സ്ത്രീകളുടെ തുല്യവകാശത്തിനായി ഈ മാസം അവസാനം 1520 പേരടങ്ങുന്ന സംഘം ശബരിമലയില്‍ പ്രവേശിക്കും; ദൈവത്തിന് സ്ത്രീയെന്നും പുരുഷനെന്നും വിവേചനമില്ലെന്ന് തൃപ്തിദേശായി

മുംബൈ: സ്ത്രീകളുടെ തുല്യവകാശത്തിനായി ഈ മാസം അവസാനം 1520 പേരടങ്ങുന്ന സംഘം ശബരിമലയില്‍ പ്രവേശിക്കുമെന്ന് സ്ത്രീകളുടെ തുല്യാവകാശത്തിനായി പോരാടുന്ന ‘ഭൂമാതാ ബ്രിഗേഡ്’ പ്രവര്‍ത്തക തൃപ്തി ദേശായി. സ്ത്രീകള്‍ക്കും ശബരിമല ക്ഷേത്രത്തില്‍ പ്രവേശം അനുവദിക്കണമെന്ന ആവശ്യം ക്ഷേത്രം ട്രസ്റ്റികള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുമെന്നും ബലപ്രയോഗത്തിന് പകരം ജനാധിപത്യ മാര്‍ഗങ്ങളിലൂടെ അവകാശം നേടിയെടുക്കുമെന്നും ഡി.എന്‍.എ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ശനി ഷിംഗ്‌നാപുര്‍, ത്രയംബകേശ്വര്‍ ക്ഷേത്രങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന കോടതിവിധി നേടിയെടുത്തത് തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഭൂമാതാ ബ്രിഗേഡ് എന്ന സന്നദ്ധ സംഘടനയായിരുന്നു. ശബരിമല അയ്യപ്പന്‍ ബ്രഹ്മചാരിയായ ദേവനാണെന്നും ആര്‍ത്തവമുള്ള സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന ആചാരത്തിന് ദീര്‍ഘകാലത്തെ പഴക്കമുണ്ടെന്നുമുള്ള ചോദ്യത്തിന് ആര്‍ത്തവമുള്ള ദിവസങ്ങളില്‍ മാത്രം പ്രവേശം നിഷേധിക്കുന്നതിനു പകരം മറ്റു ദിവസങ്ങളില്‍ സ്ത്രീകളെ തടയുന്നതെന്തിനാണെന്ന് അവര്‍ ചോദിച്ചു. ദൈവത്തിന് സ്ത്രീയെന്നും പുരുഷനെന്നും വിവേചനമില്ലെന്നും പൗരോഹിത്യമാണ് ആ വിവേചനം സൃഷ്ടിച്ചതെന്നും തൃപ്തി ദേശായി ചൂണ്ടിക്കാട്ടി. ശബരിമലയിലത്തെുന്ന തീയതി തീരുമാനിച്ചിട്ടില്ലെന്നും രണ്ടു ദിവസത്തിനുള്ളില്‍ ക്ഷേത്ര ട്രസ്റ്റിന് കത്തയക്കുമെന്നും ദേശായി അറിയിച്ചു.

© 2025 Live Kerala News. All Rights Reserved.