സ്വന്തംലേഖകന്‍
കൊച്ചി: ഭര്‍ത്താവായ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ കോഴ വാഗ്ദാനം ചെയ്ത മാധ്യമ പ്രവര്‍ത്തകയുടെ ടേപ്പ് പുറത്തുവന്ന സാഹചര്യത്തില്‍ പിരിച്ചുവിടല്‍ നടപടി പുരോഗമിക്കെ ഇവര്‍ മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ചു. മാതൃഭൂമി ന്യൂസ് കൊച്ചി ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ ലേബി സജീന്ദ്രനാണ് മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചുകൊണ്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. കുന്നത്തുനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ വിപി സജീന്ദ്രന്റെ ഭാര്യയാണ് ലേബി സജീന്ദ്രന്‍. കൊച്ചിയിലെ തന്റെ സഹപ്രവര്‍ത്തകനായ ബിജുപങ്കജിനെതിരെയും ഫോണ്‍സംഭാഷണത്തില്‍ പറയുന്നുണ്ട്. അയാള് പണ്ടേ തനിക്ക് പാരയാണ്. ഇയാളെ നിരീക്ഷിക്കാനും സജീന്ദ്രന് അനുകൂലമായി എഴുതാന്‍ പ്രാദേശിക ലേഖകര്‍ക്ക് പണം കൊടുക്കാനും ഇവര്‍ നിര്‍ദ്ദേശിക്കുന്നതായി കേള്‍ക്കാം. ഒമ്പത് മിനിറ്റോളം വരുന്നതാണ് ലേബിയുമായുള്ള ഫോണ്‍ സംഭാഷണം. ഭര്‍ത്താവിനെ കാലുവാരുമെന്ന് സംശയമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിരീക്ഷിക്കാന്‍ ഏര്‍പ്പാടാക്കിയ ആളുമായുള്ള സംഭാഷണമാണ് പുറത്തായത്. പ്രാദേശിക ലേഖകരെ കൂടെ കൂട്ടാന്‍ 20000 രൂപ കൊടുക്കാനും ലേബി നിര്‍ദ്ദേശിക്കുന്നു. പണം കൊടുക്കുന്നത് കൊണ്ട് ഉപകാരമുണ്ടാകുമെന്നും സൂചിപ്പിക്കുന്നു. അവിടത്തെ മനോരമ ലേഖകനും വീക്ഷണം ലേഖകനും അനുകൂലമാണ് മറ്റുള്ളവരുടെ കാര്യം റെഡിയാക്കണമെന്നും പറയുന്നുണ്ട്. മാത്രമല്ല ജോസ്് തെറ്റയില്‍ ലൈംഗിക വിവാദം മാതൃഭൂമി മുതലാളിയ്ക്ക് വേണ്ടിയാണ് ചെയ്തതെന്നും തനിക്ക് ഇതിനോട് താല്‍പര്യമില്ലായിരുന്നെന്നും ഇവര്‍ പറയുന്ന ഓഡിയോയാണ് പുറത്തായത്. സംഭവം വലിയ ഒച്ചപ്പാടായതോടെ ലേബിയോട് വിശദീകരണം ചോദിച്ചുകൊണ്ട് കത്തയക്കാന്‍ എം വി ശ്രേയാംസ്‌കുമാര്‍ ചാനല്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍ ഉണ്ണിബാലകൃഷ്ണന് നിര്‍ദേശം നല്‍കിയിരുന്നു. വിശദീകരണം എന്തായാലും പിരിച്ചുവിടാനായിരുന്നു മാനേജ് മെന്റ് തീരുമാനം. മാതൃഭൂമി ഉടമയ്‌ക്കെതിരെയും അതുപോലെത്തന്നെ മാതൃഭൂമി ന്യൂസിലെ മികച്ച ജേര്‍ണലിസ്റ്റായ ബിജു പങ്കജിനെതിരെയുമാണ് ലേബി സംസാരിച്ചത്. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ വിട്ടുവീഴ്ച്ച ആവശ്യമില്ലെന്ന നിലപാടായിരുന്നു ശ്രേയാംസ്‌കുമാറിന്റേത്. പിരിച്ചുവിടാനുള്ള നീക്കം ചില സഹപ്രവര്‍ത്തകര്‍ വഴി അറിഞ്ഞതോടെയാണ് ലേബി പൊടുന്നനെ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും പി വി ശ്രീനിജനാണ് ഇതിന് പിന്നിലെന്നും ആരോപിച്ചുകൊണ്ട് എഫ്ബി പോസ്റ്റിട്ട് തടിയൂരിയത്.