കോഴിക്കോട്: ബിജുമേനോനെയും പാര്‍വതി നമ്പ്യാരെയും കേന്ദ്രകഥാ പാത്രങ്ങളാക്കി രഞ്ജിത് സംവിധാനം ചെയ്ത ‘ലീല’ യുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. ചില വെബ്സൈറ്റുകളിലും ഫെയ്സ്ബുക്ക് പേജുകളിലുമാണ് വ്യാജപതിപ്പുകള്‍ ഉള്ളത്.
ദിവസങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന്റെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് നിര്‍മ്മാതാവും സംവിധായകനുമായ രഞ്ജിത്ത് പറഞ്ഞു. ഇത് സംബന്ധിച്ച് പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും രഞ്ജിത്ത് ഫെയ്സ്ബുക്കില്‍ കുറിച്ചു. മലയാളത്തില്‍ ആദ്യമായി ഇന്റര്‍നെറ്റ് റിലീസിങ്ങിനൊരുങ്ങിയ ചിത്രം എന്ന പേരില്‍ ലീല ഏറെ ചര്‍ച്ചയായിരുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയുമായുള്ള ചില പ്രശ്നങ്ങള്‍ മൂലം തീയറ്ററുകള്‍ ലഭിക്കാതിരുന്നതാണ് ലീല ഇന്റര്‍നെറ്റിലൂടെ റിലീസ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. എന്നാല്‍ പിന്നീട് ചിത്രത്തിന് തീയറ്ററുകള്‍ ലഭിക്കുകയായിരുന്നു.