‘ലീല’ പൊളിറ്റിക്കലി കറക്ടല്ല; ആണാഭാസത്തരങ്ങള്‍ക്കൊരു ഡോക്യുഫിക്ഷന്‍ ട്രീറ്റ് മെന്റ്

എസ്. വിനേഷ് കുമാര്‍

 

സ്ത്രീപക്ഷ സിനിമയെന്ന് കൊട്ടിഘോഷിക്കപ്പെട്ട ലീല പ്രേക്ഷകരെ അതിവിദഗ്ധമായി കബളിപ്പിക്കുന്ന ചിത്രമാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഉണ്ണി ആറിന്റെ ചെറുകഥയില്‍ നിന്ന് എത്രയോ പിന്നിലേക്ക് പോയിരിക്കുന്നു രഞ്ജിത്തിന്റെ ലീല. ഒരു ചെറുകഥ ദൃശ്യവത്കരിക്കുന്നതിലുണ്ടായ പരിമിതിക്കപ്പുറം വൈകല്യത്തോടെയാണ് ലീല അഭ്രപാളിയിലെത്തിയത്. ആണ്‍കോയ്മയെ പൊളിച്ചടുക്കുന്ന ചിത്രമായി ഫീല്‍ചെയ്യുന്ന ഒന്നും ലീലയിലില്ലന്ന് തന്നെ പറയേണ്ടിവരും. ശക്തമായ ഒരു സ്ത്രീകഥാപാത്രംപോലുമില്ലാത്ത ചിത്രത്തില്‍ പുരുഷന്റെ ആഭാസത്തരങ്ങളെ പതിവ് ക്ലീഷേയില്‍ പൊതിഞ്ഞ് നീട്ടിയതിനപ്പുറം ചിത്രത്തിലെ പ്രധാന കഥാപാത്രമായ കുട്ടിയപ്പന്റെ ഭാഷയില്‍ പറഞ്ഞാല്‍ പൊളിറ്റിക്കലി കറക്ടറായില്ല. രഞ്ജിത് എന്ന മികച്ച സംവിധായകന്റെ മെയ്ക്കിംഗിലെ കയ്യടക്കമാണ് ചിത്രത്തെ കൂടുതല്‍ ബോറടിപ്പിക്കാതെ തിയറ്ററില്‍ ഇരുത്തുന്നത്. ആണാഭാസത്തരങ്ങളെ തുറന്നുകാട്ടാന്‍ ചിത്രം ശ്രമിക്കുന്നുണ്ടെന്നുള്ള വാദം പൂര്‍ണ്ണമായും ശരിയല്ല, പുരുഷന്റെ ലീലാവിലാസങ്ങളെ അസാധാരണമായി ന്യായീകരിക്കാനും ചിത്രം ശ്രമിക്കാതില്ല. ബിജുമോന്റെ കരിയറിയിലെ മികച്ച പെര്‍ഫോമന്‍സ് തന്നെയാണ് കുട്ടിയപ്പന്‍. ലീല ചെറുകഥ വായിച്ചവര്‍ക്കും സിനിമയുടെ പ്രമേയത്തെക്കുറിച്ച് അറിയാത്തവര്‍ക്കും ഒരുപോലെ ആകാംക്ഷയുണ്ടാക്കുന്നതാണ് ക്ലൈമാക്‌സ് എന്നതില്‍ തര്‍ക്കവുമില്ല. കഥ വായിച്ചവര്‍ക്കാവട്ടെ കുട്ടിയപ്പന്‍ ആനയുടെ തുമ്പിക്കയില്‍ ചാരി നിര്‍ത്തി ലീലയെ ഭോഗിക്കുന്ന കാഴ്ച്ചയിലേക്ക് പോകാനുള്ള വെമ്പലും, രണ്ടാമത്തെ വിഭാഗത്തിന് സിനിമയുടെ അവസാനം വയനാട്ടിലെത്തുമ്പോള്‍ എത്തുസംഭവിക്കുന്നെന്ന ആകാംക്ഷയും. ഭ്രാന്തും ഉന്‍മാദവും ലൈംഗികപരമായ അഡിക്ഷനും ഒത്തിണങ്ങിയ വ്യക്തിയാണ് കോട്ടയംകാരന്‍ കുട്ടിയപ്പന്‍. തികച്ചും വിചിത്രമായ രീതിയില്‍ സ്ത്രീകളെ ഭോഗിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ വൈവിധ്യമാര്‍ന്ന ലൈംഗിക താല്‍പര്യങ്ങള്‍ ഇറക്കിവെയ്ക്കാനുള്ള യാത്രയാണ് ചിത്രത്തിന്റെ ആകെത്തുക.

2

വിജയരാഘവന്റെ പിള്ളേച്ചനും ജഗദീഷിന്റെ തങ്കപ്പന്‍നായരും വേറിട്ടൊരു അഭിനയശേഷിയുടെ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ ഇന്ദ്രന്‍സിന്റെ ദാസപ്പാപ്പിയും ഇതുവരെയുള്ള കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്ഥമാകുന്നു. മദ്യപിച്ച് ലക്കുകെട്ട തങ്കപ്പന്‍ നായര്‍ മകളെ ക്രൂരമായി ബലാത്സംഘത്തിനിരയാക്കുമ്പോള്‍ നിലവിലെ സിനിമാരീതികളോടുള്ള പൊളിച്ചെഴുത്തുകൂടി ലീല നടത്തുന്നുണ്ടെന്ന് തന്നെ പറയാം. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളില്‍ രണ്ടാനച്ഛന്‍ ബലാത്സംഘം ചെയ്ത സോഫിയയെ ജീവിതസഖിയാക്കുന്ന സോളമന്‍ ആ കാലഘട്ടത്തെ ഞെട്ടിപ്പിച്ചിരുന്നെങ്കില്‍ മകളെ ബലാത്സംഘം ചെയ്യുന്ന പിതാവിനെ സമൂഹത്തിന് മുന്നില്‍ വലിച്ചുകീറിയൊട്ടിക്കുമ്പോള്‍ കയ്യടിക്കുകതന്നെ വേണം. ലീല ആയെത്തുന്ന പാര്‍വതി നമ്പ്യാര്‍ ഭാവങ്ങളിലൂടെയും മുഖത്ത് വിരിയുന്ന രസങ്ങളിലൂടെയുമാണ് പ്രേക്ഷകനോട് സംവദിക്കുന്നത്. ബലാത്സംഘത്തിനിരയാവുമ്പോള്‍ മാത്രം അച്ഛാ എന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന ലീല പിന്നീടെല്ലാംതന്നെ മുഖഭാവവും ശരീരഭാഷകൊണ്ടും ചിത്രത്തെ അവിസ്മരണീയമാക്കുന്നുമുണ്ട്. പൂര്‍വികരുണ്ടാക്കിയ സ്വത്ത് ധൂര്‍ത്തടിക്കുന്ന കുട്ടിയപ്പനെന്ന കോട്ടയംകാരന്‍ അച്ചായന്റെ അരാജകത്വങ്ങള്‍ക്ക് കൂട്ടുപിടിക്കുകയും വാലായി നടക്കുകയും ചെയ്യുന്ന പിള്ളേച്ചന്‍ ചിത്രത്തിന്റെ നിര്‍ണ്ണായക ഘടകമാവുകയും ചെയ്യുന്നുണ്ട്. കുറ്റിപ്പുറവും കടന്ന് വയനാട്ടിലേക്കുള്ള കുട്ടിയപ്പന്റെയും സംഘത്തിന്റെ യാത്രയും മലനാടിന്റെ പ്രകൃതി സൗന്ദര്യത്തെ ഒപ്പിയെടുത്ത ഛായാഗ്രഹകനായ പ്രശാന്ത് രവീന്ദ്രന്‍ കയ്യില്‍ ഭദ്രമായിരുന്നു. വയനാട് ചുരത്തിന്റെ ഹെലികോപ്റ്റര്‍ ഷോട്ടുകള്‍ ഏറെ മനോഹരമായിത്തന്നെ ചിത്രത്തില്‍ സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞു.

4

രഞ്ജിത്തിന്റെ പതിവ് തമ്പുരാന്‍ കള്‍ട്ട് ഫിഗര്‍ കുട്ടിയപ്പനില്‍ ദൃശ്യമാണ്. കോസ്റ്റിയൂസും ആണത്തരത്തിന്റെ ഉദ്‌ഘോഷവുമെല്ലാം പതിവ് രഞ്ജിത് ശൈലിതന്നെ. നായകന്റെ ഇടവിടാതെയുള്ള സംസാരവും. അഞ്ച് വര്‍ഷം മുമ്പുള്ള കഥ ഇപ്പോള്‍ പുതിയ കാലത്തിന്റെ മാറ്റത്തെയും പിന്തുടരുന്നുണ്ട്. അള്ളാ നാഥാ തുടങ്ങിയ നായകന്റെ വിളികള്‍ക്കൊപ്പം സോഷ്യല്‍മീഡിയ ആക്ടിവിസത്തിലെ പുതിയ അവതാരപുരുഷന്‍ ഡിങ്കനെയും ചിത്രത്തിലേക്ക് കൊണ്ടുവരുന്നുണ്ട്. നായര്‍ എന്ന സവര്‍ണ്ണബിംബത്തെ പതിവ്‌പോലെ അതിവിദഗ്ധമായി രഞ്ജിത്തും ഉണ്ണി ആറും സംരക്ഷിക്കുന്നുമുണ്ട്.

3

മകളെ ബലാത്സംഘം ചെയ്ത തങ്കപ്പന്‍ നായര്‍ ഒരു നായരാണോ? ഒറിജിനല്‍ ആയിരിക്കില്ല, യഥാര്‍ഥ നായര്‍ക്ക് അങ്ങനെ ചെയ്യാന്‍ കഴിയില്ലെന്നുമൊക്കെയുള്ള പിള്ളേച്ചന്‍ ഡയലോഗിലൂടെ ഇത് വ്യക്തം. പുരുഷന്റെ രതികാമനകളെല്ലാം ഇങ്ങനെയൊക്കെയാണെന്നും അതിന്റെ ന്യായീകരണവുമായി മാറുമ്പോള്‍ത്തന്നെ ക്ലൈമാക്‌സിലൂടെ പ്രേക്ഷകനെ ഞെട്ടിക്കാനും ചിത്രത്തിന് കഴിഞ്ഞു. ലൈംഗികതയുടെ വൈവിധ്യങ്ങളന്വേഷിച്ച് പോകുന്ന ആണത്ത നായകന്‍ ഒരു പെണ്ണിനെപ്പോലും നേരാംവണ്ണം ഭോഗിക്കുന്നില്ലെന്ന യാഥാര്‍ഥ്യവും അവശേഷിക്കുന്നുണ്ട്.  മികച്ചൊരു സൃഷ്ടി ദൃശ്യവത്കരിക്കുമ്പോഴത്തെ പരിമിതികള്‍ക്കിടയിലും അതിന്റെ രാഷ്ട്രീയം മറന്ന് തിയറ്ററില്‍ സീറ്റുറപ്പിക്കുകതന്നെ ചെയ്യാം.