പണം വാങ്ങി വോട്ട് ചെയ്താല്‍ കള്ളനായ മന്ത്രിയെയാണ് നിങ്ങള്‍ക്ക് ലഭിക്കുക; പണം വാങ്ങാതിരുന്നാല്‍ നിങ്ങള്‍ക്ക് ഏതുരാഷ്ട്രീയക്കാരനെയും ചോദ്യം ചെയ്യാമെന്നും നടന്‍ കമല്‍ഹാസന്‍

ചെന്നൈ: പണംവാങ്ങി നിങ്ങള്‍ വോട്ട് ചെയ്താല്‍ കള്ളനായ മന്ത്രിയെയാവും നിങ്ങള്‍ക്ക് ലഭിക്കുകയെന്ന് നടന്‍ കമല്‍ഹാസന്‍. ജനങ്ങള്‍ക്ക് എന്റെ വീട് എന്റെ നാട് എന്ന ബോധം ഉണ്ടാകണമെന്നും വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്ന നേതാക്കള്‍ പണം വാങ്ങുന്നവരുടെ പ്രശ്നങ്ങള്‍ പരിഗണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഏത് പാര്‍ട്ടി അല്ലെങ്കില്‍ ഏത് നേതാവ് പണം കൊടുക്കുന്നു എന്നതല്ല വിഷയം. പക്ഷെ പണം വാങ്ങുന്നവര്‍ക്ക് അത് നാണക്കേടല്ലെ. തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. വോട്ടിന് പണം വാങ്ങുന്ന ഒരാള്‍ക്ക് മികച്ച ഭരണം കാഴ്ചവെക്കാത്ത ഒരു മന്ത്രിയേയോ, അഴിമതിക്കാരനായ ഒരു രാഷ്ട്രീയ നേതാവിനേയോ ചോദ്യം ചെയ്യാനുള്ള ധാര്‍മികമായ അവകാശം നഷ്ടമാവുകയാണ്. കാരണം പണം വാങ്ങുന്നതിലൂടെ നിങ്ങളും അതേ കുറ്റമാണ് ചെയ്യുന്നത്. കമല്‍ പറഞ്ഞു. പണം വാങ്ങാതിരുന്നാല്‍ നിങ്ങള്‍ക്ക് ഏത് രാഷ്ട്രീയക്കാരനേയും ചോദ്യം ചെയ്യാനാകുമെന്ന് കമല്‍ ഹാസന്‍ പറയുന്നു. തമിഴ്നാട്ടില്‍ പണം നല്‍കി വോട്ടുനേടുന്ന പ്രവണത വളരെ രൂക്ഷമായ രീതിയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ച് കമല്‍ രംഗത്തെത്തിയിരിക്കുന്നത്. രാഷ്ട്രീയത്തിലായാലും സാമൂഹ്യവിഷയങ്ങളിലായാലും കൃത്യമായ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് കമല്‍ഹാസന്‍.

© 2025 Live Kerala News. All Rights Reserved.