മനാമ: ബഹ്‌റൈന്‍-യൂറോപ് സംയുക്ത പരിസ്ഥിതി വാരാചരണം സംഘടിപ്പിക്കുമെന്ന് മനാമ കേന്ദ്രമായുള്ള അറബ് റീജ്യനല്‍ സെന്റര്‍ ഫോര്‍ വേള്‍ഡ് ഹെരിറ്റേജ് വൃത്തങ്ങള്‍ വ്യക്തമാക്കി. പരിസ്ഥിതി കാര്യ ഉന്നതാധികാര സമിതിയുടെ രക്ഷാധികാരത്തില്‍ നടക്കുന്ന പരിപാടിയില്‍ ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാഷ്ട്രങ്ങളുടെ എംബസികള്‍ സഹകരിക്കും. ഇന്ന് രാവിലെ അറബ് റീജ്യനല്‍ സെന്ററില്‍ ഉദ്ഘാടനം നടക്കും. വാരാചരണത്തോടനുബന്ധിച്ച് ശില്‍പശാലയടക്കമുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനം ആഗോളതലത്തില്‍ ഭീഷണി ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ സുസ്ഥിര വളര്‍ച്ച നേടിയെടുക്കുന്നതിന്റെ പ്രാധാന്യവും അതിനായുള്ള വിവിധ വഴികളെക്കുറിച്ചും ചര്‍ച്ച നടക്കും. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിനും പദ്ധതിയുണ്ട്.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതോടൊപ്പം പുനരുപയോഗ ഊര്‍ജ സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതയും ചര്‍ച്ച ചെയ്യും. പരിസ്ഥിതി സംരക്ഷണത്തില്‍ ബഹ്‌റൈനും യൂറോപ്യന്‍ രാജ്യങ്ങളും തമ്മില്‍ സംയുക്ത സഹകരണം ഉറപ്പുവരുത്തുന്നതിന് ഇത് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിന്റെ ഭാഗമായി ‘യുനെസ്‌കോ’യുടെ ഒരു പ്രമുഖ പഠനം അറബിയിലേക്ക് വിവര്‍ത്തനം നടത്തി പ്രസിദ്ധീകരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.