ഒബാമയ്ക്ക് സൗദി അറേബ്യയില്‍ തണുപ്പന്‍ സ്വീകരണം; സല്‍മാന്‍ രാജാവ് എത്താതിരുന്നത് അമേരിക്കന്‍ സെനറ്റിനെതിരെ പ്രതിഷേധിച്ച്

റിയാദ്: ജിസിസി ഉച്ചകോടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ സൗദി അറേബ്യയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് ലഭിച്ചത് തണുപ്പന്‍ സ്വീകരണം. അമേരിക്കന്‍ സെനറ്റിനെതിരെയുള്ള സൗദി അറേബ്യയുടെ പ്രതിഷേധം മൂലമെന്ന് സല്‍മാന്‍ രാജാവ് ഒബാമയെ സ്വീകരിക്കാന്‍ എത്താതിരുന്നതെന്ന് സൂചന. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ സൗദി അറേബ്യയിലെ ഭരണ രംഗത്തെ പ്രമുഖര്‍ക്ക് പങ്കുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ പുറത്തു വിടണമെന്നും സൗദി അറേബ്യയെ പ്രതിചേര്‍ക്കണമെന്നും അമേരിക്കന്‍ സെനറ്റില്‍ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം ശ്രമങ്ങളുണ്ടായാല്‍ അമേരിക്കയിലുള്ള 750 ബില്യണ്‍ ഡോളറിന്റെ ആസ്തി വിറ്റൊഴിവാക്കുമെന്ന് സൗദി മുന്നറിയിപ്പ് നല്‍കി. സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജബൈര്‍ വിഷയം ഔദ്യോഗികമായി വാഷിങ്ടണിനെ അറിയിക്കുകയും ചെയ്തിരുന്നു.

സെപ്തംബര്‍ 11ലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം സൗദിക്കാണെന്ന് കുറ്റപ്പെടുത്തുന്ന തരത്തിലുള്ള ചര്‍ച്ച അമേരിക്കന്‍ സെനറ്റില്‍ നടന്ന പശ്ചാത്തലത്തിലാണ് സൗദി ശക്തമായ നിലപാട് സ്വീകരിച്ചത്. സൗദി അറേബ്യയെ പ്രതിചേര്‍ത്ത് കുറ്റവിചാരണ ചെയ്യാനുള്ള ശ്രമത്തെ എന്തു വില കൊടുത്തും എതിര്‍ക്കുമെന്ന സൂചനയാണ് സൗദി തലസ്ഥാനത്തെത്തിയ ഒബാമയ്ക്ക് ലഭിച്ച തണുപ്പന്‍ സ്വീകരണത്തിന് പിന്നില്‍. അമേരിക്കന്‍ സെനറ്റിനെ പിന്തുണച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ബേണി സാന്റേഴ്‌സും എതിര്‍ സ്ഥാനാര്‍ത്ഥികളായ ഡൊണാള്‍ഡ് ട്രംപും ഹിലാരി ക്ലിന്റണും രംഗത്തെത്തിയെങ്കിലും സൗദി അനുകൂല നിലപാടിലാണ് ബരാക് ഒബാമ.

ജിസിസി ഉച്ചകോടിയ്ക്കിടെ സല്‍മാന്‍ രാജാവ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തുന്ന ഒബാമ സൗദിയ്ക്ക് അനുകൂലമായ തന്റെ നിലപാട് അറിയിച്ചേക്കും . വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ സൗദി അറേബ്യയെ കുറ്റവിചാരണ ചെയ്യാനുള്ള നീക്കത്തിലുള്ള പ്രതിഷേധം മറ്റ് ഗള്‍ഫ് രാഷ്ട്ര തലവന്‍മാരും ഒബാമയെ അറിയിച്ചേക്കും. അംഗരാജ്യങ്ങളുടെ തലവന്‍മാരെ സ്വീകരിക്കാന്‍ കൃത്യമായി വിമാനത്താവളത്തിലെത്തിയ സല്‍മാന്‍ രാജാവ് ഒബാമയെ സ്വീകരിക്കാന്‍ എത്താതിരുന്നത് ശരിയായില്ലെന്ന നിലപാടിലാണ് ലോക രാജ്യങ്ങള്‍.

© 2024 Live Kerala News. All Rights Reserved.