തിരുവനന്തപുരം: തെരഞ്ഞെടുപ്പു പ്രചാരണത്തിന് മുന്‍കൂര്‍ അനുമതിയില്ലാതെ ഗണ്‍മാനെ കൊണ്ടുപോയ മന്ത്രി വി എസ് ശിവകുമാറിന് കാരണം കാണിക്കല്‍ നോട്ടീസ്. ശിവകുമാറിന്റെ ചട്ടലംഘനം ഇന്നലെ കൈരളി ന്യൂസ് ഓണ്‍ലൈന്‍
പുറത്തുകൊണ്ടുവന്നത്. തുടര്‍ന്ന് നിയോജകമണ്ഡലം വരണാധികാരിയാണ് നോട്ടീസ് നല്‍കുകയായിരുന്നു. മന്ത്രി എന്ന നിലയില്‍ സുരക്ഷയ്ക്കായി ലഭിച്ച ഗണ്‍മാനെയാണ് വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള മണ്ഡലപര്യടനത്തില്‍ സഹായിയായി ഉപയോഗിക്കുന്നത്. സുരക്ഷാ ഭീഷണി നിലനില്‍ക്കുന്ന പക്ഷം ഇലക്ഷന്‍ കമ്മീഷന്റെയോ ആഭ്യന്തര വകുപ്പിന്റെയോ അനുമതിയോടു കൂടി സുരക്ഷാ ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഒപ്പം കൂട്ടാം. എന്നാല്‍ മന്ത്രിക്ക് ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ ഭീഷണി നിലവിലുള്ളതായി അറിവില്ല. ഈ സാഹചര്യത്തിലാണ് വിഎസ് ശിവകുമാറിന്റെ ചട്ടലംഘനം. പൊതു ഖജനാവില്‍ നിന്ന് ശമ്പളം പറ്റുന്ന പോലീസ് ഉദ്യോഗസ്ഥനാണ് സ്ഥാനാര്‍ത്ഥിയുടെ ഗണ്‍മാന്‍. സര്‍ക്കാര്‍ പദവിയില്‍ ഇരിക്കെ ലഭിച്ച ഗണ്‍മാനെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അടിയന്തിരമായി കേസ് എടുക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു.