കൊച്ചി: രാജീവ് രവി സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്രകഥാപാത്രമാകുന്ന ‘കമ്മട്ടിപ്പാടം’ മെയ് 20ന് റിലീസ് ചെയ്യും. ചിത്രത്തില്‍ ദുല്‍ഖറിന്റെയും വിനായകന്റെയും ഗെറ്റപ്പുകളും പോസ്റ്ററുകളുളും ഏറെ ആകര്‍ഷകമാണ്. മുംബൈയില്‍ ജോലി നോക്കുന്ന നാല്‍പത്തിമൂന്നുകാരനായ കൃഷ്ണന്‍ എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ എത്തുന്നത്. ‘കമ്മട്ടിപ്പാടം’ എന്ന് വിളിക്കപ്പെട്ടിരുന്ന എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് പുറകിലുള്ള പ്രദേശം ഒരു നഗരഭാഗമായി വളര്‍ന്നുവന്നതിന്റെ ചരിത്രമാണ് രാജീവ് രവി പറയുന്നത്. പി.ബാലചന്ദ്രന്റേതാണ് തിരക്കഥ. ചിത്രത്തില്‍ കൃഷ്ണന്റെ ആത്മസുഹൃത്താണ് വിനായകന്‍ അവതരിപ്പിക്കുന്ന ഗംഗന്‍. ചിത്രത്തിന്റെ പുറത്തുവന്ന ഏറ്റവും പുതിയ പോസ്റ്ററില്‍ കൃഷ്ണന്റെയും ഗംഗന്റെയും രണ്ട് കാലങ്ങളുടെ ചിത്രീകരണമുണ്ട്. അവരുടെ ബാല്യത്തിന്റെയും യൗവനത്തിന്റെയും. വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍,പി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലേ, അനില്‍ നെടുമങ്ങാട്, ഷോണ്‍ റൂമി, അഞ്ജലി അനീഷ്, മുത്തുമണി എന്നിവരും ചിത്രത്തിലുണ്ട്.