ഞങ്ങള്‍ എങ്ങനെ പുറത്തിറങ്ങും? പുരുഷ കേന്ദ്രീകൃത ലോകത്ത് നിന്ന് എന്ത് നീതിയാണ് ഞങ്ങള്‍ പ്രതീക്ഷിക്കേണ്ടത്?

പെരുമ്പാവൂരില്‍ ജിഷയെ ക്രൂരമായി ബലാത്സംഘം ചെയ്ത ശേഷം കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ അനുഭവങ്ങളും ആശങ്കകളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുകയാണ് പ്രമുഖരായ പത്ത് വനിതകള്‍

സുനിതാ ദേവദാസ്(മാധ്യമപ്രവര്‍ത്തക)

suni

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പിണറായി വിജയന്‍ Pinarayi Vijayan മുതല്‍ Oommen Chandy ഉമ്മന്‍ചാണ്ടിവരെയുള്ളവര്‍ വായിച്ചറിയാന്‍…
കുറുംപ്പംപടി വട്ടോളി വീട്ടില്‍ കനാല്‍ ബണ്ട് പുറമ്പോക്കിലെ രണ്ടു സെന്റ് ഭൂമിയില്‍ താമസിച്ചിരുന്ന എല്‍ എല്‍ ബി വരെ പഠിച്ച ജിഷ എന്ന പെണ്‍കുട്ടിയെ ആരോ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്നിരിക്കുന്നു.
പുറമ്പോക്കില്‍ താമസിക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ നിങ്ങളുടെയൊക്കെ മനസിലേക്ക് ആദ്യം വരുന്ന ചിത്രം ഇവര്‍ക്ക് തെരഞ്ഞെടുപ്പില്‍ വോട്ടില്ല എന്നതായിരിക്കുമല്‌ളോ? തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമേയുള്ളു. നിങ്ങളെല്ലാവരും വോട്ടു പിടിക്കുന്ന തിരക്കിലാണെന്നറിയാം. അതിനാല്‍ വെറും ഒരു പ്രതികരണത്തിനപ്പുറം നിങ്ങളാരും മുന്നോട്ടു വരാനിടയില്ല.
എന്നാല്‍ വോട്ടില്ലാത്തത് ജിഷക്കും അവളുടെ അമ്മക്കും മാത്രമാണ്. നിങ്ങള്‍ക്കറിയാമോ വോട്ടര്‍മാരില്‍ പകുതിയിലേറെപ്പേര്‍ സ്ത്രീകളാണെന്ന കാര്യം? ജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ സ്ത്രീകള്‍ക്കു കഴിയുമെന്ന്? ഞങ്ങളിലൊരാള്‍ മരിച്ചു തലക്കു മുകളില്‍ നില്‍ക്കുമ്പോള്‍ , അവളുടെ കൊലയാളികളെ കണ്ടത്തൊത്തിടത്തോളം കാലം, അവളുടെ കുടുംബത്തിന് നീതി കിട്ടാത്തിടത്തോളം കാലം ഈ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യേണ്ടതില്ലായെന്നാണ് ഞങ്ങളുടെ സ്ത്രീ കൂട്ടായ്മ ഇന്നലെയെടുത്ത തീരുമാനം… അവര്‍ വോട്ടു ചെയ്യുന്നത് നോട്ടക്കാണ്…അതുകൊണ്ട് ഈ പൊരിവെയിലത്ത് വീടുവീടാന്തരം കയറിയിറങ്ങി നിങ്ങള്‍ അധികം വിയര്‍ക്കേണ്ട….
എന്തിനാണ് കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍? അഞ്ചുവര്‍ഷം കൂടുമ്പോ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ?
ഈ തെരഞ്ഞെടുപ്പില്‍ പോലും എത്ര കുറച്ചു സ്ത്രീകളെയാണ് നിങ്ങള്‍ മത്സരിപ്പിക്കുന്നത്? ഞങ്ങള്‍ക്ക് സ്ത്രീകള്‍ക്ക് ജനസംഖ്യാനുപാതത്തിനനുസരണമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം വേണം… ഞങ്ങള്‍ക്ക് അധികാരം വേണം… എങ്കിലേ ഈ പ്രശ്‌നങ്ങളൊക്കെ ഞങ്ങള്‍ക്കു തന്നെ പരിഹരിക്കാന്‍ കഴിയൂ…. അല്‌ളെങ്കില്‍ കൂട്ടത്തിലൊരെണ്ണം മരിച്ചു കിടക്കുമ്പോള്‍ പോലും അധികാരമില്ലാത്തതിനാല്‍ നിങ്ങളുടെ കാലു പിടിച്ചു കെഞ്ചേണ്ടി വരുന്ന ഗതികേടിലാണ് ഞങ്ങള്‍. രാഷ്ട്രീയ പാര്‍ട്ടികളുശട പോഷക സംഘടനകള്‍ പോലും പുരുഷന്‍മാര്‍ നിയന്ത്രിക്കുന്ന സംഘടനകളാണ്…
ജിഷയുടെ കൊലപാതകികളെ കണ്ടത്തെുന്നതു വരെ ഞങ്ങള്‍ വോട്ടു ചെയ്യുകയില്ല. ഇത് എന്റെ തീരുമാനമല്ല… ആയിരക്കണക്കിനു സ്ത്രീകള്‍ എടുത്ത തീരുമാനമാണ്…
ഇതുവരെ ഞങ്ങള്‍ പെണ്‍കുട്ടികളോട് പറഞ്ഞു കൊടുത്തിരുന്നത് ആരേയും ദേഹത്തു തൊടാന്‍ അനുവദിക്കരുത് എന്നായിരുന്നു… എന്നാല്‍ ജിഷയുടെ അനുഭവം ഞങ്ങളെ മാറി ചിന്തിക്കാന്‍ പോലും പ്രേരിപ്പിക്കുന്ന അവസ്ഥയിലേക്ക് മാറ്റിയിരിക്കുന്നു… മനുഷ്യമൃഗങ്ങള്‍ക്ക് ദയയില്ല… അവര്‍ക്ക് സ്ത്രീ വെറും ശരീരമാണ്.. ചെറുത്തു നില്‍പ്പു നടത്തുന്നവരെ അവര്‍ കൊന്നു തള്ളുകയാണ്….
ജീവന്‍ വിലപ്പെട്ടതാണ്.. അതിലുപരി ഞങ്ങള്‍ക്കു ഭയമാണ് ഇത്തരത്തില്‍ ഇഞ്ചിഞ്ചായി മരിക്കാന്‍… ജിഷ അനുഭവിച്ച വേദന എത്രമാത്രമായിരിക്കും?
ഞങ്ങള്‍ എന്തു ചെയ്യണം?
രണ്ടു വഴിയാണുള്ളത്.. ഒന്ന് നിങ്ങള്‍ മുന്‍കൈ എടുത്ത് അക്രമികള്‍ക്ക് പൊട്ടാസ്യം സയനൈഡ് എത്തിച്ചു കൊടുക്കു… ഞങ്ങള്‍ക്ക് വേദനയറിയാത്ത മരണം കിട്ടുമല്‌ളോ? അല്‌ളെങ്കില്‍ ഞങ്ങള്‍ ഞങ്ങളുടെ പെണ്‍മക്കളെ ഇനി മുതല്‍ മാറ്റി പഠിപ്പിക്കാം. ആരെങ്കിലും അപമാനിക്കാന്‍ വന്നാല്‍ വഴങ്ങി കൊടുക്കൂവെന്ന്…. എന്നിട്ട് വീട്ടില്‍ വരൂ… അമ്മ തന്നെ സയനൈഡ് സംഘടിപ്പിച്ച് നമുക്കൊരുമിച്ച് മരിക്കാമെന്ന്….
ഏതു വേണം?
നിങ്ങള്‍ക്ക് ഇത്തവണ മനസാക്ഷിയുള്ള ഒരു സ്ത്രീയും വോട്ടു ചെയ്യില്ല സഹോദരന്‍മാരേ… കാരണം ഞങ്ങളിലൊരുത്തിയാണ് ആയുസ്സെത്താതെ പിടഞ്ഞു മരിച്ചത്. നിങ്ങള്‍ക്കാര്‍ക്കും അതു പ്രശ്‌നമല്‌ളെങ്കിലും ഞങ്ങള്‍ക്കത് മറക്കാനാവില്ല.
ഞങ്ങള്‍ ആത്മാഭിമാനമുള്ള സ്ത്രീകള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുന്നു…. ?#?justiceforjisha?

മായാകൃഷ്ണന്‍( സാമൂഹ്യപ്രവര്‍ത്തക)

maya

തുടങ്ങേണ്ടത് അവളുടെ ചോരവീണ ആ വീടിനുള്ളില്‍ നിന്നു തന്നെയാണ്. അവള്‍ ഉറക്കെ കരഞ്ഞിട്ടും കേള്‍ക്കാതിരുന്ന ആ അയല്‍പക്കം നമ്മള്‍ തന്നെയാണ്. പെരുമ്പാവൂരിലെ വീട്ടില്‍ നിന്നും തുടങ്ങണം. അയല്‍ക്കാരോട് സംസാരിക്കണം. സംഭവിച്ചത് വിശദമായി പറഞ്ഞു കൊടുക്കാന്‍ കഴിയണം. അവരിപ്പോള്‍ ഭയന്നിട്ടുണ്ടാകും. ഈ പോരാട്ടത്തില്‍ ഒപ്പം നില്‍ക്കേവരാണ്. സാക്ഷി പറയേണ്ടവരാണ്. അതേ ചുറ്റുപാടില്‍ താമസിക്കുന്ന ആ മുനുഷ്യര്‍. അവളല്ലായിരുന്നുവെങ്കില്‍ അവരിലെ മറ്റേതോ സ്ത്രീയാകുമായിരിക്കാം അരുംകൊല ചെയ്യപ്പെടുക.
ഇന്ന് നമുക്ക് പെരുമ്പാവൂരിലേയ്ക്ക് പോകാം.
ഇത്രയും നീചമായ ഒരു കൊലപാതകത്തോട് അപമാനകരമായ നിസംഗത പുലര്‍ത്തിയ പോലീസ് സ്‌റ്റേഷനിലേയ്ക്ക്. ആ കൊലയെക്കാള്‍ വോട്ടിന് പ്രാധാന്യം കൊടുത്ത സ്ഥാനാര്‍ത്ഥികളുടെ ചിരിക്കുന്ന ചിത്രങ്ങള്‍ പതിഞ്ഞ പെരുമ്പാവൂരിലേയ്ക്ക്. അവര്‍ ചിരിക്കുന്നതു കണ്ട് നമുക്ക് ലജ്ജിക്കാം. ഇളിഭ്യരാകാം.
ഈ കൊലപാതകം പൂഴ്ത്തി വെച്ചതില്‍ അനാസ്ഥകാണിച്ച മീഡിയ പ്രവര്‍ത്തകരുണ്ടവിടെ. അവരോട് നമുക്ക് ചോദിക്കണം ഇതാണോ… നാലാം തൂണെന്ന്.
ആ കൊലനടന്നത് അറിഞ്ഞ… എല്ലാ തീവ്രതയോടും അറിഞ്ഞ എത്രയെത്ര മനുഷ്യര്‍ പെരുമ്പാവൂരിലുണ്ടായിരുന്നു!. അവരുടെ പെരുമ്പാവൂരിലേയ്ക്ക് നമുക്ക് പോകാം.
അവിടെ നിന്നും തുടങ്ങണം.
അവള്‍ക്ക് കിട്ടേണ്ട നീതി എന്നത് ജനിച്ചതും ജീവിക്കുന്നതും ജനിക്കാനിരിക്കുന്നതുമായ സകല സ്ത്രീകള്‍ക്കും ദരിദ്രനും ദളിതനുമുള്ള നീതിയാണ്.
നമ്മള്‍ പെരുമ്പാവൂരിലേയ്ക്ക് പോകുന്നു. കാമ വെറിയന്‍മാരുടെ കേരളമാണ് ഇതെന്ന് സമ്മതിച്ചേ മതിയാകൂ. ആ കുറ്റം ഏറ്റെടുക്കേണ്ടവരെല്ലാം ഏറ്റെടുക്കുക. നവോത്ഥാന മൂല്യം, കമ്യൂണിസ്റ്റ് ആശയം, സാക്ഷരത, സംസ്‌ക്കാരം എന്നിവയെല്ലാം ഏപ്രില്‍ 28 വരെയേ പറയാനാവൂ. അതിനു ശേഷം അതുപറഞ്ഞു വരുന്നവര്‍ക്കു മുന്നില്‍ കാണിക്കാന്‍ ഓരോ പെണ്ണിനും ഇവിടെ ഒരു തിരിച്ചറിയല്‍ കാര്‍ഡുണ്ട്. അതിലെല്ലാം ഒരേ ചിത്രമാണ് മുലകള്‍ മുറിച്ചു മാറ്റി… ജനനേന്ദ്രിയത്തില്‍ കമ്പിപ്പാരകയറ്റി റേപ്പ് ചെയ്ത് കൊന്ന അവള്‍. അത് ഞാനാണ്. നീയാണ്. നമ്മളാണ്. എന്റെ വീട് വൈക്കത്തല്ല. പെരുമ്പാവൂരിലാണ്. നമ്മുടെ വീട് പെരുമ്പാവൂരിലാണ്. നമുക്ക് നമ്മുടെ വീട്ടില്‍ നിന്ന് തുടങ്ങാം.
മലയാളി സ്ത്രീയക്ക് ഇനി ഒരു നാട് പെരുമ്പാവൂര്‍. ഒരു വീട് വിരലിനു തള്ളിയാല്‍ തുറക്കുന്ന ആ വീട്.. വരാന്‍ സാധിക്കുന്നവര്‍ ഉച്ചക്ക് 2.30 ന് എത്തിച്ചേരുക. പെരുമ്പാവൂര്‍ ഇറങ്ങി കുറുപ്പംപടി കോതമംഗലം ബസ്സില്‍ കയറി ഇരിങ്ങോള്‍ ഇരവിച്ചിറ സറ്റോപ്പില്‍ ഇറങ്ങുക..

 

ദിന്‍ഷ ദിലീപ് (അധ്യാപിക)

dinsha
കൊലവിളി നടത്തുന്നവരോട്,
ദീപക് ശങ്കരനാരായണന്‍,

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി എന്ന ആഹ്വാനം/ആവശ്യം വ്യാപകമാകുന്നു. അതില്‍ തകരാറൊന്നുമില്ല, സ്വാഭാവികമായ പ്രതിഷേധമായേ കാണേണ്ടതുള്ളൂ. അത്തരം വ്യാപകമായ പ്രതിഷേധങ്ങള്‍ നിയമപാലനനീതിന്യായ വ്യവസ്ഥയെ അനാസ്ഥയിലേക്ക് വഴുതാതിരിക്കാന്‍ സഹായിക്കുകയാണെങ്കില്‍ അത്രയും നല്ലത്. ആരുടെയും ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുകയല്ല ഈ പോസ്റ്റിന്റെ ഉദ്ദേശം.
പിന്നെ രണ്ടാമതൊരു വിഭാഗം കുറ്റവാളിയെ ഫോക്കസ് ചെയ്യുന്നതാണ്. അവനെ ഞങ്ങള്‍ക്ക് കൊല്ലാന്‍ വിട്ടുതരിക, അല്ലെങ്കില്‍ ഇപ്പോള്‍ തൂക്കുക എന്നതാണ് എല്ലാറ്റിലേയും നേരിട്ടുള്ളതോ വ്യംഗ്യത്തിലോ ഉള്ള ആഹ്വാനം. അത് കൊല്ലാനൊരുത്തനെ കിട്ടിയ സന്തോഷത്തില്‍ പറയുന്നതാണെന്ന് കൂട്ടിയാല്‍ മതി. അവരെയാണ് ഏറ്റവും ഭയക്കേണ്ടത്, അവരിലുണ്ട് ആ കുറ്റവാളിയും.
(രണ്ടാമത്തെ കൂട്ടര്‍ വായന ഇവിടെ നിര്‍ത്തിയേക്കുക. നിങ്ങളോടൊന്നും പറയാനില്ല.)
ക്രിമിനല്‍ കേയ്‌സുകളിലെ നീതി എന്നത്, ജനാധിപത്യസമൂഹങ്ങളില്‍, സിവില്‍ കേയ്‌സുകളിലെപ്പോലെ വാദിക്ക് പ്രതിയില്‍നിന്ന് നഷ്ടപരിഹാരമോ അന്യായമായി (ബലപ്രയോഗത്തിലൂടെയല്ല, അത് സിവിലും ക്രിമിനലുമായ കുറ്റമാണ്) കൈവശപ്പെടുത്തിയ എന്തെങ്കിലും ന്യായമായ നഷ്ടപരിഹാരമടക്കം തിരിച്ചുകൊടുക്കലോ പോലെ വാദിയും പ്രതിയുമായുള്ള ഒരു സ്വകാര്യവ്യവഹാരമല്ല.
വ്യക്തിപരമായ നീതി എന്നത് ഒരു സ്വകാര്യവ്യവഹാരത്തിന്റെ ഭാഷയാണ്. ക്രിമിനല്‍ കേയ്‌സുകളില്‍, തത്വത്തില്‍ ഇരയും കുറ്റവാളിയുമേയുള്ളൂ, വാദി സ്റ്റേയ്റ്റാണ്. ക്രിമിനല്‍ കേയ്‌സുകളിലെ ഇരകള്‍ക്ക് നീതി എന്നത്, പ്രത്യക്ഷത്തില്‍ ശരിയെന്ന് തോന്നുമെങ്കിലും, നിയമയുക്തിയില്‍ പ്രതികാരനടപടിയാണ്.
കുറ്റം ഒട്ടുമുക്കാലും (ജനിതകമായ കുറ്റവാസന ഉണ്ടെന്നും വാദമുണ്ട്) ഒരു സാമൂഹ്യപ്രതിഭാസമാണ്. ഒരേ സാഹചര്യത്തില്‍ വളര്‍ന്ന മനുഷ്യര്‍ തമ്മില്‍ അഭിരുചികളിലുള്ള വ്യത്യാസം പോലെത്തന്നെ കുറ്റവാസനയുടെ അളവിലും വ്യത്യാസം കാണാം, അതില്ലെന്നല്ല പറയുന്നത്.
പക്ഷേ ഒരു പരിഷ്‌കൃതസമൂഹത്തില്‍ നിയമനിര്‍മ്മാണം (Legislative), നീതിനിര്‍വ്വഹണം (Judiciary), നിയമപരിപാലനം (Law and Order), തിരുത്തല്‍ (Correction) എന്നീ സ്റ്റേയ്റ്റ് സംവിധാനങ്ങളുണ്ട്. വിദ്യാഭ്യാസം മുതല്‍ വ്യക്തിപരമായ ധാര്‍മ്മികത വരെ പരന്നുകിടക്കുന്ന അനേകം സാംസ്‌കാരികസംവിധാനങ്ങളുണ്ട്. ജൈവസഹജമായ ഹിംസാവാസനകള്‍ക്ക് പ്രസക്തിയില്ലാതാക്കേണ്ട സാമൂഹ്യസംവിധാനങ്ങളുണ്ട്. വിഭവനീതി(Resource Justice)യും തുല്യതയും നടപ്പിലാക്കേണ്ട രാഷ്ട്രീയസംവിധാനങ്ങളുമുണ്ടാവണം. ഇവയുടെയൊക്കെ കൂട്ടായതോ പല കോംബിനേഷനുകളിലും പെര്‍മ്യൂട്ടേഷനുകളിലുള്ളതുമോ ആയ പരാജയമാണ് കുറ്റകൃത്യം. കുറ്റവാസനകളിലെ ഏറ്റക്കുറച്ചിലുകളെ മേല്‍പ്പറഞ്ഞ സംവിധാനങ്ങള്‍ വ്യക്തിയില്‍ അപ്രസക്തമാക്കും എന്നതാണ് സങ്കല്പം.
ക്രിമിനല്‍ നീതിസംവിധാനം എന്ന് പറയുന്നത് ഇരയെ തൃപ്തിപ്പെടുത്താനായി കുറ്റവാളിയെ ശിക്ഷിക്കലല്ല. ഇവിടത്തെ കോണ്‍ടെക്സ്റ്റില്‍ പറഞ്ഞാല്‍ കുറ്റവാളിയെ പിടിച്ച് തൂക്കിലിടുന്നതുകൊണ്ട് ഇരയായ പെണ്‍കുട്ടിക്ക്, പ്രത്യേകിച്ചും ആ കുട്ടി കൊല്ലപ്പെട്ടെന്നിരിക്കെ എല്ലാ നഷ്ടങ്ങളും irrecoverable ആയിരിക്കേ, നീതി ലഭിക്കുന്നില്ല. ആ കുട്ടി എന്നന്നേക്കും ഇരയായിത്തന്നെ തുടരും. എന്താണാ കുട്ടിക്ക് വ്യക്തിപരമായി നേടിക്കൊടുക്കാവുന്ന നീതി എന്ന ചോദ്യത്തിന് ഒരു ഉത്തരവുമില്ല. അഥവാ അത് അസാദ്ധ്യമാണ് എന്നതാണ് ഉത്തരം. മനുഷ്യനെപ്പോലെ അവനുണ്ടാക്കിയ സംവിധാനങ്ങളും ഒരു ഐഡിയലിസ്റ്റ് വാദത്തിനും വഴങ്ങുന്നവയല്ല. ഏത് സിസ്റ്റത്തിനകത്തും വൈരുദ്ധ്യങ്ങള്‍ ഉണ്ടാവുക എന്നത് പരിണാമപരമായ ഒരു അനിവാര്യതയാണ്.
പക്ഷേ ആരുടെ ഇരയെന്ന ഒരു ചോദ്യമുണ്ട്. സമൂഹമാണ് കുറ്റവാളി എന്ന ലളിതവല്‍ക്കരണത്തിനും പ്രശ്‌നം അപ്പാടെ വഴങ്ങില്ല. പ്രത്യക്ഷത്തിലും പ്രാഥമികമായും ആ കുറ്റവാളിയുടെ ഇരതന്നെയാണവര്‍. സാമൂഹ്യസാഹചര്യത്തെ വ്യക്തിഗതകുറ്റകൃത്യങ്ങളില്‍ മൊത്തത്തില്‍ ഉത്തരവാദിയാക്കുന്നത് അയാളേക്കാളും പരിതാപകരമായ പശ്ചാത്തലത്തില്‍ ഒരു കുറ്റകൃത്യവും ചെയ്യാതെ ജീവിക്കാന്‍ കഷ്ടപ്പെടുന്ന മനുഷ്യരെ ക്രിമിനലുകളാക്കുകയും ഒരു പതിതസാഹചര്യവുമില്ലാതെ നിരന്തരം കുറ്റം ചെയ്യുന്ന വേറൊരു ക്ലാസിനെ സാമൂഹ്യമായി രക്ഷപ്പെടുത്തലുമാണ്. ആ വ്യക്തിക്ക്, കുറ്റവാളിക്ക്, എല്ലാ സാമൂഹികതക്കപ്പുറത്തും കുറ്റകൃത്യത്തില്‍ പങ്കാളിത്തമുണ്ട്. ആ പങ്കാളിത്തത്തെ എങ്ങനെ അഭിമുഖീകരിക്കണം എന്ന ചോദ്യത്തിന്റെ ഉത്തരമാണ് അതിസങ്കീര്‍ണ്ണമായ നിയമസംവിധാനങ്ങളും ലീഗല്‍ ഫിലോസഫിയും. അതൊരു ലളിതചോദ്യമല്ല, അതുകൊണ്ടുതന്നെ ലളിതമായ ഉത്തരവുമില്ല.
ക്രിമിനല്‍ നീതി ഒരു വ്യക്തിക്ക് നേടിക്കൊടുക്കല്‍ അസാദ്ധ്യമാണ്, ഇരയുടെ സ്ഥാനത്തുനിന്നുകൊണ്ട് അങ്ങനെ ചിന്തിക്കല്‍ മിക്കവാറും മനുഷ്യസാദ്ധ്യമല്ലെങ്കിലും. കുറ്റവാളിയായ വ്യക്തിയെ Rteributive, Preventive, Reformative രീതികളില്‍ ഏതുവച്ച്, ഏത് അനുപാതത്തില്‍, എന്ത് ചെയ്യണമെന്നത് നീതിന്യായസംവിധാനത്തിന് വിട്ടുകൊടുക്കയേ നിവൃത്തിയുള്ളൂ. നിഷ്ഠുരമായ ഈ കുറ്റകൃത്യം നിയമവ്യവസ്ഥ അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ അര്‍ഹിക്കുന്നു എന്നതാണ് ഇതെഴുതുന്നയാളുടേയും അശിക്ഷിതമായ അഭിപ്രായം. (ഏറ്റവും വലിയ ശിക്ഷ എന്തായിരിക്കണം എന്നത് വേറൊരു ചര്‍ച്ചയാണ്)
ക്രിമിനലിന്റെ ശിക്ഷ നീതിയുടെ പക്ഷത്തുനിന്നുനോക്കിയാല്‍ നിസ്സാരമായ ഒരു നടപടിയാണ്. പിന്നെ ബാക്കിവരുന്നത് ആ ബലിയെ സ്റ്റേയ്റ്റ്കള്‍ചറല്‍സോഷ്യല്‍പൊളിറ്റിക്കല്‍ സംവിധാനങ്ങളിലേക്ക് തിരിഞ്ഞുനോക്കാനും അവരെ ആന്തരികമായി അഭിമുഖീകരിക്കാനുള്ള ഒരു സന്ദര്‍ഭമായി എടുക്കുകയും അവയെ തിരുത്താനുള്ള പ്രേരകമായി ഉപയോഗിക്കുക എന്നതുമാണ്. അതെങ്ങനെ എന്ന ചോദ്യം രാഷ്ട്രീയമായ ഉത്തരങ്ങളിലേക്ക് സ്വാഭാവികമായും നയിക്കുകയും ചെയ്യും.
അടച്ചുറപ്പുള്ള ഒരു കിടപ്പാടമില്ലാതെ, കഴിക്കാന്‍ ഭക്ഷണമില്ലാതെ, ചികിത്സിക്കാന്‍ സഹായമോ മരുന്നോ ഇല്ലാതെ, ഉടുക്കാന്‍ തുണിയില്ലാതെ, വിദ്യാഭ്യാസം ഒരു അസാദ്ധ്യസാദ്ധ്യതയാക്കിക്കൊണ്ട് ഭരണഘടന കൊടുക്കുന്ന ഏതാണ്ടെല്ലാ മൗലികാവകാശങ്ങളെയും തുല്യതക്ക്, സ്വാതന്ത്ര്യത്തിന്, ചൂഷണത്തില്‍നിന്നുള്ള മുക്തിക്ക്, സാംസ്‌കാരികവിദ്യാഭ്യാസ സ്വാതന്ത്ര്യത്തിന് എല്ലാം നിഷേധിച്ച് ഒരു ദുര്‍ബലയായ ഇരയാക്കി ആ പെണ്‍കുട്ടിയെ ഒരു ക്രിമിനലിന്റെ മുന്നില്‍ കൊണ്ടുനിര്‍ത്തിയ ഒരു സംവിധാനത്തിനെ അഭിമുഖീകരിക്കുക എന്നതാണ് നീതി എന്ന വാക്കിന് ഈ സന്ദര്‍ഭത്തില്‍ ആകപ്പാടെ ചെയ്യാനുള്ളത്.
കുറ്റമെന്ന പ്രതിഭാസത്തെ അഭിമുഖീകരിക്കുക എന്നത് കുറ്റവാളിയെ അഭിമുഖീകരിക്കുന്നതുപോലെ എളുപ്പമല്ല. ഒറ്റയടിക്ക് എട്ടുദിക്കിലേക്കും മുളക്കുന്ന വിരലുകള്‍ പ്രത്യക്ഷപ്പെടുന്നത് കാണാം ചൂണ്ടാന്‍ നീട്ടുന്ന കൈകളില്‍.

 

വി പി റജീന (മാധ്യമപ്രവര്‍ത്തക)

rejeena
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയ സ്ഥിതിക്ക് അന്വേഷണ സംഘം രണ്ട് ദിവസത്തിനകം കൊലപാതകത്തിന്റെ ‘ചുരുള്‍’ നിവര്‍ത്തും. വ്യക്തി വൈരാഗ്യവും പകയും ജിഷയുടെ ജീവനെടുക്കുന്നതില്‍ കലാശിച്ചുവെന്ന് റിപ്പോര്‍ട്ട് നല്‍കും. ‘യഥാര്‍ത്ഥ ‘പ്രതിയെ/കളെ പിടികൂടും. അവര്‍ക്ക് ശിക്ഷ വിധിക്കും. അതോടെ എല്ലാ പ്രതിഷേധങ്ങളും കെട്ടടങ്ങും. ജിഷയുടെ കൊലപാതകികളെ ഉടന്‍ അറസ്റ്റ് ചെയ്യുക എന്ന് മുദ്രാവാക്യം വിളിച്ചവര്‍ വീട്ടില്‍ പോയി സുഖമായി കിടന്നുറങ്ങും. സൗമ്യയെ പോലെ പതിയെ ജിഷയും വിസ്മൃതിയിലടയും. പിന്നെ നമ്മള്‍ ഞെട്ടില്ല. അതിനേക്കാള്‍ കടുത്തതൊന്ന് കേള്‍ക്കും വരെ.
അതു കൊണ്ട് ഇനിയൊരു ജിഷ ഉണ്ടാവാന്‍ പാടില്ല. അതിന് ജിഷയുടെ മരണത്തെ മാത്രമല്ല. ആ ജീവിതവും ആ കുടുംബം കടന്നു പോന്ന ഓരോ വഴികളും മുമ്പില്‍ വെച്ച് നീതി പിടിച്ചു വാങ്ങിയേ തീരൂ. ജിഷയുടെ ജീവിതവും മരണവും മറച്ചു വെക്കാന്‍ ശ്രമിച്ച വ്യവസ്ഥിതിയെക്കൊണ്ട് മറുപടി പറയിക്കണം. ദലിതരുടെ വോട്ട് വാങ്ങി ഭരിക്കുന്നവര്‍ മറുപടി പറയണം. അവര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുന്നവരും അവരുടെ കാശും ഭൂമിയും മറ്റ് അവകാശങ്ങളും കട്ടെടുക്കുന്നവരും മറുപടി പറയണം. പ്രതികളും പ്രതികളെ കാക്കാന്‍ നോക്കിയവരും മറുപടി പറയണം. അപകടം മണത്തിട്ടും ആ പെണ്‍കുട്ടിക്ക് കാവലൊരുക്കാത്ത അയല്‍ക്കാര്‍ മറുപടി പറയണം. അവളുടെ ചോരയില്‍ നിന്ന് നിറമുള്ള വാര്‍ത്തകള്‍ മാത്രം പാകം ചെയ്‌തെടുത്തവരും അത് രുചിച്ച് ഇരുന്നവരും മറുപടി പറയണം. ഞാനും നിങ്ങളും മറുപടി പറയണം. അഞ്ചു ദിവസം നിസ്സംഗതയോടെ നിന്ന കേരളമേ നിന്റെ ഓരോ അണുവിലും അവളുടെ ബലിച്ചോര മണക്കുന്നു… ഇനി എങ്ങനെ കഴുകിയാലാണ് ആ മണം മാറുക?

 

ചിന്ത ടി കെ (സീനിയര്‍ അസിസ്റ്റന്റെ കെ എസ് ഇ ബി)

chintha

സ്ത്രീയുടെ സമ്മതമില്ലാതെ അവളുടെ മേല്‍ ലൈംഗികമായി ഒരു പുരുഷന്‍ ആക്രമണം നടത്തുമ്പോള്‍ ആരുടെ മാനമാണ് ഭംഗിക്കപ്പെടുന്നത്? കായികശക്തി കുറഞ്ഞ പെണ്ണിന്റേയോ അതോ തന്റെ ഭോഗതൃഷ്ണ അടക്കിവയ്ക്കാന്‍ കഴിയാത്ത ആണിന്റേയോ? മാനഭംഗത്തിനിരയായ സ്ത്രീ എന്നല്ല മാനഭംഗത്തിനിരയായ പുരുഷന്‍ എന്ന് പദപ്രയോഗങ്ങള്‍ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു…

പ്രിന്‍സി ആമി ( മാധ്യമപ്രവര്‍ത്തക)

princey
എല്ലാ ബലാല്‍സംഗ സംഭവങ്ങളും സമൂഹവ്യം മാധ്യമങ്ങളും ആഘോഷിക്കുന്നത് മനസാക്ഷിയുള്ളവരെ ഞെട്ടിച്ചു, അല്ലെങ്കില്‍ സാംസ്‌കാരിക കേരളം ലജ്ജിക്കണം എന്നൊക്കെയാണ്.. പൈശാചികമായി കൊല്ലപ്പെട്ട ഒരു പെണ്ജീവനോടുള്ള സഹതാപം,അനുശോചനം.. രണ്ടു ദിവസമോ രണ്ടാഴ്ചയോ നീളുന്ന പ്രതിഷേധ പ്രകടനങ്ങള്‍, മെഴുകുതിരി പ്രദക്ഷണങ്ങള്‍…കഷ്ടം!!! പുച്ഛം മാത്രമാണ് ഉള്ളത് ഈ വ്യവസ്ഥിതിയോട്…അക്ഷരങ്ങല്ക്ക് വിലയിടാം.. പക്ഷെ ആത്മാഭിമാനത്തിന് അരുത്..കാമ പൂര്‍ത്തീകരണം മാത്രമല്ല മൃഗീയമായ ദേഹോപദ്രവം..ഒരു ജീവന്‍ മരണത്തെ പുല്കിയത് എത്ര വേദനിച്ചാണ് എന്ന് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല.. പ്രതിയെ പിടികൂടുന്നതുകൊണ്ടോ, ജീവപര്യന്തം ശിക്ഷ അയാള്ക്ക് ലഭിക്കുന്നതുകൊണ്ടോ ജിഷക്ക് നീതി ലഭിക്കും എന്ന് ഞാന്‍ കരുതുന്നില്ല…തിന്നു കൊഴുത്ത് ഇരുംബഴികളില്‍ ഉള്ള ജീവിതം അയാള്ക്ക് കൂടുതല്‍ സുഖകരം തന്നെ ആയിരിക്കും… ഗൊവിന്ദചാമി എന്ന മൃഗം അതിനു ഉദാഹരണവും ആണ്..
നമ്മള്‍ അനുഭവങ്ങളില്‍ നിന്ന് ഒരുപാട് പാഠങ്ങള്‍ ഉള്‌ക്കൊണ്ടാതുകൊണ്ടാണ് ജിഷക്ക് ഈ ദാരുണ അന്ത്യം ഉണ്ടായത്.. ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ കൂട്ടബലാത്സന്ഗത്തിന് ഇരയായ നിര്ഭയയും, ഓടുന്ന ട്രെയിനില്‍ നിന്ന് തല്ലിയിട്ട് ബലാത്സംഗം ചെയ്തു കൊന്ന സൌമ്യയും പാഠങ്ങള്‍ ആയിരുന്നു..അമ്മമാരിലും പെണ്കുട്ടികളിലും ഭയം വളര്ത്തി എന്നല്ലാതെ എന്ത് ഗുണം ആര്ക്ക് ഉണ്ടായി..??അതെ പെണ്ണ് സൂക്ഷിക്കണം.. മാനം മര്യാദക്ക് തുണി ഉടുക്കണം….ഇല്ലെങ്കില്‍ അവളെ കാണുമ്പോഴേ ഉദ്ധരിച്ച് പണ്ടാരം അടക്കി കളയും കാമ ഭ്രാന്തന്മാര്‍ >>>>>>…………….
അമ്മമാരെ നിങ്ങള്‍ പെണ്കുട്ടികളെ അച്ചടക്കവും അടക്കവും ഒതുക്കവും പഠിപ്പിക്കുന്നതിന്റെ നൂറില്‍ ഒരംശം പെണ്ണ് എന്താണ് എന്നും സ്ത്രീത്വത്തിന്റെ മഹത്വം എന്താണ് എന്നും ആണ്‍ മക്കള്ക്ക് പറഞ്ഞു കൊടുക്കണം.. കാരണം ഒരു പെണ്കുട്ടി അപമാനിക്കപ്പെടുമ്പോള്‍ അത് ചെയ്തത് തന്റെ മകനാണെന്ന അപമാനം നിങ്ങളുടെ മാതൃത്വത്തെ പ്രതിക്കൂട്ടിലാക്കും.. നിങ്ങള്‍ എന്ന അമ്മ പൂര്‍ണ്ണ പരാജയം ആകും …വധശിക്ഷക്ക് എതിരാണ് എന്ന് നാവുകൊണ്ട് പറയുമ്പോഴും ഞാന്‍ മൌനമായി അതിനെ പിന്തുണയ്ക്കുന്നു… പക്ഷെ ബാലാത്സങ്ങവീരന്മാര്‍ക്ക് കൊടുക്കേണ്ട പരമാവധി ശിക്ഷ മരണം അല്ല മരണം വരെ മരണതുല്യമായ വേദനയാണ്… പുഴുത്ത് നരകിച് മരിക്കണം……
ഭയം തോന്നുന്നു പുറത്ത് സ്വതന്ത്രയായി നടക്കാന്‍
ഭയം തോന്നുന്നു എന്റെ ശരീര വടിവുകളോട്
ഭയം തോന്നുന്നു എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാന്‍
ഭയം തോന്നുന്നു സ്വന്തം വീട്ടില്‍ തനിചായിരിക്കുമ്പോള്‍
ഭയം തോന്നുന്നു ജോലി കഴിഞ്ഞുള്ള രാത്രി യാത്രകളില്‍
ഭയം തോന്നുന്നു എന്റെ സകല സ്വാതന്ത്ര്യങ്ങളോടും
പെണ്ണില്‍ കാമം മാത്രം തേടുന്ന മാനസിക രോഗികള്‍ക്കിടയില്‍
ഇല്ല ഞാനും ഞങ്ങളും സുരക്ഷിതരല്ല…

 

ഐറിന്‍ എല്‍സ ജേക്കബ്( കോളജ് വിദ്യാര്‍ഥിനി)

irene ja
ഒരു പെണ്ണും മാനഭംഗപ്പെടുന്നില്ല.. ആസക്തികളെക്കുറിച്ചറിയാത്തവന്‍, പങ്കിടാനറിയാത്ത സ്വാര്‍ത്ഥന്‍, കീഴടക്കാന്‍ മാത്രമറിയുന്നവന്‍ സ്വന്തം വൈകൃതം മറയ്ക്കാന്‍ കണ്ടുപിടിച്ച പേരാണത്.
നിങ്ങള്‍ക്കാണ് മാനമില്ലാത്തത്. പിച്ചിച്ചീന്തുമ്പോള്‍ നിങ്ങളാണ്, നിങ്ങള്‍ മാത്രമാണ് മാനഭംഗപ്പെടുന്നത്…. ??
എല്ലായ്‌പ്പോഴും ഇരകള്‍ സാങ്കല്‍പ്പിക അമ്മയോ സഹോദരിയോ ആണ്…
പെണ്‍സുഹൃത്തുക്കളില്ലേ ആങ്ങളമാരേ നിങ്ങള്‍ക്ക്..? കാമുകിമാരില്ലേ..? ‘അ’വിഹിതങ്ങള്‍..? ഭാര്യ..?
പെണ്ണ്. അത്രയേ വേണ്ടൂ….

 

മീര സെബാസ്റ്റിയന്‍( സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍)

meera
ആദ്യം സംസാരം വസ്ത്രധാരണാ രീതിയെ പറ്റിയായിരുന്നു. മാന്യമായ വസ്ത്രം ധരിച്ചാല്‍ സ്ത്രീ പീഡനങ്ങള്‍ നടക്കില്ലെന്നായിരുന്നു… ഉലിക്കാത്ത പഴം പോലെ സ്ത്രീ സുരക്ഷിതയായിരിക്കും….
പിന്നെ വസ്ത്രം ധരിച്ച സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ എന്തിനാണ് സ്ത്രീകള്‍ ഒറ്റക്ക് പുറത്ത് ഇറങ്ങുന്നത് എന്നതായി ചോദ്യം. രാതി കാലങ്ങളില്‍ സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന ഉപദേശങ്ങളായിരുന്നു…
എന്നിട്ടും സ്വന്തം വീട്ടില്‍ പോലും സ്ത്രീ സുരക്ഷിതയെല്ലെന്നു വന്നപ്പോള്‍ പറഞ്ഞ പോംവഴി സ്ത്രീകളെ പീഡിപ്പിക്കുന്നവരെ നടുറോട്ടില്‍ വച്ച് പച്ചക്ക് തീകൊളുത്തി കൊല്ലണം എന്നായിരുന്നു…
പക്ഷെ ആരും സ്ത്രീപീഡനങ്ങള്‍ക്ക് കൂട്ടുനിന്ന പൊതുബോധത്തെ പറ്റി സംസാരിച്ചില്ല. സ്ത്രീകള്‍, അവര്‍ ലൈംഗിക കളിപ്പാട്ടങ്ങള്‍ അല്ല എന്ന് വളര്‍ന്നു വരുന്ന തലമുറയെ പഠിപ്പിക്കണം എന്ന് പറഞ്ഞില്ല. അവരും തങ്ങളെ പോലെ അവകാശങ്ങള്‍ ഉള്ള സഹജീവികള്‍ ആണെന്ന് ഓരോ ആണ്‍ മക്കളെയും ബോധവാന്മാരാക്കുന്നതിനെ പറ്റി ആരും സംസാരിച്ചില്ല… മറക്കരുത്, എത്ര വലിയ ശിക്ഷയും പിടിക്കപ്പെടുന്ന കുറ്റവാളികള്‍ക്ക് നല്‍കിയാലും പൊതുബോധം സ്ത്രീകള്‍ക്ക് അനുകൂലമാവുന്ന കാലം വരെ പിടിക്കപ്പെടില്ലാ എന്നൊരു സാഹചര്യം വന്നാല്‍, തെളിവുകള്‍ ഒന്നും അവശേഷിക്കില്ല എന്ന് ഉറപ്പ് വന്നാല്‍ സ്ത്രീകള്‍ വീട്ടിലും തെരുവുകളിലും പിച്ചിച്ചീന്തപ്പെടും..

എന്‍ നന്ദന ( പ്രവാസി)

nanthana
പുറമ്പോക്കിലെ പെണ്ണാണ് …കൂലിപണിക്കാരിയുടെ മകള്‍ ..അച്ഛന്‍ ഉപേക്ഷിച്ച വീട് …29 വയസ്സായിട്ടും പുരനിറഞ്ഞു ജീവിക്കുന്നവള്‍ … നിയമ ബിരുദം നേടാന്‍ വെറുതേ മോഹിച്ചു… ഒന്ന് ഒച്ച വച്ചാല്‍ പോലും അയല്‍ക്കാര്‍ വരാത്ത നാട്ടിലാണ് അവളുടെ ചെറ്റകുടില്‍…എത്ര വട്ടം ആര്ക്ക് വേണമെങ്കിലും പരുക്കെല്‍പ്പിക്കാം…തടയാന്‍ ഒരു സദാചാര പോലീസും വരില്ല..പ്രതിയെ പിടിക്കാന്‍ ഒരു നിയമത്തിനും സാധിക്കില്ല ആ നാട്ടില്‍..
അവള്‍ എങ്ങനെ ആയാലും നമുക്കെന്ത ??? ഇരുട്ടിന്റെ മറവില്‍ കാമകണ്ണുമായി നില്‍ക്കുന്നവരെ, നിങ്ങള്‍ ഭയപെടെണ്ട…കാരണം നിങ്ങളുടെതാണ് ഈ രാജ്യം…

ലേഖ എസ് കുമാര്‍(മാധ്യമപ്രവര്‍ത്തക)

lekha
വാട്ട്‌സ്ആപ്പില്‍ കണ്ടതാണ്. ഇതില്‍ അല്‍പ്പം കാര്യമിേല്ല എന്നു തോന്നിയതു കൊണ്ട് ഷെയര്‍ ചെയ്യുവാണ്. പ്രൊഫൈല്‍ ചിത്രം മാറ്റിയതു കൊണ്ടോ പോസ്റ്റിട്ടു ചര്‍ച്ചിച്ചിട്ടോ കാര്യമില്ല മക്കളേ. പോസ്റ്റ് ചുവടെ
പെരുമ്പാവൂരിലെ കുട്ടിയുടെ ഘാതകരെ സുഖവാസത്തിന് ജയിലിലടക്കരുത് , തല്ലി ക്കൊല്ലണം ,വെട്ടി നുറുക്കണം ..etc
ഇങ്ങനെയുളള ഒത്തിരി കമന്റുകള്‍ സോഷ്യല്‍ മീഢിയയില്‍ വായിച്ചപ്പോഴാണ് പഴയൊരു കഥ ഓര്‍മ്മ വന്നത് .
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാലക്കാട് പുത്തൂര്‍ എന്ന സ്ഥലത്ത് ഷീല എന്ന വീട്ടമ്മയെ ഇതിലും മൃഗീയമായി കൊലപ്പെടുത്തിയിരുന്നു . ആ കേസിലെ മുഖ്യ പ്രതിയായ സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ വെച്ച് മരണപ്പെട്ടിരുന്നു . 13 ഓളം പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ ആ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലിലായി . മാസങ്ങളോളം സസ്‌പെന്‍ഷനിലായി . എല്ലാ മീഢിയകളിലും കുറേ നാളുകള്‍ പോലീസിനെതിരായ വാര്‍ത്തകള്‍ മാത്രമേ ഉണ്ടായിരുന്നുളളു . ഒരൊറ്റ …….മോനും അന്ന് പോലീസിനനുകൂലമായി നിന്നില്ല . ഇപ്പോഴും സ്വന്തം കൈയ്യീന്ന് കാശ് മുടക്കി അവരാ കേസ് നടത്തി കൊണ്ടിരിക്കുന്നു !!!!
പറഞ്ഞു വരുന്നത് റേപ്പ് പ്രതിയെ പോലീസ് അങ്ങിനെ ചെയ്തില്ല , ഇങ്ങനെ ചെയ്തില്ല എന്ന് പറഞ്ഞ് രോഷാകുലരായി പോസ്റ്റിടുന്നവര്‍ ഇങ്ങനെയുളള യാഥാര്‍ത്ഥ്യങ്ങളും അറിഞ്ഞിരിക്കേണ്ടതാണ് !!

തയ്യാറാക്കിയത്: വീണ വത്സന്‍

© 2024 Live Kerala News. All Rights Reserved.