ഒമാന്‍: സലാലയില്‍ മലയാളി നഴ്സ് ചിക്കു റോബര്‍ട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അയല്‍വാസിയായ പാകിസ്ഥാന്‍ സ്വദേശി കുറ്റം സമ്മതിച്ചതായി വിവരം. പ്രതിയും ചിക്കുവിന്റെ കുടുംബവുമായി ഏതെങ്കിലും തരത്തില്‍ അടുപ്പമോ ബന്ധമോ ഉണ്ടോയെന്നറിയാനാണ് ഭര്‍ത്താവ് ലിന്‍സനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. 5 മാസം ഗര്‍ഭിണിയായിരുന്ന ചിക്കുവിന്റെ അടിവയറ്റിലും നെഞ്ചിലും മുതുകിലും മാരകമായ മുറിവുകള്‍ ഉണ്ടായിരുന്നു. മോഷണത്തിനു വേണ്ടിയുള്ള ആക്രമണമാണെങ്കില്‍ ഇത്രയും ക്രൂരത ഒരു സ്ത്രീയോട് ഉണ്ടാകില്ലെന്നാണ് പോലീസ് സംശയിക്കുന്നത്. ആകെ 7 മുറിവുകള്‍ ചിക്കുവിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നു. ഇരു ചെവികളും അറുത്ത് മാറ്റിയാണ് ആഭരണങ്ങള്‍ കവര്‍ന്നത്.
കൊലപാതകത്തിന് മോഷണത്തിനപ്പുറം കാരണങ്ങള്‍ ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് പ്രതിയുമായി ചിക്കുവിനോ ഭര്‍ത്താവിനോ ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടായിരുന്നോ എന്ന കാര്യം പൊലിസ് അന്വേഷിച്ചത്. മോഷണത്തിനായി നടത്തുന്ന കൊലപാതകത്തിനപ്പുറമുള്ള ക്രൂരത കൊല്ലപ്പെട്ട ചിക്കു റോബര്‍ട്ടിന്റെ മൃതദേഹത്തോട് പ്രതി കാണിച്ചിട്ടുണ്ടെന്നാണ് സംഭവത്തിന് പിന്നില്‍ മുന്‍ വൈരാഗ്യമുണ്ടായിരുന്നോ എന്ന സംശയത്തിലേക്ക് പോലീസിനെ എത്തിച്ചിരിക്കുന്നത്. മുന്‍വൈരാഗ്യമാണെങ്കില്‍ അത് ചിക്കുവിനോട് മാത്രമായിരുന്നു എന്നാണു പോലീസ് സംശയിക്കുന്നത്. കാരണം സംഭവദിവസം 6 മണി വരെ ലിന്‍സന്‍ ഫ്ലാറ്റിലുണ്ടായിരുന്നു. 7 മണിയോടെ മരണവും നടന്നുകഴിഞ്ഞതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. ആഴത്തിലുള്ള മുറിവുകളായിരുന്നു മരണകാരണം. അങ്ങനെയെങ്കില്‍ പ്രതി ഭര്‍ത്താവ് ലിന്‍സന്‍ പുറത്തേക്ക് പോകുന്നതുവരെ പരിസരം വീക്ഷിച്ചിരിക്കുകയായിരുന്നു എന്നാണു കരുതുന്നത്. ലിന്‍സന്‍ പോയി മിനിട്ടുകള്‍ക്കകം പ്രതി അകത്ത് കയറിയിരുന്നിരിക്കണം. പ്രതികള്‍ 3 പേരായിരുന്നു എന്ന സംശയം പോലീസിനുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിലും സ്ഥിരീകരണമായിട്ടില്ല. പ്രതിക്ക് ചിക്കുവിനോട് വൈരാഗ്യം തോന്നാനുള്ള കാരണം കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമേ വ്യക്തമാവുകയുള്ളു.