ഡോ. പ്രസാദ്
എന്തിനു ഭക്ഷണം കഴിക്കണം ? എങ്ങനെ കഴിക്കണം ? എത്ര കഴിക്കണം? വര്‍ഷങ്ങളായി ഭക്ഷണം കഴിക്കുന്ന നമ്മളോരോരുത്തരും സ്വയം ചോദിച്ചാല്‍, ഇതിനുത്തരമുണ്ടാവില്ല. ചെറുപ്പത്തില്‍ അമ്മ കഴിപ്പിച്ചു ശീലിച്ചതു ഇന്നും തുടരുന്നു. വളര്‍ച്ചയുടെ പ്രായത്തില്‍ എന്തു കഴിച്ചാലും തടിയില്‍ പിടിക്കില്ല. അതു മുഴുവന്‍ ഊര്‍ജ്ജമായി മാറിക്കോളും. പക്ഷെ ഒരു പ്രായം കഴിഞ്ഞാല്‍ ഇതെല്ലാം കുറയ്ക്കണമെന്ന് ആരും പറഞ്ഞു തന്നിട്ടുമില്ല, അതുകൊണ്ടൊട്ടു ചെയ്യാറുമില്ല.കളികളെല്ലാം നിന്നുപോയി, ഓട്ടം, ചാട്ടം, മരകേറ്റം ഒന്നുമില്ല. അമ്മ പറയുന്നത് അനുസരിക്കുന്ന പ്രായവും കഴിഞ്ഞു. പക്ഷെ തീറ്റ കൂടിയതല്ലാതെ ഒരു കുറവുമില്ല. എന്തുപറ്റി. 20-30ഉം വയസ്സില്‍ 60-70 വയസ്സിന്റെ അവസ്ഥ, പ്രഷര്‍, ഷുഗര്‍, കൊളസ്റ്ററോള്‍, അറ്റാക്ക്, ലൈംഗികശേഷിക്കുറവ്, ലൈംഗികവിരക്തി, കുട്ടികളില്ലായ്മ തുടങ്ങി ഒരുവിധപ്പെട്ട ജീവിതശൈലീ പ്രശ്‌നങ്ങള്‍ (രോഗങ്ങളെല്ല) ചെറുപ്രായത്തിലേ വരാന്‍ തുടങ്ങി.
അമ്മമാരാണ് ഈ സമൂഹത്തെ ഇങ്ങനെ നശിപ്പിക്കുന്നതെന്നു പറഞ്ഞാല്‍ സ്ത്രീകള്‍ക്ക് എന്നോടു ദേഷ്യമാകും. പക്ഷെ മക്കളോടുള്ള സ്‌നേഹം മൂത്ത് രാവിലെ മുതല്‍ പോയി ഭക്ഷണം കഴിക്കെടാ, ട്യൂഷനു പോടാ, ക്ലാസ്സില്‍ പോടാ, ഹോംവര്‍ക്ക് ചെയ്യടാ എ പ്ലസ്, എ പ്ലസ് എന്നു പറഞ്ഞുകൊണ്ടേയിരിക്കുന്ന ഓരോ അമ്മമാരും ചില അച്ഛന്‍മാരും (പല അച്ഛന്‍മാര്‍ക്കും ഇക്കാര്യത്തില്‍ ഒരു ഉത്തരവാദിത്വവുമുണ്ടാവാറില്ല), ചെറുപ്പത്തിലേ മക്കളെ പ്രശ്‌നങ്ങളിലേക്ക് തള്ളിവിടുകയാണെന്ന് ചിന്തിക്കാറേയില്ല. വിഷലിപ്തമായ അമിത ഭക്ഷണമാണ് ഇന്നത്തെ ഏറ്റവും വലിയ സാമൂഹിക പ്രശ്‌നം. വ്യായായമമില്ലായ്മ കൂടി ചേരുമ്പോള്‍ എല്ലാം തികഞ്ഞു. ആദ്യം ഭക്ഷണത്തെ വിലയിരുത്താം. എങ്ങനെ ഭക്ഷണം കഴിക്കണം, എത്ര കഴിക്കണം നമ്മുടെ ശരീരത്തിനും ജീവിതശൈലിക്കും പറ്റിയ ഏറ്റവും നല്ല ഭക്ഷണരീതി എങ്ങനെയാണ് ?.