രാജസ്ഥാനിലെ അഞ്ചാം ക്ലാസ് പാഠപുസ്‌കതത്തില്‍ ‘ഗോമാതാവിന്റെ കത്ത്’; വിദ്യാര്‍ത്ഥികള്‍ ഗോമാതാവിനെ സ്വന്തം അമ്മയായി കാണണം

ജയ്പൂര്‍: രാജസ്ഥാനിലെ അഞ്ചാം ക്ലാസ് ഹിന്ദി പാഠപുസ്‌കതത്തില്‍ ‘ഗോമാതാവിന്റെ കത്ത്’. ഗോമാതാവിനെ സ്വന്തം അമ്മയായി കാണണമെന്നാവശ്യപ്പെട്ടുള്ള പാഠഭാഗമാണ് ഹിന്ദി പാഠപുസ്തകത്തില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത്. മുഖ്യമന്ത്രി വസുന്ധര രാജക്ക് കീഴിലുള്ള ബി.ജെ.പി മന്ത്രിസഭയാണ് പാഠപുസ്തകത്തില്‍ പശുവിനെ കുറിച്ചുള്ള അധ്യായം ഉള്‍പ്പെടുത്തിയത്. വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് പശു തന്നെയെഴുതുന്ന കത്തിന്റെ രൂപത്തിലാണ് പാഠം. വിദ്യാര്‍ഥികളെ പുത്രന്‍മാരെ, പുത്രിമാരെ എന്ന് അഭിസംബോധന ചെയ്ത് തുടങ്ങുന്ന അധ്യായത്തില്‍ ഹിന്ദു ദൈവങ്ങള്‍ക്കൊപ്പം പശുവിന്റെ വലിയ ചിത്രവും നല്‍കിയിരിക്കുന്നു. പുസ്തകങ്ങളിലുള്‍പ്പെടെ ഹിന്ദുത്വ അജണ്ടയുടെ പേരില്‍ വിവാദമുണ്ടായ രാജസ്ഥാനിലെ മാത്രം പ്രതിഭാസമായ പശു(ഗോപാലന്‍) മന്ത്രാലയത്തിന്റെ പ്രത്യേക താല്‍പര്യത്തിലാണ് പുതിയ പാഠം ഉള്‍പ്പെടുത്തിയത്.

ഓരോ പൗരനും വ്യക്തി പ്രഭാവം, ദീര്‍ഘായുസ്സ്, ആരോഗ്യം,സന്തോഷം,അഭിവൃദ്ധി എന്നിവ നല്‍കുന്നത് ഞാന്‍ ആണെന്ന് പശു കുട്ടികളോട് പറയുന്നു. കൂടാതെ എന്റെ പാലും വെണ്ണയും ആരോഗ്യത്തിന് നല്ലതാണെന്നും എന്റെ മൂത്രം മരുന്നായിട്ട് ജനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും പശു പറയുന്നുണ്ട്. പശുവിനെ കുറിച്ച് കുട്ടികള്‍ക്ക് നല്ല രീതിയിലുള്ള അവബോധം നല്‍കാന്‍ ഈ പാഠപുസ്തകം ഗുണകരമാവുമെന്ന് ഗോമന്ത്രാലയം കൈകാര്യം ചെയ്യുന്ന ഒട്ടാറാം ദേവസി പറഞ്ഞു. അതേസമയം, രാജസ്ഥാന്‍ സര്‍ക്കാറിന്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ് ഈ പാഠമെന്ന ശക്തമായ വിമര്‍ശനങ്ങള്‍ ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.