ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹി സര്‍വകലാശാലയില്‍നിന്നു ബി .എ ബിരുദം നേടിയെന്നതു വ്യാജമെന്ന് തെളിയിക്കുന്ന പുതിയ രേഖകള്‍ ആം ആദ്മി പാര്‍ട്ടി ലഭിച്ചു. മോദി അവകാശപ്പെട്ടതുപോലെ 1978ല്‍ നരേന്ദ്ര ദാമോദര്‍ മോദി ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍നിന്നു ബിരുദം നേടിയിട്ടില്ല. ആ വര്‍ഷം ബിരുദം നേടിയതു രാജസ്ഥാനിലെ അല്‍വാറില്‍നിന്നുള്ള നരേന്ദ്ര മഹാവിര്‍ മോദിയാണ്. ഡല്‍ഹി സര്‍വകലാശാലയില്‍ മോദിയുടെ ബിരുദയോഗ്യത തെളിയിക്കുന്ന ഒരു രേഖയുമില്ലെന്നാണ് എഎപിയുടെ കണ്ടെത്തല്‍.
രാജസ്ഥാനില്‍നിന്നുള്ള മോദിയുടെ സര്‍ട്ടിഫിക്കറ്റ് ലഭ്യമാണെങ്കിലും ഗുജറാത്തിലെ വദ്‌നഗറില്‍നിന്നുള്ള മോദിയുടെ രേഖകളൊന്നും സര്‍വകലാശാലയില്‍ ഇല്ലെന്നും എഎപി വാദിക്കുന്നു. ‘ അദ്ദേഹം പരീക്ഷയെഴുതിയിട്ടില്ല. ആ ബിരുദം വ്യാജമാണ്’ എഎപിയുടെ അശുതോഷ് പറഞ്ഞു. അതേസമയം, താന്‍ ഡല്‍ഹി സര്‍വകലാശാലയില്‍ 1975 മുതല്‍ 1978 വരെ പഠിച്ചതായി നരേന്ദ്രമോദി ഒരു ടിവി ചാനല്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. കോളജില്‍ തന്റെ സീനിയറായി കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പഠിച്ചിരുന്നതായും അദ്ദേഹം സൂചിപ്പിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസ് എഎപി ആരോപണങ്ങളോടു പ്രതികരിച്ചിട്ടില്ല. ഒരു മുഖ്യമന്ത്രി ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അനുചിതമാണെന്നും താന്‍ പ്രതികരിക്കാനില്ലെന്നും കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. 2014ല്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന്റെ ഭാഗമായി നല്‍കിയ സത്യവാങ്മൂലത്തിലാണു ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് 1978ല്‍ ബിരുദവും ഗുജറാത്ത് സര്‍വകലാശാലയില്‍നിന്ന് 1983ല്‍ എംഎയും നേടിയതായി മോദി വെളിപ്പെടുത്തിയത്. പതിനേഴാം വയസ്സില്‍ പഠിപ്പു നിര്‍ത്തി വീടു വിട്ടെങ്കിലും പിന്നീട് ആര്‍എസ്എസിലെ മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശപ്രകാരം തുടര്‍പഠനം നടത്തിയെന്നും പഴയ ഒരു ടിവി അഭിമുഖത്തില്‍ നരേന്ദ്രമോദി പറഞ്ഞിരുന്നു.