ബെയ്ജിങ്: വിദേശികളായ പുരുഷന്‍മാരുമായി പ്രണയത്തിലാവുകയും വിവാഹ ബന്ധം സ്ഥാപിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകള്‍ക്ക് ചൈനീസ് സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദ്ദേശം. സര്‍ക്കാരിന്റെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ചാരന്‍മാരാകാം ഇത്തരത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകളുമായി പ്രണയം നടിക്കുന്നതെന്നാണ് ചൈനീസ് സര്‍ക്കാരിന്റെ കണ്ടെത്തല്‍. ദേശീയ സുരക്ഷാ വിദ്യാഭ്യാസ ദിനത്തില്‍ ഇറക്കിയ ‘പോസ്റ്ററിലാണ് ഡേഞ്ചറസ് ലൗ’ എന്ന തലക്കെട്ടോടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഒരു കഥയിലൂടെയാണ് ജാഗ്രതാ നിര്‍ദേശം വിവരിക്കുന്നത്. സിയാവോ ലി എന്നൊരു യുവ സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ കഥയാണ് പറയുന്നത്. അത്താഴ വിരുന്നിനിടെ കണ്ടുമുട്ടിയ സുന്ദരനായ വിദേശിയുമായി സിയാവോ പ്രണയത്തിലായി. ഡേവിഡ് എന്നായിരുന്നു അയാള്‍ സ്വയം പരിചയപ്പെടുത്തിയത്. ഗവേഷണത്തിനായാണ് ചൈനയിലെത്തിയതെന്ന് സിയാവോയെ പറഞ്ഞു വിശ്വസിപ്പിച്ചു. എന്നാല്‍ ഇയാള്‍ യഥാര്‍ഥത്തില്‍ വിദേശ ചാരനായിരുന്നു. സിയാവോയെ സമ്മാനങ്ങള്‍ നല്‍കിയും പ്രണയം നടിച്ചും വശത്താക്കിയ ഇയാള്‍, സര്‍ക്കാരിന്റെ നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ഫയല്‍ ചോര്‍ത്തിയെടുത്തു. ഒടുവില്‍ ഇരുവരും പൊലീസ് പിടിയിലാകുകയും ചെയ്തു. ചൈനയിലെ സര്‍ക്കാര്‍ ഓഫീസുകളിലെ അറിയിപ്പ് ബോര്‍ഡുകളില്‍ ഈ വിവരണം അടങ്ങിയ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.