സിപിഎമ്മും കോണ്‍ഗ്രസും ബംഗാളില്‍ ദോസ്തിയും കേരളത്തില്‍ ഗുസ്തിയും; ഇവരുടെ കാപട്യം തിരിച്ചറിഞ്ഞ് ജനങ്ങള്‍ വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

കാസര്‍ഗോഡ്: പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ്-സിപിഎം സഖ്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സിപിഎമ്മും കോണ്‍ഗ്രസും ബംഗാളില്‍ ദോസ്തിയും കേരളത്തില്‍ ഗുസ്തിയുമാണെന്ന് മോഡി പരിഹസിച്ചു. കോണ്‍ഗ്രസ് അഴിമതിക്കാരാണെന്നാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. ഇതേ നേതാക്കള്‍ ബംഗാളില്‍ പോയിട്ട് പറയുന്നത് കോണ്‍ഗ്രസിന്റെ അത്ര മികച്ച വേറെ പാര്‍ട്ടിയില്ലെന്നാണ്. ഇവരുടെ കാപട്യം തിരിച്ചറിഞ്ഞ് സ്വീകരിക്കണോ വേണ്ടയോ എന്ന് കേരളത്തിലെ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും മോഡി പറഞ്ഞു.
കാസര്‍ഗോഡ് സര്‍ക്കാര്‍ കോളജിന്റെ ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങിയ പ്രധാനമന്ത്രി മലയാളത്തിലാണ് പ്രസംഗിച്ചു തുടങ്ങിയത്. യമനിലും ലിബിയയിലും കുടുങ്ങിയ മലയാളി നേഴ്‌സുമാരെ തിരികെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. കാസര്‍ഗോഡ് ആദ്യ തെരഞ്ഞെടുപ്പ് റാലി പൂര്‍ത്തിയാക്കി മടങ്ങിയ പ്രധാനമന്ത്രി 12.45ന് കുട്ടനാട് മണ്ഡലത്തിലെ എടത്വ ലൂര്‍ദ് മാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കും.

© 2024 Live Kerala News. All Rights Reserved.