ന്യൂഡല്‍ഹി: ഇന്ത്യന്‍ താരം സുധാ സിംഗ് 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ഒളിംപിക്‌സ് യോഗ്യത നേടി. ഡല്‍ഹിയില്‍ നടക്കുന്ന ഫെഡറേഷന്‍ കപ്പില്‍ രണ്ടാമതെത്തിയാണ് താരം ഒളിംപിക്‌സ് ബര്‍ത്ത് ഉറപ്പാക്കിയത്. ഈ ഇനത്തില്‍ ഒന്നാം സ്ഥാനം നേടിയ ലളിത ബാബര്‍ നേരത്തെ തന്നെ ഒളിംപിക്‌സിന് യോഗ്യത നേടിയിരുന്നു. ഇതോടെ റിയോയില്‍ രണ്ടിനങ്ങളില്‍ സുധാ സിംഗ് മത്സരിക്കും. നേരത്തെ മാരത്തണിലും സുധ യോഗ്യത നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ബീജിംഗില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 2 മണിക്കൂര്‍ 35 മിനിറ്റ് 35 സെക്കന്റില്‍ ഓടിയെത്തിയാണ് സുധാ സിങ് യോഗ്യത നേടിയത്. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ മുന്‍ ദേശീയ റെക്കോഡിന് ഉടമയായ സുധാ സിംഗ് 2010 ല്‍ ഗാങ്ഷുവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയിരുന്നു. 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ മത്സരിച്ചെങ്കിലും മെഡല്‍ പട്ടികയില്‍ ഇടം കണ്ടെത്താന്‍ സുധാ സിംഗിന് കഴിഞ്ഞില്ല.