ന്യൂയോര്‍ക്ക്: ടൈം മാസികയുടെ കരുത്തരുടെ വാര്‍ഷിക പട്ടികയില്‍ നരേന്ദ്ര മോദി ഇല്ല. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍,നടി പ്രിയങ്ക ചോപ്ര, ടെന്നിസ് താരം സാനിയ മിര്‍സ, ഫ്‌ലിപ്കാര്‍ട്ട് സ്ഥാപകാരയ ബിന്നി ബന്‍സല്‍, സച്ചിന്‍ ബന്‍സല്‍, പരിസ്ഥിതി പ്രവര്‍ത്തക സുനിത നരെയ്ന്‍ എന്നിവര്‍ ഇടംപിടിച്ചു. ആറ് വ്യത്യസ്ത കവര്‍ പേജുകളിലായി ഇറങ്ങിയ മാസികയുടെ ഒരു കവര്‍ പേജ് പ്രിയങ്ക ചോപ്രയാണ്. കഴിഞ്ഞവര്‍ഷത്തെ പട്ടികയിലുള്‍പ്പെട്ടിരുന്ന നരേന്ദ്ര മോദി ഇത്തവണയും പ്രാഥമിക പരിഗണനയിലുണ്ടായിരുന്നെങ്കിലും നൂറില്‍ ഇടംപിടിച്ചില്ല. ഇന്ത്യന്‍ വംശജരായ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ച, ഹാസ്യനടന്‍ അസീസ് അന്‍സാരി, ആരോഗ്യപ്രവര്‍ത്തകന്‍ രാജ് പഞ്ചാബി എന്നിവരും പട്ടികയിലുണ്ട്.
ഫ്രാന്‍സിസ് മാര്‍പാപ്പ, യുഎസ് പ്രസിഡന്റ് ബരാക് ഒബാമ, റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഓലോന്‍ദ്, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വത്തിനായി രംഗത്തുള്ള ഹിലറി ക്ലിന്റന്‍, ടെഡ് ക്രൂസ്, മ്യാന്‍മാര്‍ നേതാവ് ഓങ് സാന്‍ സൂ ചി, ഫെയ്‌സ്ബുക് ഉടമകളായ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഭാര്യ പ്രിസില്ല, ഐഎംഎഫ് മേധാവി ക്രിസ്റ്റീന്‍ ലെഗാര്‍ദെ, നടന്‍ ലിയനാര്‍ഡോ ഡി കാപ്രിയോ എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റു പ്രമുഖര്‍.