ന്യൂഡല്‍ഹി: പെരുമ്പാവൂരില്‍ ക്രൂരമായ ബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനി ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയേക്കും. 11ന് തൃപ്പൂണിത്തുറ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് റാലിക്ക് എത്തുമ്പോഴായിരിക്കും സന്ദര്‍ശനമെന്നാണ് സൂചന. അതേസമയം കേന്ദ്രസാമൂഹിക നീതിവകുപ്പ് മന്ത്രി തവര്‍ചന്ദ് ഗെഹ്ലോട്ട് ഇന്ന് കേരളത്തിലെത്തും. സംഭവത്തില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടിയിരുന്നു. അതെ സമയം ജിഷ കൊലപാതകക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തില്‍ അഴിച്ചു പണി. അന്വേഷണ സംഘത്തില്‍ നിന്ന് പെരുമ്പാവൂര്‍ ഡിവൈ.എസ്.പിയെ ഒഴിവാക്കി. പകരം ഡിവൈഎസ്പി എ.ബി ജിജിമോനാണ് ചുമതല. അന്വേഷണ സംഘത്തില്‍ 3 ഡിവൈ.എസ്.പിമാരും അഞ്ച് സി.ഐമാമാരുമുണ്ട്. ആകെ 28 പേര്‍ ഉള്‍പ്പെടുന്നതാണ് അന്വേഷണസംഘം.
കൊല്ലപ്പെട്ട ജിഷയുടെ ശരീരത്തില്‍ 38 മുറിവുകളുണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആലപ്പുഴ മെഡിക്കല്‍ കോളജ് സംഘം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. പീഡിപ്പിക്കാന്‍ ശ്രമം നടന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ആന്തരികാവയവ പരിശോധനക്ക് ശേഷമേ പീഡനം നടന്നോയെന്ന് സ്ഥിരീകരിക്കാനാവൂ. സാംപിളുകള്‍ പരിശോധനക്ക് അയച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികളില്‍ വീഴ്ചവന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ നിഷേധിച്ചു. പി.ജി വിദ്യാര്‍ഥിയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഒരോ മുറിവിന്റെയും ആഴവും വിശദാംശങ്ങളും ഉള്‍പ്പെടുന്ന അഞ്ച് പേജുള്ള റിപ്പോര്‍ട്ടാണ് പൊലീസിന് കൈമാറിയിട്ടുള്ളത്.