മുംബൈ: ഐപിഎല്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ആറ് വിക്കറ്റ് വിജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം രണ്ടോവര്‍ ബാക്കിനില്‍ക്കെ വെറും നാലുവിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു. അര്‍ദ്ധ സെഞ്ച്വറിയോടെ രോഹിതും 17 പന്തില്‍ 51 റണ്‍സുമായി കിറോണ്‍ പൊള്ളാര്‍ഡും മുംബൈ വിജയത്തില്‍ തിളങ്ങി. 49 പന്തില്‍ പുറത്താകാതെ 68 റണ്‍സ് നേടിയ രോഹിതാണ് കളിയിലെ താരം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് നായകന്‍ ഗംഭീറും ഉത്തപ്പയും മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 7.4 ഓവറില്‍ 69 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇരുവരും പുറത്തായ ശേഷം കൊല്‍ക്കത്തയുടെ സ്‌കോറിങ് വേഗം കുറഞ്ഞു. 45 പന്തില്‍ 59 റണ്‍സുമായി ഗംഭീര്‍ പുറത്താകുമ്പോള്‍ സ്‌കോര്‍ 15 ഓവറില്‍ 120 കടന്നിരുന്നു. എന്നാല്‍ പിന്നീട് തുടരെ വിക്കറ്റ് നഷ്ടമായത് തിരിച്ചടിയായി. അവസാന ഓവറുകളില്‍ യൂസഫ് പത്താന്‍ നടത്തിയ കടന്നാക്രമവും മുംബൈയുടെ ഫീല്‍ഡിങ് പിഴവുകളുമാണ് സ്‌കോര്‍ 174 ലെത്തിച്ചത്. ഒരുഘട്ടത്തില്‍ കൊല്‍ക്കത്തയുടെ സ്‌കോര്‍ 200 കടക്കുമെന്നുപോലും തോന്നിച്ചു. താരതമ്യേന വന്‍ വിജയലക്ഷവുമായി ഇറങ്ങിയ മുംബൈയ്ക്ക് തുടക്കത്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും രോഹിതും അമ്പാട്ടി റായിഡുവും ആക്രമണത്തിലൂടെ തിരിച്ചടിച്ചു. അഞ്ചോവറില്‍ അമ്പത് കടന്ന മുംബൈ ഏറെക്കുറെ വിജയം ഉറപ്പിച്ചു. എന്നാല്‍ റായിഡു, ക്രുണാല്‍ പാണ്ഡ്യ, ബട്ട്‌ലര്‍ എന്നവര്‍ പുറത്തായപ്പോള്‍ മറ്റൊരു പരാജയം മുംബൈയെ തുറിച്ച് നോക്കി. പക്ഷെ ക്രീസിലെത്തിയതു മുതല്‍ വമ്പനടികള്‍ പുറത്തെടുത്ത പൊള്ളാര്‍ഡ് വിജയിച്ചേ തീരു എന്ന തീരുമാനത്തിലായിരുന്നു. കൊല്‍ക്കത്തയുടെ ബൗളര്‍ സതീഷിന്റെ ഓരോവറില്‍ മൂന്ന് സിക്‌സറുകള്‍ പറത്തിയ കരീബിയന്‍ താരം അവസാന ഓവറില്‍ ജയദേവ് ഉനദ്കദിനെ തുടര്‍ച്ചയായി സിക്‌സറുകള്‍ പറത്തി അര്‍ദ്ധ ശതകവും വിജയവും കരസ്ഥമാക്കി. അഞ്ച് സിക്‌സറും രണ്ട് ഫോറുകളും അടങ്ങിയതായിരുന്നു പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് പ്രകടനം.