ചെന്നൈ: തമിഴകത്ത് നടികര്‍സംഘം സംഘടിപ്പിച്ച സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് അജിത്ത് വിട്ടുനിന്നത് വിവാദത്തിലേക്ക്. അജിത്ത് വരാതിരുന്നത് നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയും നടനുമായ വിശാലിനെ ചൊടിപ്പിച്ചു.ചടങ്ങിനൊപ്പം സംഘടിപ്പിച്ച പാര്‍ട്ടിയില്‍ അജിത്തിന്റെ എന്നൈഅറിന്താലിലെ ഗാനത്തിനൊപ്പം ഡാന്‍സ് ചെയ്യാനുള്ള താരങ്ങളുടെ നീക്കം വിശാല്‍ ഇടപെട്ട് തടഞ്ഞു. രജനീകാന്തും കമല്‍ഹാസനും ഉള്‍പ്പടെയുള്ള താരനിര അണിനിരന്ന സെലിബ്രിറ്റി ക്രിക്കറ്റ് ചടങ്ങില്‍ വിജയും അജിത്തും എത്തിയിരുന്നില്ല. വിജയ് എത്തില്ലെന്ന് മുമ്പേ അറിയിച്ചിരുന്നു. ഇതാണ് വിശാലിന്റെ പ്രതിഷേധത്തിന് കാരണമായത്. ഡിജെ പാര്‍ട്ടി വിലക്കുകയും അജിത്തിന്റെ ഗാനം ഓഫ് ചെയ്യുകയും ചെയ്ത വിശാലിനെതിരെ ചില താരങ്ങള്‍ പരസ്യമായി പ്രതിഷേധിച്ചതായാണ് വിവരം. അജിത്ത് ആരാധകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വിശാലിന്റെ നേതൃത്വത്തിലുള്ള പാനല്‍, നടികര്‍ സംഘം തെരഞ്ഞെടുപ്പില്‍ മുമ്പോട്ട് വച്ച വാഗ്ദാനം താരസംഘടനയ്ക്ക് സ്വന്തമായി കെട്ടിടം പണിയുക എന്നതായിരുന്നു. എന്നാല്‍ കെട്ടിടം പണിയാന്‍ പൊതുജനങ്ങളില്‍ നിന്ന് പണം ശേഖരിക്കാനുള്ള തീരുമാനത്തെ അജിത്ത് എതിര്‍ത്തു. ചടങ്ങിനായി അജിത്തിനെ ക്ഷണിക്കാന്‍ ചെന്നപ്പോള്‍ ഇക്കാരം ചര്‍ച്ചയായതായാണ് സൂചന. താരങ്ങള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്ത് കെട്ടിടം നിര്‍മ്മിക്കുകയാണ് വേണ്ടതെന്ന് അജിത്ത് കര്‍ശന നിര്‍ദേശം വച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതേച്ചൊല്ലിയുള്ള തര്‍ക്കമാണ് അജിത് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമായതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.