കൊച്ചി: പിണക്കം മറന്ന് മമ്മൂട്ടി രാജ്യസഭാംഗമായ സുരേഷ് ഗോപിയെ വിളിച്ച് ആശംസകള്‍ നേര്‍ന്നു. ഒപ്പം കുറച്ച് ഉപദേശങ്ങളും. രാജ്യസഭാ അംഗമാകുന്ന ഉടന്‍ വന്‍ പ്രഖ്യാപനങ്ങളൊന്നും നടത്തരുതെന്നാണ് മമ്മൂട്ടി സുരേഷ് ഗോപിക്ക് നല്‍കിയ ഉപദേശം. എം.പിക്ക് പരിമിതികളുണ്ടെന്ന് മനസിലാക്കണമെന്നും അദ്ദേഹം സഹപ്രവര്‍ത്തകനെ ഓര്‍മ്മിപ്പിച്ചു. സാധാരണ എം.പിമാരെപ്പോലെ തന്നെ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന എം.പിമാര്‍ക്കും പ്രതിവര്‍ഷം രണ്ട് കോടി രുപയുടെ ഫണ്ടുണ്ടെന്നായിരുന്നു സുരേഷ് ഗോപി ഇതിന് നല്‍കിയ മറുപടി. ആദിവാസി ക്ഷേമം, വനവല്‍ക്കരണം, നദീജല ശുദ്ധീകരണം തുടങ്ങി തന്റെ സ്വപ്ന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പിന്തുണയും സുരേഷ് ഗോപി ഉറപ്പാക്കിക്കഴിഞ്ഞു. മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള താരങ്ങള്‍ സത്യപ്രതിഞ്ജയ്ക്ക് എത്തണമെന്ന് സുരേഷ് ഗോപി ആഗ്രഹിച്ചിരുന്നെങ്കിലും മോഹന്‍ലാലിന് വിദേശത്ത് നിന്ന് എത്തിച്ചേരാന്‍ സാധിക്കിച്ചില്ല. അതുകൊണ്ടുതന്നെ മറ്റ് താരങ്ങളാരും പങ്കെടുക്കേണ്ടന്ന് തീരുമാനിക്കുകയായിരുന്നു. വിദേശത്ത് നിന്ന് ഫോണില്‍ വിളിച്ചാണ് മോഹന്‍ലാല്‍ ആശംസ അറിയിച്ചത്. രണ്ട് പാര്‍ട്ടിയിലും രണ്ട് സഭയിലും ആണെങ്കിലും സുരേഷ് ഗോപിയുമായി അകല്‍ച്ച ഒന്നുമില്ലെന്ന് ഇന്നസെന്റ് വ്യക്തമാക്കി. താരങ്ങളായ ജയറാം, ദിലീപ്, കാവ്യ മാധവന്‍, തുടങ്ങിയവരും സുരേഷ് ഗോപിക്ക് ആശംസ അറിയിച്ചു.