ഹൈദരാബാദിന് 85 റണ്‍സിന്റെ തകര്‍പ്പന്‍ ജയം; മുംബൈ ഇന്ത്യന്‍സിന് തോല്‍വി

വിശാഖപട്ടണം: ഐപിഎല്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സ് 85 റണ്‍സിന്റെ തോല്‍വി. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തി 177 റണ്‍സെടുത്തപ്പോള്‍ മുംബൈ 16.3 ഓവറില്‍ 92 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്നു വിക്കറ്റു വീതം വീഴ്ത്തിയ ആശിഷ് നെഹ്‌റയും മുസ്താഫിസുര്‍ റഹ്മാനുമാണ് മുംബൈയെ എറിഞ്ഞിട്ടു്. നെഹ്‌റ മൂന്നോവറില്‍ 15 റണ്‍സും മുസ്താഫിസുര്‍ മൂന്നോവറില്‍ 16 റണ്‍സും മാത്രമാണ് വഴങ്ങിയത്. ബരീന്ദര്‍ സരണ്‍ രണ്ടു വിക്കറ്റും ഭുവനേശ്വര്‍ കുമാറും ഹെന്റിക്‌സും ഓരോ വിക്കറ്റും വീഴ്ത്തി.

മുംബൈ നിരയില്‍ 22 പന്തില്‍ 21 റണ്‍സെടുത്ത് പുറത്താകാതെനിന്ന ഹര്‍ഭജന്‍ സിംഗാണ് ടോപ് സ്‌കോറര്‍. കൃണാല്‍ പാണ്ഡ്യയും(17) കെയ്‌റോണ്‍ പൊള്ളാര്‍ഡും (11) മാത്രമാണ് ഹര്‍ഭജനെ കൂടാതെ രണ്ടക്കം കടന്നത്. ശിഖര്‍ ധവാന്റെ അര്‍ധസെഞ്ചുറിയാണ് ഹൈദരാബാദിന് മികച്ച സ്‌കോര്‍ നല്‍കിയത്. ധവാന്‍ 57 പന്തില്‍ 10 ബൗണ്ടറിയും ഒരു സിക്‌സുമടക്കം 82 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. വാര്‍ണറുമൊത്ത് (48) മികച്ച തുടക്കമാണ് ധവാന്‍ ഹൈദരാബാദിന് നല്‍കിയത്. 33 പന്തില്‍ ഏഴു ബൗണ്ടറിയും ഒരു സിക്‌സുമടക്കമായിരുന്നു വാര്‍ണര്‍ 48 റണ്‍സെടുത്തത്. വാര്‍ണര്‍ വീണ ശേഷം ക്രീസിലെത്തിയ വില്യംസണ്‍ രണ്ട് റണ്‍സെടുത്തു പുറത്തായി. എന്നാല്‍, ആദ്യമത്സരത്തില്‍ പരാജയപ്പെട്ട യുവ് രാജിനെ കൂട്ടുപിടിച്ച് ധവാന്‍ തകര്‍ത്തടിച്ചു. യുവിയും മികച്ച ഫോമിലായിരുന്നു.

© 2024 Live Kerala News. All Rights Reserved.