ഹാക്കര്‍മാര്‍ക്ക് പറ്റിയ അക്ഷരത്തെറ്റ് ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്കിന് നേടിക്കൊടുത്തത് 57,800 കോടി രൂപയുടെ ലാഭം; 20 ഹാക്കര്‍മാരാണ് കൊള്ളയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്

ധാക്ക: ഹാക്കര്‍മാര്‍ക്ക് പറ്റിയ അക്ഷരത്തെറ്റ് ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്കിനു നേടിക്കൊടുത്തത് 57,800 കോടി രൂപയുടെ ലാഭം. ഹാക്കര്‍മാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്റര്‍നെറ്റിലൂടെ ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്കിന്റെ 6,500 കോടി രൂപയോളം അടിച്ചുമാറ്റിയിരുന്നു. ഏറെ കഴിഞ്ഞാണു ലോകം ബാങ്ക്‌കൊള്ളയെക്കുറിച്ചറിഞ്ഞത്. പണം ശ്രീലങ്ക, ഫിലിപ്പൈന്‍സ് എന്നിവയടക്കമുള്ള രാജ്യങ്ങളിലേക്കു മാറ്റാനും ഹാക്കര്‍മാര്‍ക്കായി. ഉത്തരവാദിത്തം ഏറ്റെടുത്ത് ബാങ്ക് ഗവര്‍ണര്‍ അതിയുര്‍ റഹ്മാനു രാജിവയ്ക്കുകയും ചെയ്തു.
20 ഹാക്കര്‍മാരാണു കൊള്ളയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണു കണ്ടെത്തല്‍. ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്കിനു യു.എസിലെ ഫെഡറല്‍ ബാങ്ക് റിസര്‍വിലുള്ള അക്കൗണ്ടില്‍ നിന്നാണു പണം തട്ടിയത്. ഫയര്‍വാള്‍ കടന്നു ബാങ്കിന്റെ അക്കൗണ്ടില്‍ പ്രവേശിച്ച ഹാക്കര്‍മാര്‍ക്ക് ആദ്യഘട്ടത്തില്‍ 6,500 കോടി രൂപയാണു അടിച്ചുമാറ്റാന്‍ കഴിഞ്ഞത്. 57,800 കോടി രൂപ കൂടി തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് അക്ഷരപ്പിശക് പ്രശ്‌നമായത്. ഇതിനായി foundation എന്ന വാക്കാണു നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ഹാക്കര്‍മാര്‍ നല്‍കിയത് fandtionഎന്നായിപ്പോയി. ഇതോടെ ഹാക്കര്‍മാരുടെ ശ്രമം പാതിവഴിയില്‍ മുടങ്ങിയത്. ബംഗ്ലാദേശ് ബാങ്കിന് ഈ പിഴവ് ‘ലാഭമായി’. ബാങ്കിന്റെ കമ്പ്യൂട്ടറില്‍ ഫയര്‍വാള്‍ ഒരുക്കാത്തതാണു ഹാക്കര്‍മാര്‍ക്ക് തുണയായതെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.

© 2024 Live Kerala News. All Rights Reserved.