മംമ്ത പാടുന്നു; രമ്യാകൃഷ്ണന്‍ ആടുന്നു; ആടുംപുലിയാട്ടത്തിലെ ഗാനത്തിന്റെ സംഗീതം രതീഷ് വേഗ

കൊച്ചി: ഡാഡി മമ്മീ വീട്ടിലില്ലാ എന്ന മംമ്ത ആലപിച്ച തമിഴ് ഗാനം മലയാളികളും നെഞ്ചേറ്റിയിയിരുന്നു. അതത്ര പെട്ടെന്ന് ആരും മറന്നതുമില്ല. ഇതാ മംമ്ത മോഹന്‍ദാസ് വീണ്ടും പാടുന്നു. മംമ്തയുടെ പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന തെന്നിന്ത്യന്‍ താരസുന്ദരി രമ്യാകൃഷ്ണനും. ആടു പുലിയാട്ടമെന്ന ജയറാം ചിത്രത്തിലെ രൗദ്രതാളമുള്ള ഈ ഗാനം ഉത്സവകാലങ്ങളില്‍ ഏറ്റവുമധികം കേള്‍ക്കാനിടയുള്ള പാട്ടുകളിലൊന്നായേക്കാം. മാരിയമ്മനെ വിളിച്ച് പാടുന്ന പാട്ടിന് അത്രയേറെ ഊര്‍ജ്ജമുണ്ട്. വ്യത്യസ്ത സ്വരക്കൂട്ടിലാണ് മംമ്ത മോഹന്‍ദാസും രതീഷ് വേഗയും ഈ പാട്ട് ആലപിച്ചിരിക്കുന്നത്. വാലിട്ട് കണ്ണെഴുതി വലിയ ചെഞ്ചുവപ്പന്‍ പൊട്ടണിഞ്ഞ് തിളങ്ങുന്ന കല്ലുമാല ചാര്‍ത്തി പട്ടു ചേലചുറ്റി മുടിയഴിച്ചിട്ട് ജമന്തി പൂക്കള്‍ വാരിവിതറി ആടിത്തിമര്‍ക്കുന്ന രമ്യാ കൃഷ്ണന്‍ പാട്ടിന് ദൃശ്യഭംഗിയേകുന്നു. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുപുലിയാട്ടം. അറുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു മിത്തിനെയാണ് സിനിമ കൈകാര്യം ചെയ്യുന്നത്. രമ്യാ കൃഷ്ണന്‍, ഓംപുരി, ജയറാം എന്നിവരടങ്ങിയ വന്‍ താരനിരയുണ്ട് ചിത്രത്തിന്. തമിഴ് മാതൃകയിലാണ് ഇതിലെയും പാട്ടുകള്‍ ദൃശ്യവത്കരിച്ചിരിക്കുന്നത്.