ന്യൂഡല്‍ഹി: കോടികളുടെ ആസ്തിയുണ്ടെയിട്ടും വിജയ് മല്യക്ക് എംപിയെന്ന നിലയില്‍ ലഭിച്ചിരുന്ന ശമ്പളവും ആനുകൂല്യങ്ങളും കൃത്യമായി മല്യ കൈപറ്റിയിരുന്നെന്ന് വിവരാവകാശ രേഖ. വിവരാവകാശ പ്രവര്‍ത്തകനായ മുഹമ്മദ് ഖാലിദ് ജീലാനിക്ക് തന്റെ അപേക്ഷയിന്‍മേല്‍ രാജ്യസഭാ സെക്രട്ടേറിയറ്റ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുന്നത്. വിജയ്മല്യക്ക് എം.പിയെന്ന നിലയില്‍ 50,000 രൂപ വീതം മാസശമ്പളവും 20,000 രൂപ വീതം മണ്ഡല അലവന്‍സും 2010 സെപ്റ്റംബര്‍ വരെ കൈപ്പറ്റിയിരുന്നു. തുടര്‍ന്ന് അലവന്‍സ് 45,000 രൂപയാവുകയും ഓഫിസ് ചെലവ് ഇനത്തില്‍ 2010 സെപ്റ്റംബര്‍ വരെ 6000 രൂപ വരെയും പിന്നീട് 15,000 രൂപ വീതവും കൈപ്പറ്റിയിരുന്നു. സൗജന്യമായി അനുവദിക്കുന്ന 50,000 ലോക്കല്‍ കാളുകള്‍ക്കു ശേഷം ഉപയോഗിച്ചതിന് 1.73 ലക്ഷം രൂപയും മല്യ കൈപറ്റിയിട്ടുണ്ട്. നിലവില്‍ രാജ്യസഭാംഗമായ മല്യയുടെ കാലാവധി ജൂലൈയിലാണ് അവസാനിക്കുന്നത്.