൂനയ്ക്കായുള്ളൂ. മൂന്നു വിക്കറ്റ് നേടിയ നെഹ്്‌റയാണ് ഹൈദരാബാദിനായി തിളങ്ങിയത്. സ്‌കോര്‍: ഹൈദരാബാദ് 20 ഓവറില്‍ എട്ടിന് 137. പൂന 20 ഓവറില്‍ എട്ടിന് 133. വിജയത്തോടെ ഹൈദരാബാദ് പോയിന്റ് നിലയില്‍ തലപ്പത്തെത്തി.