ജയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസ്ഹറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൂടിയാലോചനയിലൂടെ പരിഹരിക്കണമെന്ന് ചൈന; പ്രതികരിക്കാതെ ഇന്ത്യയും പാക്കിസ്ഥാനും

ബീജിംങ്: പഠാന്‍കോട്ട് ഭീകരാക്രമണക്കേസിന്റെ മുഖ്യ സൂത്രധാരനെന്ന് കരുതപ്പെടുന്ന ജയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസ്ഹറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇന്ത്യയും പാക്കിസ്ഥാനും നേരിട്ടുള്ള കൂടിയാലോചനയിലൂടെ പരിഹരിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. മസൂദ് അസ്ഹറിനെ യുഎന്‍ രാജ്യാന്തര ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ യുഎന്നില്‍ നടത്തിയ നീക്കങ്ങളെ ചൈന നേരത്തെ എതിര്‍ത്തിരുന്നു. മസൂദ് അസ്ഹറുമായി ബന്ധപ്പെട്ടുള്ള എല്ലാ ചര്‍ച്ചകളെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നതായും നേരിട്ടുള്ള ആശയവിനിമയത്തിലൂടെയും ഗൗരവമായ കൂടിയാലോചനങ്ങളിലൂടെയും വേണം പ്രശ്‌നം പരിഹരിക്കാനെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ പ്രതിനിധി അറിയിച്ചു.

ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ യുഎന്‍ രാജ്യാന്തര ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. ഭീകരസംഘടന എന്ന നിലയിലും ആഗോള ഭീകരസംഘടനയായ അല്‍ ഖായിദയുമായുള്ള ബന്ധത്തിന്റെ പേരിലും ജയ്‌ഷെ മുഹമ്മദിനെ 2001 ല്‍ തന്നെ യുഎന്‍ രക്ഷാസമിതി ഉപരോധപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് ജയ്‌ഷെ മുഹമ്മദ് തലവനെയും യുഎന്‍ രാജ്യാന്തര ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. എന്നാല്‍ ചൈന ഇതിനെ എതിര്‍ത്തു. അസ്ഹറിനെതിരെ നടപടിക്കു മതിയായ കാരണങ്ങളില്ലെന്നാണ് ഇത്തവണ ചൈന വ്യക്തമാക്കിയത്. എന്നാല്‍ എതിര്‍പ്പിനെതിരെ നയതന്ത്രതലത്തില്‍ ഇന്ത്യ നിലപാടറിയിച്ചപ്പോള്‍ എതിര്‍ക്കുകയല്ല, കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെടുകയാണു തങ്ങള്‍ ചെയ്തതെന്നു ചൈന വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.