റോം: അഭയാര്‍ത്ഥികളുമായി പുറപ്പെട്ട ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി 500 ഓളം പേര്‍ മരിച്ചതായി ബിബിസി റിപ്പോര്‍ട്ട ചെയ്തു്. രക്ഷപ്പെട്ട 41 പേര്‍ തീരത്തെത്തി.. ഇവരാണ് ദുരന്ത വിവരം പുറംലോകത്തെ അറിയിച്ചത്. ലിബിയയിലെ ടോബര്‍കില്‍ നിന്നും ഇറ്റലിയിലേക്കു കടക്കാന്‍ ശ്രമിച്ച സംഘമാണ് അര്‍ദ്ധരാത്രിയില്‍ ദുരന്തത്തില്‍പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. ഇവരില്‍ എന്ത്യോപ്യ, സൊമാലിയ, സുഡാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. രക്ഷപ്പെട്ടവര്‍ ദക്ഷിണ ഗ്രീക്ക് നഗരമായ കലമതയിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ബോട്ടില്‍ 540 ഓളം പേര്‍ ഉണ്ടായിരുന്നതായും വളരെ കുറച്ച് പേര്‍ക്കു മാത്രമാണ് രക്ഷപ്പെടാന്‍ കഴിഞ്ഞതെന്നും ഒരു സൊമാലി അഭയാര്‍ത്ഥി പറഞ്ഞു. മെഡിറ്ററേനിയനില്‍ എത്തിയ അഭയാര്‍ത്ഥികളെ മറ്റൊരു വലിയ ബോട്ടിലേക്ക് മാറ്റുന്നതിനിടയായിരുന്നു അപകടം. ലിബിയയില്‍ നിന്നും ലാമ്പഡുസയിലേക്കുള്ള യാത്രയ്ക്കിടയില്‍ ബോട്ടുമുങ്ങി 800 പേര്‍ മരിച്ച ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തിലാണ് സമാനമായ ദുരന്തം ആവര്‍ത്തിച്ചത്.