ന്യൂഡല്‍ഹി: ഐപിഎല്‍ മല്‍സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ തകര്‍ത്ത് ഗുജറാത്തിന് ജയം. ഒരു റണ്ണിനാണ് ഗുജറാത്ത് ഡല്‍ഹിയെ തോല്‍പിച്ചത്. ഗുജറാത്ത് 20 ഓവറില്‍ ആറിന് 172. ഡല്‍ഹി 20 ഓവറില്‍ അഞ്ചിന് 171. 32 പന്തില്‍ 82 റണ്‍സുമായി ക്രിസ് മോറിസ് തകര്‍ത്തടിച്ചെങ്കിലും ഡല്‍ഹി തോറ്റു. നാലു റണ്‍സ് വേണ്ട അവസാന പന്തില്‍ രണ്ട് റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ. ജെപി ഡുമിനി 48 റണ്‍സെടുത്തു. മലയാളി താരം സഞ്ജു സാംസണ്‍ ഒരു റണ്ണിനു പുറത്തായി.
നേരത്തെ സീസണില്‍ ഏറ്റവും വേഗത്തില്‍ നൂറു കടന്നിട്ടും ഗുജറാത്ത് ലയണ്‍സിനു ഇരട്ടശതകത്തിലെത്താനായില്ല.ശക്തമായി തിരിച്ചടിച്ച ഡല്‍ഹി ബോളര്‍മാര്‍ അവരെ 172 റണ്‍സില്‍ ഒതുക്കി. വിക്കറ്റ് നഷ്ടപ്പെടാതെ നൂറു കടന്ന അവര്‍ പിന്നീട് ആറു വിക്കറ്റുകള്‍ കളഞ്ഞു. രണ്ടു സെഷനുകളുടെയും താരതമ്യമിങ്ങനെ: പത്തോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ110. 11-16 ഓവറുകളില്‍ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി വെറും 24 റണ്‍സ്. മൂന്നു വിക്കറ്റ് വീഴ്ത്തിയ ഇമ്രാന്‍ താഹിറും രണ്ടു വിക്കറ്റ് നേടിയ ക്രിസ് മോറിസുമാണ് തിരിച്ചടിക്കു നേതൃത്വം നല്‍കിയത്. ഓപ്പണര്‍ ഡ്വെയ്ന്‍ സ്മിത്തിന്റെയും (53) ബ്രണ്ടന്‍ മക്കല്ലത്തിന്റെയും (60) അതിവേഗ അര്‍ധ സെഞ്ചുറികളാണ് ഗുജറാത്തിനു മികച്ച തുടക്കം നല്‍കിയത്. ക്യാപ്റ്റന്‍ സഹീര്‍ഖാനാണ് കൂടുതല്‍ അടി കൊണ്ടത്. നാല് ഓവറില്‍ 48 റണ്‍സ്. ഓവറില്‍ ശരാശരി 12 റണ്‍സ് വീതം. 30 പന്തില്‍ അഞ്ചു ഫോറും മൂന്നു സിക്‌സും അടങ്ങുന്നതാണ് സ്മിത്തിന്റെ ഇന്നിങ്‌സ്. മക്കല്ലം 36 പന്തില്‍ ആറു ഫോറും മൂന്നു സിക്‌സുമടിച്ചു.