ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നുള്ള ബിഎ ബിരുദമില്ലെന്ന് അരവിന്ദ് കെജ്‌രിവാള്‍. പ്രധാനമന്ത്രിയുടെ ബിരുദത്തിന്റെ രേഖകള്‍ കാണിക്കാന്‍ ഡല്‍ഹി സര്‍വകലാശാല വിസമ്മതിക്കുന്നത് എന്ത് കൊണ്ടാണെന്നും കെജ്‌രിവാള്‍ ചോദിച്ചു. അദ്ദേഹത്തിന് ബിഎ ബിരുദമില്ലെന്നാണ് തനിക്കു ലഭിച്ച വിവരമെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. മോദിക്ക് ബിരുദമുണ്ടെന്ന് ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ച രേഖകള്‍ വ്യാജമാണ്. ഡല്‍ഹി സര്‍വകലാശാലയില്‍ ഇതുസംബന്ധിച്ച രേഖകളില്ല. പ്രധാനമന്ത്രിയുടെ ബിരുദ രേഖകള്‍ പുറത്തുവിടുന്നതിന് ഡല്‍ഹി സര്‍വകലാശാല മടിക്കുന്നത് എന്തിന്? സര്‍വകലാശാലയില്‍ പഠനത്തിനു പ്രവേശിച്ചതിന്റെയോ ബിരുദത്തിന്റെയോ മാര്‍ക്ക് ഷീറ്റിന്റെയോ കണ്‍വക്കേഷന്റെയോ രേഖകള്‍ ഡല്‍ഹി സര്‍വകലാശാലയില്‍ ഇല്ലെന്നും കെജ്‌രിവാള്‍ ആരോപിച്ചു.
2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിഎയും ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാന്തര ബിരുദവും പാസായതായിട്ടാണ് മോദി സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ വിവരാവകാശപ്രകാരുമുള്ള അപേക്ഷയ്ക്ക് മറുപടിയായി തങ്ങളുടെ പക്കല്‍ വിശദാംശങ്ങളൊന്നുമില്ല എന്ന മറുപടിയാണ് ഡല്‍ഹി സര്‍വകലാശാല നല്‍കിയത്.