കേരളത്തില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ മത്സരം; എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സ്ഥിതിയാണെന്നും ഉമ്മന്‍ ചാണ്ടി

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫും ബിജെപിയും തമ്മിലാണ് പ്രധാന മത്സരമെന്നും എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സ്ഥിതിയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. യുഡിഎഫ് സ്ഥനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ആലപ്പുഴ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ബംഗാളില്‍ എഴുന്നേറ്റുനില്‍ക്കാന്‍ സി.പി.ഐ.എം കോണ്‍ഗ്രസിന്റെ കൈപിടിച്ച സ്ഥിതി അറിയാമല്ലോയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.ബി.ജെ.പിയുടെ പിന്തുണ വാങ്ങുന്നതിനെക്കാള്‍ നല്ലത് പ്രതിപക്ഷത്തിരിക്കുന്നതാണെന്ന നിലപാടാണ് യു.ഡി.എഫിനുള്ളത്. ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്റെ മാനസികാവസ്ഥയിലാണ് സി.പി.ഐ.എം യു.ഡി.എഫിനെതിരെ ബി.ജെ.പി ബന്ധം ആരോപിക്കുന്നത്. ബി.ജെ.പിയുമായി ധാരണയുണ്ടാക്കിയ സി.പി.ഐ.എം യു.ഡി.എഫിനെതിരെ അടിസ്ഥാനരഹിത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫിന് എതിരാക്കാമെന്നത് ഇത്തവണ വ്യാമോഹം മാത്രമാണ്. എല്ലാത്തവണയും മാറുന്നതുപോലെ ഇത്തവണ ഭരണമാറ്റമുണ്ടാകില്ല. യു.ഡി.എഫിന്റെ ഭരണത്തുടര്‍ച്ചയുണ്ടാകും. ഇതില്‍ വിറളിപൂണ്ടാണ് സി.പി.ഐഒ. എം കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നത്. കള്ളന്‍ കള്ളനെന്ന് വിളിച്ചു പറഞ്ഞു ഓടുന്നവരാണ് യഥാര്‍ഥ കള്ളന്മാരെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.