വെബ് ഡെസ്‌ക്
പട്യാല ഖരാനയിലെ ഒന്‍പതാം തലമുറക്കാരനാണ് പാകിസ്ഥാനി ഗായകന്‍ ഷഫ്ഖത്ത് അലി ഖാന്‍. ഇന്ത്യാ വിഭജനത്തിന് മുമ്പ് പഞ്ചാബിലെ പട്യാലയിലാണ് ഈ ഖരാന സംഗീതം രൂപപ്പെട്ടത്. ഇന്ന് അതിന്റെ ഭാഗമായ സംഗീതം പാകിസ്ഥാനിലും അതേ തനിമയോടെ നിലനില്‍ക്കുന്നു. അതിന്റെ തെളിവ്കൂടിയാണ് ക്‌ളാസിക്കല്‍ ഗായകന്‍ കൂടിയായ ഷഫ്ഖത്ത്. ബോളിവുഡിലും പാകിസ്ഥാനിലും ലക്ഷക്കണക്കിന്ആരാധകരുള്ള സിനിമാ പാട്ടുകാരനും റോക്ക് ഗായകനുമാണ് ഷഫ്ഖത്ത്.
ഗുരുമുഖത്തുനിന്ന് ശാസ്ത്രീയമായി സംഗീതം അഭ്യസിച്ച ശേഷമാണ് സിനമയിലേക്കും റോക്ക്‌സംഗീതത്തിലേക്കും ഷഫ്ഖത്ത് തിരിഞ്ഞത്. അതിനാല്‍ സംഗീതത്തില്‍ തന്റെ നിലാവരം കാത്തുസുക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു. സിനിമയില്‍ അവസരം ധാരാളമുള്ളപ്പോഴും അതിലൊതുങ്ങാതെ തന്റെ സ്റ്റജ് പെര്‍ഫോമന്‍സുമായി ലോകം ചുറ്റാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. തന്നെയുമല്ല പാട്ടുകള്‍ എഴുതുകയും കംപോസ് ചെയ്യുകയും സ്റ്റേജില്‍ ചടുലമായി അവതരിപ്പിക്കുകയും ചെയ്യുന്നു ഷഫ്ഖത്ത്.
ഒരു പാകിസ്ഥാനി റേഡിയോയില്‍ നിന്ന് ഷഫ്ഖത്തിന്റെ പാട്ടുകേട്ട് വിസ്മയിച്ച ഗായകന്‍ ശങ്കര്‍ മഹാദേവനാണ് അദ്ദേഹത്തെ ഹോളിവുഡിലേക്ക് ക്ഷണിച്ചത്. ഇവിടെ ലഭിച്ച പാട്ടുകളെല്ലാം അദ്ദേഹം സുന്ദരമാക്കി.
കരന്‍ ജോഹാറിന്റെ ‘കഫി അല്‍വിദാ ജോ കെഹ്നാ’ എന്ന ഷാരുഖ്ഖാന്‍ ചിത്രത്തിലെ ‘മിത്വാ’ എന്ന ഗാനം പാടിയാണ് അദ്ദേഹം ബോളിവുഡില്‍ സാന്നിധ്യമറിയിക്കുന്നത്. ആദ്യ ഗാനംതന്നെ ഹിറ്റായി. ഒറ്റദിനംകൊണ്ട് ഷഫ്ഖത്ത് ബോളിവുഡില്‍ സ്റ്റാറായി. സിന്ദഗി തേരെ നാന്‍, റാംചന്ദ് പാകിസ്ഥാനി, ഹലോ, മൈ നെയിം ഈസ് ഖാന്‍, പട്യാല ഹൗസ്, മര്‍ഡര്‍ 3, സത്യഗ്രഹ, ഫിലിമിസ്ഥാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ നിരവധി ഗാനങ്ങള്‍.
ലതാ മങ്കേഷ്‌കറോടൊപ്പം പാടിയിട്ടുള്ള ഗായകനാണ് ഷഫ്ഖത്തിന്റ പിതാവ് അമാനത്ത് അലിഖാന്‍. അദേഹമാണ് റഫിയുടെയും ലതയുടെയുമൊക്കെ പാട്ടുകള്‍ കേള്‍ക്കണമെന്ന് നിര്‍ബന്ധിച്ചത്. അതൊക്കെ ഷഫ്ഖത്തിന് മുതല്‍കൂട്ടായി. ഒപ്പം ക്‌ളാസിക്കല്‍ ബെയ്‌സും.
പാകിസ്ഥാനില്‍ ഇന്‍ഡ്യയിലെപ്പോലെ അവസരങ്ങളില്ല. സിനിമകളും കുറവ്. അതിനാല്‍ ശ്രദ്ധിക്കപ്പെടണമെങ്കില്‍ നന്നായി അധ്വാനിക്കണം. പൊതുവേദികളിലെ പ്രകടനമാണ്അവിടെ വിലയിരുത്തപ്പെടുക. അതിനാലാണ് ഷഫ്ഖത്ത് സ്വന്തമായി ബാന്റുണ്ടാക്കി സംഗീത ഷോകളിലേക്ക് തിരിഞ്ഞത്. പഞ്ചാബി കവികളുടെ മനോഹരങ്ങളായ കവിതകളും സ്വന്തമായി എഴുതി കംപോസ് ചെയ്ത ഗാനങ്ങളും ഷഫ്ഖത്ത് അവതരിപ്പിക്കുന്നു.
ശങ്കര്‍ മഹാദേവനെപ്പോലുള്ള ഇന്‍ഡ്യന്‍ ഗായകരുമായി അദ്ദേഹം വേദി പങ്കിട്ടിട്ടുണ്ട്. ഡെല്‍ഹിയിലെ പുരാണ കിലയില്‍ അടുത്തിടെ നടന്ന ശങ്കര്‍ഷഫ്ഖത്ത് ഷോ വന്‍ വിജയമായിരുന്നു.