സ്വകാര്യ ബസുകളുടെ മല്‍സര ഓട്ടത്തിന് കടിഞ്ഞാണിടാന്‍ ഹൈക്കോടതി ഇടപെടല്‍

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മല്‍സരഓട്ടം തടയാന്‍ ഹൈക്കോടതി ഇടപെടല്‍. നിരത്തില്‍ നടക്കുന്നത് ചൂടുചുവപ്പന്‍ മല്‍സരമെന്ന് വിശേഷിപ്പിച്ച കോടതി വിഷയം പരിശോധിച്ച് നിര്‍ദേശങ്ങള്‍ നല്‍കാന്‍ അഡ്വക്കറ്റ് കാളീശ്വരം രാജിനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. ബസുകളുടെ മല്‍സര ഓട്ടവും ജീവനക്കാരുടെ മോശം പെരുമാറ്റവും തടയാന്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് കൊച്ചി റേഞ്ച് ഐജി: എം.ആര്‍. അജിത്കുമാര്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണം.

ജില്ലാ കലക്ടര്‍, മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍, ഗതാഗത മേഖലയിലെ വിദഗ്ധര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയായിരിക്കണം റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടത്. ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷനും നിര്‍ദേശങ്ങള്‍ നല്‍കണം. നിലവിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

വൈറ്റിലയില്‍ യാത്രക്കാരനെ സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദനത്തില്‍ നിന്ന് റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി സംരക്ഷിച്ചെന്ന പത്രവാര്‍ത്തയുെട അടിസ്ഥാനത്തിലാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് വിഷയത്തില്‍ ഇടപെട്ടത്.

© 2024 Live Kerala News. All Rights Reserved.