മദ്യവ്യവസായി വിജയ് മല്യയെ നാടുകടത്താനാകില്ലെന്ന് ബ്രിട്ടന്‍; പാസ്‌പോര്‍ട്ട് റദ്ദാക്കിയതിന്റെ പേരില്‍ മല്യയെ തിരിച്ചുവിടാനാകില്ല

ന്യൂഡല്‍ഹി: മദ്യവ്യവസായി വിജയ് മല്യയെ നാടുകടത്താനാകില്ലെന്ന് ബ്രിട്ടന്‍. മല്ല്യയെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്‍ പിന്തുണയ്ക്കുമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കി. പാസ്‌പോര്‍ട്ട് റദ്ദാക്കിയതിന്റെ പേരില്‍ മദ്യവ്യവസായി വിജയ് മല്യയെ തിരിച്ചുവിടാനാകില്ല. നാടുകടത്തണങ്കില്‍ ഇന്ത്യ ആവശ്യപ്പെടണം എന്നാല്‍ മാത്രമേ അത് സാധിക്കുകയുള്ളൂ. വിവിധ ബാങ്കുകളില്‍നിന്ന് 9400 കോടി രൂപ വായ്പയെടുത്തു ലണ്ടനിലേക്ക് കടന്നുകളഞ്ഞ വിജയ് മല്യയെ നാടുകടത്തണമെന്ന് ആവശ്യപ്പെടുകയോ നിയമനടപടികള്‍ തുടങ്ങുകയോ വേണമെന്ന് ബ്രിട്ടന്‍ അറിയിച്ചതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.

1971ലെ കുടിയേറ്റ നിയമപ്രകാരം ഒരാള്‍ക്ക് യുകെയില്‍ തുടരുന്നതിന് പാസ്‌പോര്‍ട്ട് ആവശ്യമില്ല. അവര്‍ രാജ്യം വിടുകയോ വിസ കാലാവധിക്കുശേഷം തുടരുകയോ ചെയ്യുമ്പോഴാണ് പാസ്‌പോര്‍ട്ടിന്റെ ആവശ്യം വരിക. അതേസമയം, ആരോപണങ്ങളുടെ ഗൗരവം അവര്‍ മനസിലാക്കിയിട്ടുണ്ട്. ഇന്ത്യയോട് നടപടികള്‍ ശുപാര്‍ശ ചെയ്യാന്‍ ആവശ്യപ്പെടുകയാണ് ബ്രിട്ടന്‍ ചെയ്തത് എന്നും വികാസ് സ്വരൂപ് പറഞ്ഞു. ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നായി 9400 കോടി രൂപ വായ്പയെടുത്ത മല്യ മാര്‍ച്ച് രണ്ടിനാണ് രാജ്യം വിട്ടത്. ഇതിനുപിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ശുപാര്‍ശ പ്രകാരം മല്യയുടെ പാസ്‌പോര്‍ട്ട് അസാധുവാക്കിയിരുന്നു. ഒപ്പം തന്നെ ജാമ്യമില്ലാത്ത അറസ്റ്റ് വാറണ്ടും മല്യക്ക് പുറപ്പെടുവിച്ചിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.