ന്യുഡല്‍ഹി: ഉത്തരാഖണ്ഡില്‍ വിശ്വാസവോട്ടെടുപ്പ് മേയ് 10 ന് നടത്തണമെന്ന് സുപ്രീംകോടതി. വിശ്വാസ വോട്ടിനെ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അനുകൂലിച്ചു. നിയമസഭയില്‍ നിന്ന് സ്പീക്കര്‍ സസ്‌പെന്റു ചെയ്ത ഒമ്പത് വിമത എം.എല്‍.എമാര്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. വിമതര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. വോട്ടെടുപ്പ് നടപടികള്‍ നിരീക്ഷിക്കുന്നതിനായി കോടതി ഒരു നിരീക്ഷകനെ നിയമിക്കും. നടപടികള്‍ പൂര്‍ണ്ണമായും വീഡിയോവില്‍ പകര്‍ത്തുമെന്നും കോടതി അറിയിച്ചു.
വിശ്വാസവോട്ട് നടക്കുന്ന രണ്ടു മണിക്കൂര്‍ സമയം രാഷ്ട്രപതി ഭരണം റദ്ദാക്കപ്പെടും. വോട്ടെടുപ്പില്‍ പങ്കെടുക്കാനെത്തുന്ന എം.എല്‍.എമാര്‍ക്ക് ആവശ്യമായ സുരക്ഷ ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ഉറപ്പുവരുത്തണം. മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ അനുകൂലിക്കുന്നവര്‍ ഒരു വശത്തും എതിര്‍ക്കുന്നവര്‍ മറുവശത്തും നില്‍ക്കണം. സ്പീക്കര്‍ നിര്‍ദേശിക്കുന്ന പ്രകാരം എം.എല്‍.എമാര്‍ കൈ ഉയര്‍ത്തണം. വിശ്വാസവോട്ടെടുപ്പിന്റെ ഫലം 11ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ചീഫ് സെക്രട്ടറി ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.